മുംബൈ: ഏകദിന ലോകകപ്പിന് പിന്നാലെ ഇന്ത്യയെ കാത്തിരിക്കുന്നത് ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര നവംബര്‍ 23നാണ് ആരംഭിക്കുന്നത്. ലോകകപ്പിന് പിന്നാലെ നടക്കുന്ന പരമ്പരയായതിനാല്‍ ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം വിശ്രമമെടുത്തേക്കും. ലഭിക്കുന്ന വിവരം അനുസരിച്ച് രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരൊന്നും ഇന്ത്യന്‍ ടീമിലുണ്ടാവില്ല.
പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് പകരം വിവിഎസ് ലക്ഷ്മണാവും ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇനിയുള്ള എല്ലാ മത്സരങ്ങളും ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. മികച്ച യുവതാരങ്ങളെയെല്ലാം പരിഗണിച്ച് ഓസീസ് പരമ്പരയില്‍ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഓസീസ് പരമ്പരയ്ക്കായി ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള 15 അംഗ സാധ്യതാ ടീമിതാ.
ശുബ്മാന്‍ ഗില്‍ ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും വിശ്രമം അനുവദിക്കാന്‍ സാധ്യത കുറവാണ്. ഗില്‍ ഓസീസ് പരമ്പര കളിച്ചേക്കുമെന്നാണ് വിവരം. ഓപ്പണറായി യുവ താരം യശ്വസി ജയ്‌സ്വാളും ഉണ്ടാവും. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവെച്ചത്. രോഹിത്തിന് ശേഷം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ മുഖ്യ ഓപ്പണറായി ജയ്‌സ്വാളെത്താന്‍ സാധ്യത കൂടുതലാണ്. ആക്രമിച്ച് കളിക്കാന്‍ ശേഷിയുള്ള ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് ജയ്‌സ്വാള്‍.
ക്ലാസിക് ഓപ്പണര്‍ റുതുരാജ് ഗെയ്ക് വാദും ഇന്ത്യന്‍ ടീമിലുണ്ടാവും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനമാണ് റുതുരാജ് കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ താരവും ഓസീസ് പരമ്പരയിലുണ്ടാവും. ഇടം കൈയന്‍ താരം തിലക് വര്‍മക്കും ഇന്ത്യ സ്ഥാനം നല്‍കും. സ്പിന്നറെന്ന നിലയിലും മികവ് കാട്ടുന്ന താരമാണ് തിലക്. ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഭാവി കല്‍പ്പിക്കപ്പെടുന്ന തിലകിനെ അടുത്ത യുവരാജായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ഇന്ത്യയെ നയിക്കാന്‍ സൂര്യകുമാര്‍ യാദവായിരിക്കും ഉണ്ടാവുക. വെടിക്കെട്ട് ബാറ്റ്‌സ്മാനായ സൂര്യ ടി20യിലെ ഇന്ത്യയുടെ നിര്‍ണ്ണായക താരമാണ്. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി സൂര്യ എത്താനും സാധ്യതയുണ്ട്. ഫിനിഷര്‍ റോളില്‍ റിങ്കു സിങ്ങിന് സീറ്റുറപ്പ്. ഏഷ്യന്‍ ഗെയിംസിലും ആഭ്യന്തര ക്രിക്കറ്റിലും മികവ് കാട്ടുന്ന റിങ്കു ടി20 ലോകകപ്പിലും സജീവ പരിഗണനയിലുണ്ട്. താരത്തിന്റെ ഫിനിഷിങ് മികവ് ഇന്ത്യക്ക് വലിയ പ്രതീക്ഷയാണുള്ളത്.
മധ്യനിരയില്‍ സഞ്ജു സാംസണും ഇടം പ്രതീക്ഷിക്കുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികവ് കാട്ടുന്ന സഞ്ജുവിനെ ഇന്ത്യ ഓസീസ് പരമ്പരയിലേക്കും പരിഗണിച്ചേക്കും. ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ ഇനിയുള്ള എല്ലാ മത്സരങ്ങളിലും സഞ്ജു തിളങ്ങേണ്ടതായുണ്ട്. ഇടവേളക്ക്‌ശേഷം ശിവം ദുബെ ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയേക്കും. പന്തുകൊണ്ടും ടീമിന് ഉപകാരിയാണ് ദുബെ.
ബൗളിങ് നിരയില്‍ ഇന്ത്യ ദീപക് ചഹാറിനൊപ്പം പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍ എന്നിവരെ പരിഗണിക്കാനാണ് സാധ്യത. സ്പിന്‍ നിരയില്‍ കുല്‍ദീപ് യാദവിന് വിശ്രമം നല്‍കിയേക്കും. യുസ്‌വേന്ദ്ര ചഹാല്‍, രവി ബിഷ്‌നോയ് എന്നിവര്‍ക്ക് സ്പിന്‍ നിരയില്‍ അവസരം ലഭിക്കാനാണ് സാധ്യത. ഇന്ത്യയുടെ യുവതാരങ്ങള്‍ക്ക് മികവ് കാട്ടി ടി20 ലോകകപ്പ് ടീമില്‍ ഇടം നേടിയെടുക്കാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്.
ഇന്ത്യയുടെ സാധ്യതാ ടീം : ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്‌വാദ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (c), റിങ്കു സിങ്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ശിവം ദുബെ, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചഹാല്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, ദീപക് ചഹാര്‍, ആവേശ് ഖാന്‍