ആധുനിക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരം താന്‍ തന്നെയാണെന്നു തെളിയിച്ചുകൊണ്ട് ഇന്ത്യന്‍ യുവതാരം ശുഭ്മന്‍ ഗില്‍ മാജിക്കല്‍ ഫോം തുടരുകയാണ്. ഓസ്‌ട്രേലിയക്കെതിരേ കഴിഞ്ഞ ദിവസം സ്വന്തം നാടായ മൊഹാലിയില്‍ നടന്ന കളിയില്‍ ഉജ്ജ്വല ഇന്നിങ്‌സുമായി ഗില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
ഇന്ത്യ അഞ്ചു വിക്കറ്റിന്റെ വിജയം കൊയ്ത മല്‍സരത്തില്‍ 74 റണ്‍സോടെ ഗില്ലാണ് ടോപ്‌സ്‌കോററായത്. 63 ബോളുകള്‍ നേരിട്ട താരം ആറു ഫോറും രണ്ടു സിക്‌സറുമടിച്ചു. ഈ കളിയിലെ രണ്ടു സിക്‌സറോടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ വമ്പന്‍ നേട്ടത്തിന് തൊട്ടരികെ ഗില്‍ എത്തിയിരിക്കുകയാണ്. ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം സിക്‌സറുകളടിച്ച താരമെന്ന റെക്കോര്‍ഡ് ഹിറ്റ്മാന് സ്വന്തമാണ്.

ഏകദിനം, ടെസ്റ്റ് എന്നിവയില്‍ നിന്നായി അദ്ദേഹം വാരിക്കൂട്ടിയത് 43 സിക്‌സറുകളാണ്. രോഹിത്തിന്റെ ഈ നേട്ടത്തിന് കൈയെത്തും ദൂരത്താണ് ഗില്‍. 42 സിക്‌സറുകളോടെ യുവതാരം തൊട്ടരികിലെത്തി. സിക്‌സര്‍ വേട്ടയില്‍ രോഹിത്തിന്റെ ഒന്നാംസ്ഥാനത്തിനു ഇനി രണ്ടു ദിവസത്തെ ആയുസ് കൂടി മാത്രമേ ഉണ്ടാവാനിടയുള്ളൂ.
കാരണം ഞായറാഴ്ച ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ രണ്ടു സിക്‌സറുകള്‍ കൂടി പായിച്ചാല്‍ ഹിറ്റ്മാനെ പിന്തള്ളി ഗില്‍ ഒന്നാമനാവും. ആദ്യ കളിയില്‍ വിശ്രമം അനുവദിക്കപ്പെട്ട രോഹിത് അടുത്ത മല്‍സരവും കളിക്കില്ല. മൂന്നാം ഏകദിനത്തില്‍ മാത്രമേ അദ്ദേഹം ടീമില്‍ തിരിച്ചെത്തുകയുള്ളൂ. അതുകൊണ്ടു തന്നെ രോഹിത്തിനെ മറികടക്കാന്‍ ഗില്ലിനു ലഭിക്കുന്ന സുവര്‍ണാവസരമായിരിക്കും രണ്ടാം ഏകദിനം.
ഗില്ലുമായി താരതമ്യം ചെയ്യുമ്പോള്‍ 40ന് മുകളില്‍ സിക്‌സറുകളടിക്കാന്‍ രോഹിത്തിന് കുറച്ച് ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. 25 ഇന്നിങ്‌സുകളിലാണ് ഹിറ്റ്മാന്‍ 43 സിക്‌സറുകളടിച്ചത്. ഗില്ലാവട്ടെ മൂന്നു ഫോര്‍മാറ്റുകളിലുമായി 38 ഇന്നിങ്‌സുകളില്‍ നിന്നാണ് ഇത്രയും സിക്‌സറുകള്‍ നേടിയിരിക്കുന്നത്.
നിലവില്‍ ഏകദിനം, ടെസ്റ്റ് എന്നിവയില്‍ മാത്രമേ രോഹിത് ഇന്ത്യക്കായി കളിക്കുന്നുള്ളൂ. കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പിനു ശേഷം അദ്ദേഹം ഈ ഫോര്‍മാറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

അതേസമയം, അന്താരാഷ്ട്ര കരിയറില്‍ ഗില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയിട്ടുള്ളത് ഏകദിനത്തിലാണ്. 34 ഇന്നിങ്‌സുകളില്‍ നിന്നായി 36 സിക്‌സറുകള്‍ ഏകദിനത്തില്‍ അദ്ദേഹം നേടിയിട്ടുണ്ട്. ടി20യില്‍ 11 ഇന്നിങ്‌സുകളില്‍ നിന്നും 16ഉം ടെസ്റ്റില്‍ 33 ഇന്നിങ്‌സുകളില്‍ നിന്നും 13ഉം സിക്‌സറുകളുമാണ് ഗില്ലിന്റെ സമ്പാദ്യം.
രോഹിത്തിന്റെ അന്താരാഷ്ട്ര കരിയറുമായി താരതമ്യം ചെയ്യുമ്പോള്‍ സിക്‌സര്‍ നേട്ടത്തിന്റെ കാര്യത്തില്‍ ഗില്ലിനെ ഏഴയലത്തു പോലും നമുക്കു കാണാന്‍ സാധിക്കില്ല. ഏകദിനത്തില്‍ 250 ഇന്നിങ്‌സുകളില്‍ നിന്നും ഹിറ്റ്മാന്‍ വാരിക്കൂട്ടിയത് 286 സിക്‌സറുകളാണ്. ടി20യില്‍ 140 ഇന്നിങ്‌സുകളില്‍ നിന്നായി 182ഉം ടെസ്റ്റില്‍ 88 ഇന്നിങ്‌സുകളിലായി 77 സിക്‌സറുകളും അദ്ദേഹം അടിച്ചെടുത്തു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സറുകളെന്ന വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ ലോക റെക്കോര്‍ഡിന് അരികിലാണ് രോഹിത്. യൂനിവേഴ്‌സല്‍ ബോസിനെ പിന്തള്ളി ലോക റെക്കോര്‍ഡ് കുറിക്കാന്‍ ഇനി വെറും ഒമ്പതു സിക്‌സറുകളാണ് അദ്ദേഹത്തിനു വേണ്ടത്.
വരാനിരിക്കുന്ന ലോകകപ്പില്‍ ഹിറ്റ്മാന്‍ ഈ നേട്ടം സ്വന്തം പേരിലാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 553 സിക്‌സറുകളുമായിട്ടാണ് ഗെയ്ല്‍ തലപ്പത്തുള്ളത്. 545 സിക്‌സറുകള്‍ നേടി രോഹിത് രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു.