
അഞ്ച് സാമ്യങ്ങളാണ് ബൂംറയും നടരാജനും തമ്മില്‍ ഉള്ളതെന്നാണ് സെവാഗിന്റെ കണ്ടെത്തല്‍. ഒന്നാമത്തെ സാമ്യം ഇരുവരും ടി20 ഏകദിന പരമ്പരയില്‍ അരങ്ങേറ്റം നടത്തിയത് ഓസ്‌ട്രേലിയക്കെതിരെയാണ് എന്നതാണ്. ഇന്ത്യയുടെ 2015-16ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ബൂംറ അരങ്ങേറ്റം നടത്തുന്നത്. നടരാജന്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലൂടെയും വരവറിയിച്ചു.

രണ്ടാമത്തെ സാമ്യത ഇരുവരും പകരക്കാരായാണ് ടീമിലെത്തിയത് എന്നതാണ്. മുഹമ്മദ് ഷമിക്ക് പരിക്കേറ്റപ്പോള്‍ പകരക്കാരനായാണ് ബൂംറയെ ഇന്ത്യ അന്ന് ടീമിലേക്ക് പരിഗണിച്ചത്. അതേ പോലെ തന്നെ ജസ്പ്രീത് ബൂംറയ്ക്ക് വിശ്രമം അനുവദിച്ചതിനെത്തുടര്‍ന്നാണ് പകരക്കാരനായി നടരാജന്‍ ഏകദിന ടീമില്‍ അരങ്ങേറ്റം നടത്തുന്നത്.

ഇരു താരങ്ങളുടെയും ഏകദിന അരങ്ങേറ്റം മൂന്ന് മത്സര പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആണെന്നതാണ് ശ്രദ്ധേയം. കൂടാതെ ഇരുവരും അരങ്ങേറ്റം നടത്തിയ മത്സരത്തില്‍ മാത്രമാണ് ഇന്ത്യ ആ പരമ്പരയില്‍ ജയിച്ചത്. ബൂംറ അരങ്ങേറുമ്പോള്‍ ആദ്യ രണ്ട് മത്സരവും ഇന്ത്യ തോറ്റിരുന്നു. നടരാജന്‍ അരങ്ങേറുമ്പോഴും ഇന്ത്യ ആദ്യ രണ്ട് മത്സരവും തോറ്റിരുന്നു. ഇരുവരും അരങ്ങേറ്റ മത്സരം ജയിച്ചു. ബൂംറ ഏകദിന അരങ്ങേറ്റം നടത്തിയ മത്സരത്തില്‍ 6 റണ്‍സിനും നടരാജന്‍ അരങ്ങേറ്റം നടത്തിയ മത്സരത്തില്‍ 13 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്.

അരങ്ങേറ്റ ഏകദിനത്തില്‍ രണ്ട് വിക്കറ്റ് വീതമാണ് രണ്ടു പേരും വീഴ്ത്തിയതെന്നതാണ് ശ്രദ്ധേയം. ബൂംറ അരങ്ങേറ്റ ഏകദിനത്തില്‍ 10 ഓവറില്‍ 40 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയതെങ്കില്‍ നടരാജന്‍ 10 ഓവറില്‍ 70 റണ്‍സാണ് വിട്ടുകൊടുത്തത്.

ടി20 അരങ്ങേറ്റത്തില്‍ ഇരുവരും വീഴ്ത്തിയത് മൂന്ന് വിക്കറ്റാണ്. ബൂംറ നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് പിഴുതതെങ്കില്‍ നടരാജന്‍ നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. രണ്ടാം ടി20യില്‍ നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്താനും നടരാജന് സാധിച്ചു. മറ്റ് ബൗളര്‍മാര്‍ തല്ലുവാങ്ങിയിടത്താണ് നടരാജന്റെ നേട്ടം.

ഇരുവരും ഐപിഎല്ലിലൂടെയാണ് ഇന്ത്യന്‍ ടീമിലേക്ക് വളരുന്നത്. മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന ബൂംറ ഇന്ന് ലോകത്തെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണ്. അതേ സമയം ഇത്തവണത്തെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെയാണ് നടരാജന്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയത്. മികച്ച രീതിയില്‍ യോര്‍ക്കര്‍ എറിയാനുള്ള മികവാണ് നടരാജനെയും ബൂംറയേയും കൂടുതല്‍ അപകടകാരികളാക്കുന്നത്. വരുന്ന കാലത്ത് ഇന്ത്യയുടെ പേസ് നിരയില്‍ നിര്‍ണ്ണായക സാന്നിധ്യമായി നടരാജന്‍ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.


Click it and Unblock the Notifications