IND vs AUS: കില്ലാടി ഗില്‍, അംലയേയും ബാബറിനേയും കോലിയേയും പിന്നിലാക്കി! വമ്പന്‍ റെക്കോഡ്
ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ശുബ്മാന്‍ ഗില്‍ കാഴ്ചവെച്ചത്. പതിയെ തുടങ്ങി കടന്നാക്രമിച്ച ഗില്‍ വമ്പന്‍ റെക്കോഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ്. 35 ഏകദിന ഇന്നിങ്‌സ് പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡിലേക്കാണ് ഗില്‍ പേരുചേര്‍ത്തത്. 1844 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ ഹാഷിം അംലയുടെ റെക്കോഡാണ് ഗില്‍ മറികടന്നത്.
1758 റണ്‍സ് നേടിയ ബാബര്‍ ആസമിനെയും മറികടക്കാന്‍ ഗില്ലിന് സാധിച്ചിരിക്കുകയാണ്. വിരാട് കോലിയേയും ഈ റെക്കോഡില്‍ ശുബ്മാന്‍ ഗില്‍ പിന്നിലാക്കിയിരിക്കുകയാണ്. ഏകദിന ലോകകപ്പ് വരാനിരിക്കെ ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്ന പ്രകടനമാണ് ശുബ്മാന്‍ ഗില്‍ കാഴ്ചവെക്കുന്നത്. ഈ വര്‍ഷം ഏകദിനത്തില്‍ 1200 റണ്‍സ് ഗില്‍ പിന്നിട്ടു. 1894 റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ ഏകദിന റണ്‍സ് നേടിയ താരം.
ഏകദിന ലോകകപ്പ് വരാനിരിക്കെ സച്ചിനെ മറികടക്കാനുള്ള അവസരം ഗില്ലിന് മുന്നിലുണ്ട്. ഈ വര്‍ഷം ഏകദിനത്തില്‍ കൂടുതല്‍ തവണ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കുന്ന ബാറ്റ്‌സ്മാനായും ശുബ്മാന്‍ ഗില്‍ മാറി. 6 തവണ ഈ നേട്ടത്തിലെത്തിയ ബാബര്‍ ആസമിന്റെ റെക്കോഡിനെയാണ് ശുബ്മാന്‍ ഗില്‍ മറികടന്നത്. ഓപ്പണറായി 25വയസിന് മുമ്പ് കൂടുതല്‍ റണ്‍സെന്ന റെക്കോഡില്‍ സച്ചിനാണ് തലപ്പത്ത്. 4835 റണ്‍സാണ് സച്ചിന്‍ 25വയസിനുള്ളില്‍ നേടിയത്.
2812 റണ്‍സ് ഇതിനോടകം ഗില്‍ നേടിയിട്ടുണ്ട്. സച്ചിനെ ഈ റെക്കോഡിലും ഗില്‍ മറികടക്കാനുള്ള സാധ്യത കൂടുതലാണ്. 2023 ഗില്ലിന് വലിയ അനുഗ്രഹം ലഭിച്ച വര്‍ഷമായാണ് വിലയിരുത്തപ്പെടുന്നത്. സ്ഥിരതയോടെ കളിക്കുന്ന ഗില്‍ ഈ വര്‍ഷം കൂടുതല്‍ റണ്‍സ്, കൂടുതല്‍ സെഞ്ച്വറി, കൂടുതല്‍ 50 പ്ലസ് സ്‌കോര്‍, കൂടുതല്‍ ബൗണ്ടറി, കൂടുതല്‍ സിക്‌സ്, കൂടുതല്‍ സെഞ്ച്വറി എന്നീ റെക്കോഡുകളെല്ലാം നേടി. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേട്ടവും ഗില്‍ സ്വന്തം പേരിലാക്കി.

70, 21, 116, 208, 40*, 112, 20, 0, 37, 7, 34, 85, 10, 67*, 58, 19, 121, 27*, 74 എന്നിങ്ങനെയാണ് ഈ വര്‍ഷത്തെ ശുബ്മാന്‍ ഗില്ലിന്റെ ഏകദിനത്തിലെ പ്രകടനങ്ങള്‍. ഈ വര്‍ഷം 43 സിക്‌സുകള്‍ പറത്തിയ രോഹിത് ശര്‍മയെയടക്കം ശുബ്മാന്‍ ഗില്‍ പിന്നിലാക്കി.
പല വമ്പന്‍ റെക്കോഡുകളും ശുബ്മാനെ കാത്തിരിക്കുന്നുണ്ട്. ഇന്ത്യന്‍ പിച്ചുകളില്‍ വലിയ അപകടകാരിയായ ബാറ്റ്‌സ്മാനാണ് ഗില്ലെന്ന് നിസംശയം പറയാം. പതിയെ തുടങ്ങി പിന്നീട് കത്തിക്കയറുന്ന ബാറ്റിങ് ശൈലിയാണ് ഗില്ലിന്റേത്.
ഓസ്‌ട്രേലിയക്കെതിരേ ആദ്യത്തെ 19 പന്തില്‍ 9 റണ്‍സാണ് ഗില്‍ നേടിയത്. പിന്നീട് നേരിട്ട 18 പന്തില്‍ നിന്ന് 41 റണ്‍സ് നേടി താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. സാഹസിക ഷോട്ടുകളില്ലാതെ ക്ലാസിക് ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്തുന്ന താരമാണ് ഗില്‍. പേസിനേയും സ്പിന്നിനേയും ഒരുപോലെ നേരിടാന്‍ മിടുക്കനായ ഗില്‍ വിരാട് കോലിക്ക് ശേഷം ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമെന്ന ബഹുമതി ഇതിനോടകം സ്വന്തം പേരിലാക്കി കഴിഞ്ഞു.
ഓപ്പണറെന്ന നിലയില്‍ സ്ഥിരതയോടെ തിളങ്ങുന്നതിനോടൊപ്പം മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനും ശുബ്മാന്‍ ഗില്ലിന് സാധിക്കുന്നു. രോഹിത് ശര്‍മ-ശുബ്മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യയുടെ നട്ടെല്ലായി മാറിയിട്ടുണ്ട്. ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ താരങ്ങളെല്ലാം ഫോമിലേക്കെത്തിയത് ടീമിന്റെ കിരീട പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. കെ എല്‍ രാഹുലും ശ്രേയസ് അയ്യരും പരിക്കിന് ശേഷം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയതും ഇന്ത്യയുടെ പ്രതീക്ഷകളുയര്‍ത്തുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications