ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ബൗളിങ് നിരയിലെ ഏറ്റവും വലിയ ദുരന്തമായി മാറിയിരിക്കുകയാണ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍. വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ബൗളറാണെങ്കിലും ദയനീയ ഇക്കോണമി റേറ്റാണ് താരത്തിനു വില്ലനായി മാറുന്നത്. ലക്കും ലഗാനുമില്ലാതെ ശര്‍ദ്ദുല്‍ റണ്‍സ് വാരിക്കോരി നല്‍കുന്നത് പതിവു കാഴ്ചയാണ്.
ഇപ്പോഴിതാ നാണക്കേടിന്റെ വലിയൊരു റെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്. ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും കുറഞ്ഞത് 300 ഓവറുകളെങ്കിലും ബൗള്‍ ചെയ്തിട്ടുള്ള താരങ്ങളെയെടുത്താല്‍ ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും മോശം ഇക്കോണമി റേറ്റുള്ളത് ശര്‍ദ്ദുലിനാണ്. 6.22 എന്ന ദയനീയ ഇക്കോണമി റേറ്റോടെയാണ് അദ്ദേഹം തലപ്പത്തുള്ളത്.

ന്യൂസിലാന്‍ഡിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമാണ് രണ്ടാംസ്ഥാനത്ത്. 6.09 എന്ന ഇക്കോണമി റേറ്റാണ് അദ്ദേഹത്തിന്റേത്. ഇന്ത്യയുടെ മുന്‍ മലയാളി ഫാസ്റ്റ് ബൗളറും മലയാളിയുമായ ശ്രീശാന്ത് മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു. 6.07 ഇക്കോണമി റേറ്റിലാണ് അദ്ദേഹം റണ്‍സ് വഴങ്ങിയിട്ടുള്ളത്.
ഓസ്‌ട്രേലിയക്കെതിരേ മൊഹാലിയില്‍ നടന്ന ആദ്യ ഏകദിനത്തിലും ശര്‍ദ്ദുല്‍ ബൗളിങില്‍ ഫ്‌ളോപ്പായി തീര്‍ന്നിരുന്നു. ടീമിനായി ബൗള്‍ ചെയ്ത മറ്റു അഞ്ചു ബൗളര്‍മാരും നന്നായി പന്തെറിഞ്ഞപ്പോള്‍ ശര്‍ദ്ദുല്‍ പിശുക്ക് കാണിക്കാതെ റണ്‍സ് വഴങ്ങിക്കൊണ്ടിരുന്നു. 10 ഓവറില്‍ 7.80 എന്ന മോശം ഇക്കോണി റേറ്റില്‍ ശര്‍ദ്ദുല്‍ വിട്ടു നല്‍കിയത് 78 റണ്‍സായിരുന്നു. ഒരു വിക്കറ്റ് പോലും താരത്തിനു വീഴ്ത്താന്‍ സാധിച്ചതുമില്ല.
ഈ വര്‍ഷം ഏകദിനത്തില്‍ 19 വിക്കറ്റുകളാണ് ശര്‍ദ്ദുല്‍ വീഴ്ത്തിയിരിക്കുന്നത്. പക്ഷെ 6.2 എന്ന മോശം ഇക്കോണമി റേറ്റിലാണിത്. ബൗളിങില്‍ വന്‍ ഫ്‌ളോപ്പായിട്ടും ബാറ്റിങിലെ ചില ഭേദപ്പെട്ട പ്രകടനങ്ങളാണ് അദ്ദേഹത്തെ ടീമില്‍ സ്ഥാനം നിലനില്‍ത്താന്‍ സഹായിക്കുന്നത്.
കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന താരം അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലും ടീമിലുണ്ട്. നിലവിലെ മോശം ഇക്കോണമി റേറ്റ് പരിഗണിക്കുമ്പോള്‍ ശര്‍ദ്ദുലിനു ദേശീയ ടീമില്‍ അധികം ആയുസ്സുണ്ടാവില്ല. മറ്റൊരു മികച്ച സീം ബൗളിങ് ഓള്‍റൗണ്ടറെ കണ്ടെത്തിയാല്‍ താരം ടീമില്‍ നിന്നും പുറത്താവുമെന്ന കാര്യമുറപ്പാണ്.

ശര്‍ദ്ദുലിന്റെ അന്താരാഷ്ട്ര കരിയര്‍ നോക്കിയാല്‍ ടെസ്റ്റിലൊഴികെ മറ്റു രണ്ടു ഫോര്‍മാറ്റുകളിലും ബൗളിങില്‍ തികഞ്ഞ പരാജയമാണ്. ടി20യില്‍ 10നടുത്താണ് താരത്തിന്റെ ഇക്കോണമി റേറ്റ്. ഐപിഎല്ലിലും ശര്‍ദ്ദുല്‍ തല്ലുകൊള്ളിയാണെന്നു കണക്കുകള്‍ പറയുന്നു. ടെസ്റ്റില്‍ 18 ഇന്നിങ്‌സുകളിലാണ് ശര്‍ദ്ദുല്‍ ബൗള്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ 3.5 ഇക്കോണമി റേറ്റില്‍ 30 വിക്കറ്റുകളെടുക്കുകയും ചെയ്തു.
ഏകദിനത്തില്‍ 42 ഇന്നിങ്‌സുകളില്‍ ഇതിനകം ബൗള്‍ ചെയ്ത് ശര്‍ദ്ദുല്‍ 6.2 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് 63 വിക്കറ്റുകളാണ്. ഒരു അഞ്ചു വിക്കറ്റ് നേട്ടം പോലും അദ്ദേഹത്തിനു ചൂണ്ടിക്കാണിക്കാനില്ല. 37 റണ്‍സിനു നാലു വിക്കറ്റുകളെടുത്തതാണ് കരിയര്‍ ബെസ്റ്റ് പ്രകടനം. ടി20യില്‍ 24 ഇന്നിങ്‌സുകളില്‍ ബൗള്‍ ചെയ്ത ശര്‍ദ്ദുല്‍ 9.15 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് 33 വിക്കറ്റുകളാണ്.
ഐപിഎല്ലിലാവട്ടെ 83 ഇന്നിങ്‌സുകളിലാണ് വിവിധ ഫ്രാഞ്ചൈസികള്‍ക്കായി താരം ബൗള്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 9.16 ഇക്കോണമി റേറ്റില്‍ 89 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ഐപിഎല്ലില്‍ നിലവില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡൈഴ്‌സ് ടീമിനു വേണ്ടിയാണ് ശര്‍ദ്ദുല്‍ കളിച്ചുകൊണ്ടിരിക്കുന്നത്.