സിഡ്‌നി: ലോകമെമ്പാടുമുള്ള ആരാധകര്‍ കാത്തിരുന്ന ടീം ഇന്ത്യ ഒടുവില്‍ തിരിച്ചുവന്നിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഒമ്പതു വിക്കറ്റിന്റെ ഗംഭീര വിജയവുമായാണ് ഇന്ത്യ ഉയിര്‍ത്തെഴുന്നേറ്റത്. ഇതോടെ സമ്പൂര്‍ണ തോല്‍വിയെന്ന നാണക്കേടില്‍ നിന്നും രക്ഷപ്പെട്ട ഇന്ത്യ 1-2നു പരമ്പരയും അവസാനിപ്പിച്ചിരിക്കുകയാണ്.
ആദ്യത്തെ രണ്ടു കളിയിലും മിസ് ചെയ്ത യഥാര്‍ഥ ടീം ഇന്ത്യയെയാണ് സിഡ്‌നിയില്‍ ആരാധകര്‍ കണ്ടത്. ടോസ് ഭാഗ്യം ഒരിക്കല്‍ക്കൂടി കൈവിട്ടു പോയെങ്കിലും ബൗളിങിലും ബാറ്റിങിലും ഓസീസിനു മേല്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചാണ് ഇന്ത്യ ആധികാരികമായി ജയിച്ചുകയറിയത്.

ഓസീസ് നല്‍കിയ 237 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യക്കു കളിയുടെ ഒരു ഘട്ടത്തിലും വെല്ലുവിളിയായില്ല. രോഹിത് ശര്‍മയുടെ (121*) ഇടിവെട്ട് സെഞ്ചറിയും വിരാട് കോലിയുടെ (74*) ഫിഫ്റ്റിയും വെറും 38.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഓസീസിനെ ഇന്ത്യ വാരിക്കളഞ്ഞു.
അപരാജിതമായ രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടകെട്ടുണ്ടാക്കിയപ്പോള്‍ തന്നെ ഇന്ത്യ വിജയമുറപ്പിച്ചു കഴിഞ്ഞിരുന്നു. 169 ബോളില്‍ 168 റണ്‍സാണ് രോക്കോ വാരിക്കൂട്ടിയത്. ഓസീസില്‍ നിന്നു കളി തട്ടിയെടുത്തതും ഈ ജോടിയാണ്. 125 ബോളില്‍ 13 ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്. കോലിയാവട്ടെ 81 ബോളില്‍ ഏഴു ഫോറുകളുമടിച്ചു. നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ (24) വിക്കറ്റ് മാത്രമ ഇന്ത്യക്കു നഷ്ടമായുള്ളൂ.
കംഗാരുകള്‍ക്കു മൂക്കുകയറിട്ടു
ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും റണ്‍ചേസില്‍ ഇന്ത്യയെ നിഷ്പ്രഭരാക്കിയ ഓസ്‌ട്രേലിയ ഇത്തവണ ടോസ് ലഭിച്ചിട്ടും ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പക്ഷെ ഓസീസ് നായകന്‍ മിച്ചെല്‍ മാര്‍ഷിന്റെ കണക്കൂകൂട്ടല്‍ പാളി. മികച്ച ബൗളിങിലൂടെ കംഗാരുപ്പടയെ ഇന്ത്യ എറിഞ്ഞൊതുക്കി. 50 ഓവറില്‍ അവരെ ക്രീസില്‍ നില്‍ക്കാന്‍ പോലും അനുവദിച്ചില്ല.
46.4 ഓവറില്‍ 236 റണ്‍സുമായി ഓസീസ കൂടാരംകയറുകയായിരുന്നു. മാറ്റ് റെന്‍ഷോയുടെ (56) ഇന്നിങ്്‌സാണ് ഓസീസിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 58 ബോളുകള്‍ നേരിട്ട താരം രണ്ടു ഫോറുകള്‍ മാത്രമേ നേടിയുള്ളൂ. ക്യാപ്റ്റന്‍ മിച്ചെല്‍ മാര്‍ഷ് (41), മാത്യു ഷോര്‍ട്ട് (30), ട്രാവിസ് ഹെഡ് (29) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.
ഇന്ത്യന്‍ ബൗളിങിലെ സര്‍പ്രൈസ് ഹീറോയായി മാറിയത് പേസര്‍ ഹര്‍ഷിത് റാണയാണ്. 8.4 ഓവറില്‍ 39 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ അദ്ദേഹം പോക്കറ്റിലാക്കി. വാഷിങ്ടണ്‍ സുന്ദര്‍ രണ്ടു വിക്കറ്റുകളും നേടി.
ഓപ്പണിങ് വിക്കറ്റില്‍ മാര്‍ഷ്-ഹെഡ് ജോടി 56 ബോളില്‍ 61 റണ്‍സ് നേടിയിരുന്നു. ഓസീസ് ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടും ഇതു തന്നെയാണ് ഹെഡിനെ മുഹമ്മദ് സിറാജ് പുറത്താക്കിയ ശേഷം അവര്‍ക്കു കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി കൊണ്ടിരുന്നു.

മധ്യ ഓവറുകളില്‍ രണ്ടു എന്‍ഡുകളിലും സ്പിന്നര്‍മാര്‍ വന്നതോടെ ഓസീസ് സ്‌കോറിങിനു വേഗത കുറഞ്ഞു. ഇതിനിടെ വിക്കറ്റുകളും വീണു കൊണ്ടിരുന്നു. തുടര്‍ച്ചയായി 18ാം തവണയും ഇന്ത്യ ടോസ് കൈവിട്ട കളിയില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മിച്ചെല്‍ മാര്‍ഷ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ കളിയിലെ ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്.
നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കു പകരം കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവരെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു. മറുഭാഗത്ത് ഓസിസാവട്ടെ ഒരു മാറ്റവും വരുത്തി. സേവ്യര്‍ ബാര്‍ലെറ്റിനു നതാന്‍ എല്ലിസിനെ പ്ലെയിങ് ഇലവനിനുള്‍പ്പെടുത്തി.
മഴ വില്ലനായ ആദ്യ കളിയില്‍ ഡിഎല്‍എസ് നിയമപ്രകാരം ഏഴു വിക്കറ്റിനാണ് കംഗാരുപ്പട ഇന്ത്യയെ കെട്ടുകെട്ടിച്ചത്. ബാറ്റിങിലും ബൗളിങിലും ഇന്ത്യ ഒരുപോലെ നിഷ്പ്രഭരയി മാറിയ മല്‍സരം കൂടിയാണിത്. അതിനു ശേഷം അഡ്‌ലെയ്ഡ് ഓവലിലെ രണ്ടാമത്ത കളിയിലും ഇന്ത്യക്കു കാലിടറി. രണ്ടു വിക്കറ്റിന്റെ ആവേശകരമായ ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്.
ആദ്യ മല്‍സരത്തെ അപേക്ഷിച്ച് കുറേക്കൂടി മെച്ചപ്പെട്ട ഇന്ത്യയെയാണ് ഈ കളിയില്‍ കണ്ടത്. രോഹിത് ശര്‍മയും ശ്രേയസ് അയ്യരും ഫിഫ്റ്റികളുമായി ഫോമിലേക്കു മടങ്ങിയെത്തിയതു ഇന്ത്യക്കു സന്തോഷിക്കാന്‍ വക നല്‍കി. പക്ഷെ ഫീല്‍ഡിങിലെ ചില പിഴവുകളും ക്യാപ്റ്റന്‍സിയിലെ പാളിച്ചതളും കാരണം ഈ മല്‍സരത്തില്‍ വിജയം കൊയ്യാന്‍ ഇന്ത്യക്കു കഴിഞ്ഞില്ല.
പ്ലെയിങ് 11
ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയ-ട്രാവിസ് ഹെഡ്, മിച്ചെല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), മാറ്റ് ഷോര്‍ട്ട്, മാറ്റ് റെന്‍ഷാ, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കോണ്‍ലി, മിച്ച് ഓവന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ എല്ലിസ്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്.