ഗബ്ബ: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ മൂന്ന് മത്സരം അവസാനിച്ചപ്പോള്‍ 1-1 എന്ന നിലയിലായിരുന്നു ഇരു ടീമും. മോശം ഫോമിലായിരുന്ന സ്റ്റീവ് സ്മിത്ത് സിഡ്‌നിയില്‍ ഒരു സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടി മിന്നും ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. ആധുനിക ക്രിക്കറ്റിലെ മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനെന്ന് വിലയിരുത്തപ്പെടുന്ന സ്മിത്തിന് ഇന്ത്യന്‍ പരമ്പര വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. കാരണം ഈ പരമ്പരയില്‍ സ്പിന്‍ ബൗളിങ്ങിന് മുമ്പിലാണ് സ്മിത്ത് കൂടുതല്‍ തവണയും കീഴടങ്ങിയത്.
ആര്‍ അശ്വിനായിരുന്നു ആദ്യ മൂന്ന് ടെസ്റ്റിലും സ്മിത്തിന്റെ പ്രധാന വെല്ലുവിളിയെങ്കില്‍ ഗബ്ബയിലെ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ വാഷിങ്ടണ്‍ സുന്ദറാണ് സ്മിത്തിന് വില്ലനായത്. ഈ പരമ്പരയില്‍ 137 പന്തുകളാണ് സ്പിന്നര്‍മാര്‍ക്കെതിരേ സ്മിത്ത് നേരിട്ടത്. 64 റണ്‍സ് നേടിയ സ്മിത്ത് നാല് തവണ പുറത്തായി. പേസിനെതിരേ 401 പന്തുകള്‍ നേരിട്ട സ്മിത്ത് 194 റണ്‍സ് നേടിയപ്പോള്‍ പുറത്തായത് ഒരുവട്ടം മാത്രം.

അഡ്‌ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ അശ്വിനാണ് സ്മിത്തിന്റെ അന്തകനായത്. ആദ്യ ഇന്നിങ്‌സില്‍ 1 റണ്‍സെടുത്ത സ്മിത്തിനെ ആര്‍ അശ്വിന്‍ രഹാനെയുടെ കൈയിലെത്തിച്ചപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 1 റണ്‍സുമായി പുറത്താവാതെ നിന്നു. മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റിലും അശ്വിന്‍ സ്മിത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി. ഇത്തവണ ഒന്നാം ഇന്നിങ്‌സില്‍ സ്മിത്തിനെ പൂജ്യത്തിന് പുറത്താക്കാന്‍ അശ്വിന് സാധിച്ചു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ജസ്പ്രീത് ബൂംറ അശ്വിന് വിക്കറ്റ് നല്‍കാതെ സ്മിത്തെ മടക്കി. സ്മിത്തിനെ ബൂംറ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ സ്മിത്ത് തകര്‍പ്പന്‍ സെഞ്ച്വറിയോടെ തിളങ്ങി. അശ്വിനെ തിരഞ്ഞുപിടിച്ചാക്രമിച്ചാണ് സ്മിത്ത് സെഞ്ച്വറി നേടിയത്. എന്നാല്‍ രവീന്ദ്ര ജഡേജയുടെ സൂപ്പര്‍ ത്രോയില്‍ റണ്ണൗട്ടായി. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ വീണ്ടും അശ്വിന് മുന്നില്‍ വീണു. ഗബ്ബയില്‍ പരിക്കേറ്റ അശ്വിന്റെ അഭാവം സ്മിത്തിന് പ്രതീക്ഷ നല്‍കുന്നതാണെങ്കിലും ഇത്തവണ മറ്റൊരു ഓഫ് സ്പിന്നറായ വാഷിങ്ടണിന് വിക്കറ്റ് നല്‍കി അദ്ദേഹത്തിന് മടങ്ങേണ്ടി വന്നു.
ഈ പരമ്പരയ്ക്ക് മുമ്പ് വരെ ഇന്ത്യക്കെതിരേ വലിയ റെക്കോഡാണ് സ്മിത്തിനുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. അതിനാല്‍ത്തന്നെ സ്മിത്തിന് ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍ റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നഷ്ടമായി. ഗബ്ബയില്‍ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിയോടെ തിളങ്ങിയാലും റാങ്കിങ്ങില്‍ തലപ്പത്തേക്ക് തിരിച്ചെത്താന്‍ സ്മിത്തിന് സാധിക്കില്ല. ഗബ്ബയിലെ മത്സരഫലമാവും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി വിജയിയെ തീരുമാനിക്കുക. നിലവിലെ ജേതാക്കള്‍ ഇന്ത്യയാണ്.