Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS:ക്യാപ്റ്റന്‍ മുങ്ങിയോ? തിരിച്ചുവരുമ്പോള്‍ നായകനാക്കരുത്! രോഹിത്തിനെതിരേ ഗവാസ്‌ക്കര്‍

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി വരാനിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായക പരമ്പരയായി ഇത് മാറിയിരിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് നാല് മത്സരങ്ങളെങ്കിലും ഓസ്‌ട്രേലിയയില്‍ ജയിക്കേണ്ടതായുണ്ട്. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും ഇന്ത്യക്ക് പരമ്പര നേടേണ്ടത് അഭിമാന പ്രശ്‌നമാണെന്ന് തന്നെ പറയാം.

എന്നാല്‍ ഇന്ത്യയുടെ സമീപകാല പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്. ന്യൂസീലന്‍ഡിനെതിരേ നാട്ടില്‍ ഇന്ത്യ തോറ്റിരിക്കുകയാണ്. മൂന്ന് മത്സര ടെസ്റ്റ് പരമ്പരയില്‍ ഒരു ജയം പോലും നേടാന്‍ ഇന്ത്യക്ക് സാധിച്ചില്ല. ഈ സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യ അത്ഭുതം കാട്ടുമെന്ന് പറയാനാവില്ല. ഓസ്‌ട്രേലിയയില്‍ ആദ്യ ടെസ്റ്റ് കളിക്കാന്‍ രോഹിത് ശര്‍മയുണ്ടാവില്ല. പകരം ജസ്പ്രീത് ബുംറയാവും ഇന്ത്യയെ നയിക്കുക. ഇപ്പോഴിതാ രോഹിത് മടങ്ങിയെത്തിയാലും നായകനാവേണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഇതിഹാസമായ സുനില്‍ ഗവാസ്‌ക്കര്‍.

രോഹിത് താരമായി തുടരട്ടെ

രോഹിത് ശര്‍മയെ ഇന്ത്യ നായകനാക്കേണ്ടെന്നും ആദ്യ മത്സരത്തിലെ ഇടവേളക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ താരമായി മാത്രം തുടരട്ടേയെന്നുമാണ് ഗവാസ്‌ക്കര്‍ നിര്‍ദേശിക്കുന്നത്. റിഷഭ് പന്തിനെയല്ല ജസ്പ്രീത് ബുംറയെ നായകനാക്കി ഇന്ത്യ മുന്നോട്ട് പോകണമെന്നാണ് ഗവാസ്‌ക്കര്‍ പറയുന്നത്. 'നായകന്‍ ആദ്യ ടെസ്റ്റ് മുതല്‍ കളിക്കണം. അവന് പരിക്കാണെങ്കില്‍ അത് മറ്റൊരു കാര്യമാണ്. ആദ്യ മത്സരത്തില്‍ നായകനില്ലെങ്കില്‍ വൈസ് ക്യാപ്റ്റന് മുകളില്‍ വലിയ സമ്മര്‍ദ്ദമുണ്ടാവും.

നായകനെന്ന ഉത്തരവാദിത്തം ചെറിയ കാര്യമല്ല. ആദ്യ ടെസ്റ്റ് രോഹിത് കളിക്കില്ലെന്നുറപ്പാണ്. രണ്ടാം ടെസ്റ്റും രോഹിത് കളിക്കുന്ന കാര്യം സംശയമാണ്. ഈ സാഹചര്യത്തില്‍ സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് രോഹിത്തിനോട് സംസാരിക്കേണ്ടത്. ഇത്രയും നിര്‍ണ്ണായക പരമ്പരയില്‍ ഒന്ന് രണ്ട് മത്സരങ്ങളില്‍ വിശ്രമം ആവശ്യപ്പെട്ടാല്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ താരമായിത്തന്നെ കളിച്ചാല്‍ മതി. ഇന്ത്യ 3-0ന് തോറ്റ് നില്‍ക്കുന്ന സാഹചര്യത്തില്‍ നായകന്‍ മുങ്ങുന്നത് ശരിയായ രീതിയല്ല' ഗവാസ്‌ക്കര്‍ പറഞ്ഞു.

rohit sharma

ഇന്ത്യ നാല് മത്സരം ജയിക്കില്ല

ഓസ്‌ട്രേലിയയില്‍ ഇന്ത്യ നാല് മത്സരങ്ങള്‍ ജയിച്ചാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താനാവൂ. എന്നാല്‍ കരുത്തരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യക്ക് പരമ്പര നേടുകയെന്നത് എളുപ്പമല്ല. നാല് മത്സരങ്ങള്‍ ഓസ്‌ട്രേലിയയില്‍ ജയിക്കുകയെന്നത് വളരെ സാഹസമാണെന്ന് തന്നെ പറയാം. ഗവാസ്‌ക്കറും അഭിപ്രായപ്പെടുന്നത് ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ നാല് മത്സരങ്ങള്‍ ജയിക്കാനാവില്ലെന്ന് തന്നെയാണ്. 'ഇന്ത്യ ഓസ്‌ട്രേലിയയില്‍ 4-0ന് ജയിക്കുകമെന്ന് ഞാന്‍ കരുതുന്നില്ല.

ഞാന്‍ അത്തരത്തില്‍ സ്വപ്‌നം കാണുന്നയാളല്ല. ഇന്ത്യക്ക് 3-1ന് ജയിക്കാനാവുമോയെന്നാണ് നോക്കേണ്ടത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെ നോക്കിയല്ല കളിക്കേണ്ടത്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടുന്നതിനാണ് ശ്രദ്ധ നല്‍കേണ്ടത്. എങ്ങനെയെങ്കിലും ഓസീസില്‍ പരമ്പര നേടാനാണ് ശ്രമിക്കേണ്ടത്. അങ്ങനെ സംഭവിച്ചാല്‍ എല്ലാ ആരാധകര്‍ക്കും വീണ്ടും ഈ ടീമില്‍ വിശ്വാസമുണ്ടാവും' ഗവാസ്‌ക്കര്‍ പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് നാല് മത്സരം ഓസീസില്‍ ജയിക്കുകയെന്നത് കടുപ്പമാണ്.

ടീം നേരത്തെ പ്രഖ്യാപിച്ചത് പ്രശ്‌നമല്ല

ഇന്ത്യ ടീം പ്രഖ്യാപനം നേരത്തെയായതില്‍ വിമര്‍ശനമുണ്ട്. ന്യൂസീലന്‍ഡ് പരമ്പരയിലെ പ്രകടനം വിലയിരുത്തിയ ശേഷം ഓസീസ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ നേരത്തെ ടീം പ്രഖ്യാപിച്ചതില്‍ തെറ്റില്ലെന്നാണ് ഗവാസ്‌ക്കര്‍ പറയുന്നത്. 'ഇപ്പോള്‍ ടീം പ്രഖ്യാപിച്ചാലും നേരത്തെ പ്രഖ്യാപിച്ച ടീമില്‍ നിന്ന് വലിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് ഞാന്‍ കരുതുന്നില്ല. അതുകൊണ്ടുതന്നെ ടീം നേരത്തെ പ്രഖ്യാപിച്ചതില്‍ തെറ്റ് പറയാനാവില്ല.

നിലവിലെ ടീമിലേക്ക് പുറത്ത് നിന്ന് പെട്ടെന്നൊരു താരം എത്തുമെന്ന് കരുതുന്നില്ല. അഭിമന്യു ഈശ്വരന്റെ ബാറ്റിങ് ആഭ്യന്തര മത്സരത്തില്‍ കാണുന്നതാണ്. അവനെ ഇപ്പോള്‍ ടീമിലേക്കെടുത്തതിന് കാരണം ആഭ്യന്തമായ സമ്മര്‍ദ്ദമുണ്ടെന്നാണ് കരുതുന്നത്' ഗവാസ്‌ക്കര്‍ കൂട്ടിച്ചേര്‍ത്തു. പരമ്പര നേടാനായില്ലെങ്കിലും മികച്ചൊരു പോരാട്ടമെങ്കിലും കാഴ്ചവെക്കാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം വലിയ നാണക്കേട് ടീം നേരിടേണ്ടതായി വരും.

Story first published: Tuesday, November 5, 2024, 7:51 [IST]
Other articles published on Nov 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+