മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രദ്ധേയ ബൗളിങ് പ്രകടനമാണ് ആര്‍ അശ്വിന്‍ പുറത്തെടുത്തത്. ഓസീസ് സ്പിന്നര്‍ നഥാന്‍ ലയണ്‍ നിരാശപ്പെടുത്തിയ മൈതാനത്താണ് രണ്ട് ഇന്നിങ്‌സില്‍ നിന്ന് അഞ്ച് വിക്കറ്റുമായി അശ്വിന്‍ തിളങ്ങിയത്. സാധാരണ രീതിയില്‍ സ്പിന്നര്‍മാര്‍ക്ക് വലിയ പിന്തുണ ലഭിക്കാത്ത ഓസീസ് മൈതാനത്ത് അശ്വിന്റെ പ്രകടനം വേറിട്ട് നില്‍ക്കുന്നത് തന്നെയായിരുന്നു. ആദ്യ മത്സരത്തില്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയതും അശ്വിനായിരുന്നു. ഇപ്പോഴിതാ അശ്വിന്റെ ബൗളിങ് പ്രകടനത്തെക്കുറിച്ച് സ്മിത്ത് തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.
'ഇന്ത്യയുടെ പേസ് ബൗളര്‍മാരെ നേരിടുന്നതിനായി മാത്രം പരിശീലനം നടത്തിയതാണോ അശ്വിന് മുന്നില്‍ കീഴടങ്ങാന്‍ കാരണമെന്ന് ചോദിച്ചാല്‍ അല്ല. പന്ത് തിരിയുമെന്ന് വിചാരിക്കാതെയാണ് ബാറ്റുവെച്ചത്. ചില സമയങ്ങളില്‍ ദൗര്‍ഭാഗ്യവശാല്‍ അത്തരം കാര്യങ്ങള്‍ സംഭവിക്കാം. സത്യസന്ധമായി പറഞ്ഞാല്‍ അശ്വിന്‍ മനോഹരമായി പന്തെറിഞ്ഞു. കളിക്കാന്‍ വളരെ പ്രയാസമുള്ള ലൈനിലായിരുന്നു പന്തുകള്‍'-സ്മിത്ത് എഎന്‍ഐയോട് പറഞ്ഞു.

ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും കളികള്‍ തമ്മില്‍ വ്യത്യാസമുണ്ട്. ഇന്ത്യയിലെ അത്ര സ്പിന്നിന് അനുകൂലമല്ല ഓസ്‌ട്രേലിയയിലെ മൈതാനങ്ങള്‍. അശ്വിന്‍ മികച്ച ബൗളറാണ്. ഒരുപാട് മത്സരങ്ങള്‍ കളിച്ച അനുഭവസമ്പത്ത് ഇപ്പോഴുണ്ട്. ലോകോത്തര പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവനാണവന്‍. ഒന്നാം ടെസ്റ്റില്‍ എന്നേക്കാള്‍ മികച്ച് നില്‍ക്കാന്‍ അവനായി. എന്നാല്‍ പിഴവുകള്‍ പഠിച്ച് മുന്നോട്ട് പോകാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. അടുത്ത മത്സരത്തില്‍ അല്‍പ്പം കൂടി മികച്ച പ്രകടനം നടത്തും'-സ്മിത്ത് പറഞ്ഞു.
ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 1 റണ്‍സിനാണ് സ്റ്റീവ് സ്മിത്ത് പുറത്തായത്. അശ്വിന്റെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് സ്മിത്ത് മടങ്ങിയത്. അവസാന 50 ഇന്നിങ്‌സിനിടയിലെ സ്മിത്തിന്റെ ഏറ്റവും മോശം പ്രകടനമാണിത്. തുടര്‍ച്ചയായി വിക്കറ്റിന് പന്തെറിഞ്ഞ അശ്വിന്‍ സ്മിത്തിനെ കുടുക്കുകയായിരുന്നു. രണ്ടാം ടെസ്റ്റിലും അശ്വിന്റെ പ്രകടനത്തെ വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യ കാണുന്നത്. അഞ്ച് ബൗളര്‍മാരെ കളിപ്പിക്കാന്‍ ഇന്ത്യ പദ്ധതിയിട്ടാല്‍ അശ്വിനൊപ്പം രവീന്ദ്ര ജഡേജകൂടിയെത്തും. മെല്‍ബണില്‍ ഇന്ത്യന്‍ സ്പിന്‍ ബൗളര്‍മാര്‍ക്ക് നിര്‍ണ്ണായക പങ്കാണുള്ളത്.
പരിക്കേറ്റ മുഹമ്മദ് ഷമി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതിനാല്‍ ഇന്ത്യയുടെ ബൗളിങ് കരുത്തിനെ അത് സാരമായി ബാധിക്കും. ജസ്പ്രീത് ബൂംറയ്ക്കും ഉമേഷ് യാദവിനുമൊപ്പം നവദീപ് സൈനിയാവും രണ്ടാം ടെസ്റ്റ് കളിക്കാന്‍ സാധ്യത. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ പാറ്റ് കമ്മിന്‍സിന്റെ പന്ത് കൈയില്‍ പതിച്ചതിനെത്തുടര്‍ന്നാണ് ഷമിക്ക് പരിക്കേറ്റത്. നാല് മത്സര പരമ്പരയില്‍ നിലവില്‍ 1-0ന് ഓസ്‌ട്രേലിയ മുന്നിലാണ്.