IND vs AUS: 'അതൊരു ചാമ്പ്യന്റെ അടയാളമാണ്'- ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യയും ഓസ്‌ട്രേലിയയും 1-1 എന്ന നിലയിലാണ്. ഇന്ത്യന്‍ ബൗളിങ് നിരയുടെ പ്രകടനമാണ് എടുത്തുപറയേണ്ടത്. സ്പിന്‍ നിരയും പേസ് നിരയും ഒരുപോലെ മികവ് കാട്ടുന്നതാണ് കംഗാരുക്കളെ പിടിച്ചുകെട്ടാന്‍ സഹായിച്ചത്. ഇപ്പോഴിതാ ഇന്ത്യയുടെ സ്റ്റാര്‍ പേസറെ വാനോളം പ്രശംസിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.
ജസ്പ്രീത് ബൂംറ ചാമ്പ്യന്‍ ബൗളറാണെന്നാണ് സച്ചിന്‍ അഭിപ്രായപ്പെട്ടത്. 'ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ബൂംറയാണ് നായകന്‍. സഹതാരങ്ങള്‍ തളരുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടുന്നു. തന്നെത്താനെ ഉയര്‍ന്നുവരാന്‍ അവന്‍ കഠിനമായി ശ്രമിക്കുന്നു. അതൊരു ചാമ്പ്യന്‍ ബൗളറുടെ അടയാളമാണ്' -സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ ബൂംറയ്ക്ക് സാധിക്കുന്നുണ്ട്.
മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ 56 റണ്‍സിന് നാല് വിക്കറ്റാണ് ബൂംറ വീഴ്ത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ സ്റ്റീവ് സ്മിത്തിന്റെയടക്കം രണ്ട് വിക്കറ്റും ബൂംറ വീഴ്ത്തി. രണ്ട് ഇന്നിങ്‌സില്‍ നിന്ന് അഞ്ച് വിക്കറ്റുമായി മുഹമ്മദ് സിറാജും ബൂംറയ്ക്ക് മികച്ച പിന്തുണ നല്‍കി.

മുഹമ്മദ് സിറാജിന്റെ പ്രകടനത്തെയും സച്ചിന്‍ പ്രശംസിച്ചു. 'സിറാജ് ബൗള്‍ ചെയ്ത് മികവുകാട്ടിയതിനെയും മറക്കരുത്. അരങ്ങേറ്റ ടെസ്റ്റിലാണ് അവന്റെ മികച്ച പ്രകടനം. ആദ്യ ഓവറില്‍ത്തന്നെ തന്റെ മികവ് അവന്‍ കാട്ടിയിരുന്നു. ഒരിക്കലും ആദ്യ ടെസ്റ്റ് കളിക്കുന്ന താരത്തെപ്പോലെയായിരുന്നില്ല അവന്‍. പദ്ധതിയെ മികച്ച രീതിയില്‍ അവന്‍ നടപ്പിലാക്കി. ശുബ്മാന്‍ ഗില്ലും അരങ്ങേറ്റത്തിലെ പദ്ധതികള്‍ കളത്തില്‍ നടപ്പിലാക്കുന്നതില്‍ വിജയിച്ചു'-സച്ചിന്‍ പറഞ്ഞു.
അജിന്‍ക്യ രഹാനെ നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും മികച്ച നിലവാരം കാട്ടി. മോശം പന്തിനെ ലഭിച്ചാല്‍ അതിനെ മുതലാക്കാന്‍ രഹാനെ മറക്കില്ല. വളരെ ക്ഷമയോടെ കാത്തിരുന്ന് കളിച്ച മനോഹര ഇന്നിങ്‌സാണത്. ജഡേജയുടെ ബാറ്റിങ്ങും മികച്ചതായിരുന്നു. റിഷഭ് പന്ത്,ജഡേജ,അശ്വിന്‍ എന്നിവരുടെ സാന്നിധ്യം ടീമിന് കൂടുതല്‍ സംതുലിതാവസ്ഥ നല്‍കുന്നുവെന്നും സച്ചിന്‍ പറഞ്ഞു.
മൂന്നാം മത്സരം സിഡ്‌നിയിലാണ് നടക്കുന്നത്. പരമ്പരയില്‍ തുല്യത പുലര്‍ത്തുന്നതിനാല്‍ സിഡ്‌നിയില്‍ ഇരു കൂട്ടര്‍ക്കും ജയം അനിവാര്യമാണ്. ഇന്ത്യയെ സംബന്ധിച്ച് മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാവുന്ന മൈതാനമാണത്. എന്നാല്‍ വിജയങ്ങളുടെ കണക്ക് അത്ര മികച്ചതല്ല. രോഹിത് ശര്‍മ മൂന്നാം മത്സരത്തില്‍ കളിക്കുമെന്നാണ് വിവരം. കെ എല്‍ രാഹുലിന് അവസരം ലഭിക്കാന്‍ സാധ്യതയില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications