അഡ്‌ലെയ്ഡ്: ഇന്ത്യന്‍ ഏകദിന നായകനായുള്ള ശുഭ്മന്‍ ഗില്ലിന്റെ അരങ്ങേറ്റം ദുരന്തമായി മാറിയിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും തോറ്റ് തൊപ്പിയിട്ട ഇന്ത്യക്കു ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും നഷ്ടമായി.
നിര്‍ണായകമായ രണ്ടാമങ്കത്തില്‍ രണ്ടു വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ കെട്ടുകെട്ടിച്ചത്. ഇതോടെ പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡും ഓസീസ് കൈക്കലാക്കി. അവസാന മല്‍സരം ശനിയാഴ്ച സിഡ്‌നിയില്‍ നടക്കും.
265 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസീസിനു ഇന്ത്യ നല്‍കിത്. മാത്യു ഷോര്‍ട്ടിന്റെയും (74) കൂപ്പര്‍ കൊണോലിയുടെയും (61*) ഫിഫ്റ്റിയിലേറി 46.2 ഓവറില്‍ എട്ടു വിക്കറ്റിനു ഓസീസ് വിജയറണ്‍സും കുറിക്കുകയായിരുന്നു. 78 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറും ഷോര്‍ട്ട് പായിച്ചപ്പോള്‍ കൊണോലി 53 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമടിച്ചു.

മിന്നിച്ച് രോഹിത്തും ശ്രേയസും
പെര്‍ത്തിലെ ആദ്യ മല്‍സരത്തെ അപേക്ഷിച്ച് ബാറ്റിങില്‍ ഏറെ മെച്ചപ്പെട്ട പ്രകടനമാണ് അഡ്‌ലെയ്ഡില്‍ ഇന്ത്യ കാഴ്ചവച്ചത്. രോഹിത് ശര്‍മയുടയെയും (73) ശ്രേയസ് അയ്യരുടെയും (61) തകര്‍പ്പന്‍ ഫിഫ്റ്റികളാണ് ടീമിനെ 250 പ്ലസ് റണ്‍സ് കുറിക്കാന്‍ സഹായിച്ചത്.
അക്ഷര്‍ പട്ടേല്‍ (44) തുടരെ രണ്ടാമത്തെ കളിയിലും ബാറ്റിങില്‍ മികച്ച സംഭാവന നല്‍കിയപ്പോള്‍ വാലറ്റത്ത് ഹര്‍ഷിത് റാണയുടെ (24*) പ്രകടനവും എടുത്തു പറയേണ്ടതാണ്. ഓസീസിനായി ആദം സാംപ നാലും സാവിയര്‍ ബാര്‍ലെറ്റ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഏഴാം ഓവറില്‍ തന്നെ ടീമിനു ഇരട്ട പ്രഹരം നേരിട്ടു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഒമ്പതു റണ്‍സിനു മടങ്ങിയപ്പോള്‍ വിരാട് കോലി തുടരെ രണ്ടാമത്തെ കളിയിലും ഡെക്കാവുകയായിരുന്നു. ഇതോടെ ഇന്ത്യ രണ്ടിനു 17 റണ്‍സിലേക്കും വീണു. പെര്‍ത്തിലേതു പോലെ വീണ്ടുമൊരു കൂട്ടത്തകര്‍ച്ച ഇന്ത്യ ഭയന്നെങ്കിലും അതുണ്ടായില്ല.
മൂന്നാം വിക്കറ്റില്‍ രോഹിത്- ശ്രേയസ് ജോടി സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടു വന്നു. 136 ബോളില്‍ 118 റണ്‍സാണ് ഈ ജോടി കൂട്ടിച്ചേര്‍ത്തത്. ടീം സ്‌കോര്‍ 135ല്‍ വച്ചാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്. 97 ബോളില്‍ ഏഴു ഫോറും രണ്ടു സിക്‌സറുമടക്കം 73 റണ്‍സെടുത്ത രോഹിത്തിനെ മിച്ചെല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. പുള്‍ ഷോട്ടിനു ശ്രമിച്ച അദ്ദേഹത്തെ ജോഷ് ഹേസല്‍വുഡ് പിടികൂടുകയായിരുന്നു.

പിന്നീട് 50 പ്ലസ് കൂട്ടുകെട്ടുകളൊന്നും ഇന്ത്യന്‍ ഇന്നിങ്‌സില്‍ കണ്ടില്ല. ശ്രേയസും (61) വൈകാതെ മടങ്ങി. 77 ബോളില്‍ ഏഴു ഫോറുള്‍പ്പെടുന്നതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ആറാം വിക്കറ്റില്‍ അക്ഷര്‍- വാഷിങ്ടണ്‍ സുന്ദര്‍ സഖ്യം 39 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. പക്ഷെ ടീമിനെ 250 കടക്കാന്‍ സഹായിച്ചത് ഹര്‍ഷിത്- അര്‍ഷ്ദീപ് സിങ് സഖ്യമാണ്. 29 ബോൡ 37 റണ്‍സ് ഒമ്പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തു.
ടോസിനു ശേഷം ഓസീസ് ക്യാപ്റ്റന്‍ മിച്ചെല്‍ മാര്‍ഷ് ഇന്ത്യയോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്നെ ഇലവനെ തന്നെ ഈ കളിയിലും ഇന്ത്യ നിലനിര്‍ത്തി. സ്റ്റാര്‍ സ്പന്നര്‍ കുല്‍ദീപ് യാദവിനെ തിരികെ വിളിച്ചേക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
ആദ്യ കളിയിലെ ടീം കോമ്പിനേഷനില്‍ കോച്ച് ഗൗതം ഗംഭീര്‍ വീണ്ടും വിശ്വാസമര്‍പ്പിക്കുകയായിരുന്നു. മറുഭാഗത്തു ഓസീസ് ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തി. ഫിലിപ്പെ, എല്ലിസ്, ക്യുനെമാന്‍ എന്നിവര്‍ക്കു പകരം കാരി, ബാര്‍ലെറ്റ്, സാംപ എന്നിവര്‍ കളിക്കുകയും ചെയ്തു.
പ്ലെയിങ് 11
ഇന്ത്യ-രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.
ഓസ്‌ട്രേലിയ- മിച്ചെല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, മാത്യു ഷോര്‍ട്ട്, മാറ്റ് റെന്‍ഷാ, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കോണോളി, മിച്ചല്‍ ഓവന്‍, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്.