IND vs AUS: ബാബറിന്റെ ഒന്നാം റാങ്ക് തെറിക്കും, തലപ്പത്തേക്കെത്താന്‍ ഗില്‍! അഭിമാന നേട്ടത്തിലേക്ക്
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ശുബ്മാന്‍ ഗില്‍ കാഴ്ചവെക്കുന്നത്. ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും രണ്ടാം മത്സരത്തില്‍ സെഞ്ച്വറിയും നേടിയ ഗില്‍ ലോകകപ്പിന് മുമ്പ് തകര്‍പ്പന്‍ ഫോമിലാണുള്ളത്. ഇത്തവണ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്ന ബാറ്റ്‌സ്മാനായി ഗില്‍ മാറിക്കഴിഞ്ഞു. ലോകകപ്പിന് മുമ്പ് ശുബ്മാന്‍ ഗില്ലിനെ ചരിത്ര നേട്ടം കാത്തിരിക്കുകയാണ്. ഏകദിന റാങ്കിങ്ങില്‍ തലപ്പത്തേക്കെത്താനുള്ള അവസരമാണ് ഗില്ലിന് മുന്നിലുള്ളത്.
നിലവില്‍ 857 പോയിന്റോടെ ബാബര്‍ ആസമാണ് തലപ്പത്ത്. 814 പോയിന്റോടെ ശുബ്മാന്‍ ഗില്‍ രണ്ടാം സ്ഥാനത്താണ്. ഓസീസ് പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തില്‍ ഗില്‍ നേടിയത് 74, 104 എന്നിങ്ങനെ റണ്‍സാണ്. ലോകകപ്പിന് മുമ്പ് ഐസിസിയുടെ പുതിയ റാങ്കിങ് ഉണ്ടാവും. ഇതില്‍ 24കാരനായ ഗില്‍ ബാബറിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്കെത്തും. ലോകകപ്പില്‍ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായി ഗില്ലിന് കളിക്കാന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലൂടെ ആറാം ഏകദിന സെഞ്ച്വറിയാണ് ഗില്‍ നേടിയത്. ഏകദിനത്തില്‍ വേഗത്തില്‍ ഈ നേട്ടത്തിലേക്കെത്തുന്ന താരമായി മാറാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്. 35 ഏകദിന ഇന്നിങ്‌സില്‍ നിന്ന് കൂടുതല്‍ റണ്‍സെന്ന റെക്കോഡില്‍ ഹാഷിം അംലയെ മറികടന്ന് തലപ്പത്തേക്കെത്താനും ഗില്ലിനായിരുന്നു. ഈ വര്‍ഷം കൂടുതല്‍ റണ്‍സ്, സെഞ്ച്വറി, സിക്‌സര്‍, ബൗണ്ടറി തുടങ്ങി പല വമ്പന്‍ റെക്കോഡുകളും ഗില്ലിന്റെ പേരിലാണ്.
ഈ സ്വപ്‌ന കുതിപ്പ് ലോകകപ്പിലും നടത്താന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബാറ്റിങ് റാങ്കിങ്ങില്‍ വിരാട് കോലി എട്ടാം സ്ഥാനത്തും രോഹിത് ശര്‍മ 10ാം സ്ഥാനത്തുമുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇവര്‍ കളിച്ചിരുന്നില്ല. മൂന്നാം മത്സരത്തില്‍ ഇവര്‍ കളിക്കുമെന്നാണ് വിവരം. മികച്ച പ്രകടനം നടത്താന്‍ ഇവര്‍ക്ക് സാധിക്കാതെ പോയാല്‍ ആദ്യ 10ല്‍ നിന്ന് പുറത്താവാനാണ് സാധ്യത.

നിലവില്‍ ഏകദിന ബൗളിങ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരന്‍ മുഹമ്മദ് സിറാജാണ്. സമീപകാലത്ത് തകര്‍പ്പന്‍ പ്രകടനം നടത്തുന്ന സിറാജ് ലോകകപ്പിലേക്കെത്തുക ഒന്നാം നമ്പര്‍ ബൗളറായിത്തന്നെയാവും. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും സിറാജിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. അത് താരത്തിന്റെ സ്ഥാനത്തെ ബാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. കുല്‍ദീപ് യാദവ് ഒമ്പതാം സ്ഥാനത്താണുള്ളത്. സ്പിന്‍ ബൗളിങ്ങില്‍ സ്ഥിരതയോടെ മിന്നിക്കാന്‍ കുല്‍ദീപിന് സാധിക്കുന്നുണ്ട്.
ഓള്‍റൗണ്ടര്‍മാരില്‍ ആറാം സ്ഥാനത്തുള്ള ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യക്കാരില്‍ മുന്നില്‍. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമാണ് തലപ്പത്തുള്ളത്. ടി20 ബാറ്റിങ് റാങ്കിങ്ങില്‍ സൂര്യകുമാര്‍ യാദവ് തലപ്പത്ത് തുടരുകയാണ്. 889 പോയിന്റോടെ തന്റെ ഒന്നാം സ്ഥാനം സൂര്യ സുരക്ഷിതമാക്കി വെച്ചിരിക്കുകയാണ്. എന്നാല്‍ ടി20 ബാറ്റിങ് റാങ്കിങ്ങില്‍ ആദ്യ 10ലുള്ള ഏക ഇന്ത്യക്കാരന്‍ സൂര്യകുമാര്‍ യാദവാണ്. ടി20 ബൗളിങ് റാങ്കിങ്ങില്‍ ആദ്യ 10നുള്ളില്‍ ഒരു ഇന്ത്യക്കാരന്‍ പോലുമില്ല. ഓള്‍റൗണ്ടര്‍മാരില്‍ ഹാര്‍ദിക് രണ്ടാം സ്ഥാനത്തുണ്ട്.
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നേടിയതോടെ ഇന്ത്യ ലോകകപ്പിനിറങ്ങുന്നത് ഒന്നാം സ്ഥാനക്കാരായിയാവുമെന്ന് ഉറപ്പായിരിക്കുകയാണ്. അവസാന രണ്ട് ലോകകപ്പിലും ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ ടീമാണ് കിരീടത്തിലേക്കെത്തിയത്. ഈ രണ്ട് ലോകകപ്പിലും ആതിഥേയര്‍ തന്നെയായിരുന്നു ഒന്നാം റാങ്കുകാര്‍. ചരിത്രം ആവര്‍ത്തിച്ചാല്‍ ഇന്ത്യ ഇത്തവണ കിരീടത്തിലേക്കെത്തും. 2011ല്‍ ധോണിക്ക് സാധിച്ചത് ഇത്തവണ രോഹിത് ശര്‍മക്ക് സാധിക്കുമോയെന്നത് കണ്ടറിയാം. സമീപകാലത്തെ ടീമിന്റെ പ്രകടനം പ്രതീക്ഷ ഉയര്‍ത്തുന്നതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications