ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ തഴഞ്ഞതിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സഞ്ജുവിനേക്കാള്‍ മോശം റെക്കോര്‍ഡും, അനുഭവസമ്പത്ത് കുറവുമുള്ള റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ എന്നിവരടക്കമുള്ളവര്‍ ഓസീസിനെതിരേ ദേശീയ ടീമിന്റെ ഭാഗമാണ്.
പക്ഷെ 55ന് മുകളില്‍ ശരാശരിയുണ്ടായിട്ടും സഞ്ജു മൂന്നു മല്‍സരങ്ങുടെ പരമ്പയില്‍ നിന്നും തഴയപ്പെടുകയായിരുന്നു. അതിനിടെ തന്നെ ദേശീയ ടീമില്‍ നിന്നും ഒരിക്കല്‍ക്കൂടി തഴഞ്ഞതിനെക്കുറിച്ചുളള സഞ്ജുവിന്റെ പ്രതികരണം വൈറലായി മാറിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു താരം ഇതിനോടു പ്രതികരിച്ചത്.

വെറുമൊരു ചിരിക്കുന്ന ഇമോജിയായിരുന്നു സഞ്ജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വാക്കുകളിലൂടെ പ്രകടിപ്പിക്കാന്‍ കഴിയാത്ത പലതും ഈ ഇമോജിയില്‍ അദ്ദേഹം ഒളിച്ചു വച്ചിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ടീം പ്രഖ്യാപനത്തിനു ശേഷമായിരുന്നു സഞ്ജുവിന്‍റെ ഈ എഫ്ബി പോസ്റ്റ്.
സഞ്ജുവിന്റെ എഫ്ബി പോസ്റ്റിനു താഴെ നിരവധി ആരാധകരാണ് പിന്തുണയുമായി രംഗത്തു വന്നിരിക്കുന്നത്. കരുത്തനായിരിക്കൂ, നിങ്ങള്‍ക്കു മടങ്ങിവരാന്‍ സാധിക്കുമെന്നായിരുന്നു പലരും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് കുറിച്ചത്.
കരിയറില്‍ നിങ്ങള്‍ ഇതുവരെ കൈവരിച്ച നേട്ടങ്ങളില്‍ അഭിമാനിക്കൂയെന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം. മലയാളികളും ഇന്ത്യന്‍ ആരാധകരും മാത്രമല്ല നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലുള്ള ആരാധകരും സഞ്ജുവിനെ പിന്തുണച്ചു രംഗത്തു വന്നിട്ടുണ്ട്.

കരുത്തനായിരിക്കൂ, സഞ്ജു സാംസണ്‍, നിങ്ങള്‍ രാജ്യത്തിന്റെ ഭാവി ക്യാപ്റ്റനാണെന്നായിരുന്നു ഒരു പ്രതികരണം. ശക്തമായി തിരിച്ചുവരൂ, സൂഹൃത്തെ. സ്വന്തം ശക്തിയില്‍ ആത്മവിശ്വാസം പുലര്‍ത്തുക, നിങ്ങളുടെ കുറവുകളെ കരുത്താക്കി മാറ്റണമെന്നും ആരാധകര്‍ സഞ്ജുവിനോടു ആവശ്യപ്പെട്ടു.
ആത്മവിശ്വാസത്തോടെ ഇരിക്കൂ, സഞ്ജു സാംസണ്‍. എല്ലാവരുടെയും പിന്തുണ നിങ്ങള്‍ക്കാണ്, ദൈവം അനുഗ്രഹിക്കട്ടെയെന്നും ആരാധകര്‍ കുറിക്കുന്നു. കരുത്തനായിരിക്കൂ, നല്ല ദിവസങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. ഒരിക്കലും ആത്മവിശ്വാസം കൈവിടരുതെന്നും ആരാധകര്‍ പറയുന്നു.
അതേസമയം, തുടച്ചയായി മൂന്നു പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളില്‍ നിന്നും തഴയപ്പെട്ടതിനു പിന്നാലെയാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയുമായുള്ള പരമ്പരയിലും സഞ്ജു ഒഴിവാക്കപ്പെട്ടിരിക്കുന്നത്. നേരത്തേ ഏഷ്യന്‍ ഗെയിംസ്, ഏഷ്യാ കപ്പ്, ഐസിസി ഏകദിന ലോകകപ്പ് എന്നിവയിലും മലയാളി താരത്തിനു ടീമില്‍ ഇടം ലഭിച്ചിരുന്നില്ല.
ഏഷ്യാ കപ്പിനായി 17 അംഗ സ്‌ക്വാഡിനെയായിരുന്നു ഇന്ത്യ പ്രഖ്യാപിച്ചത്. 18ാമനായി, ട്രാവലിങ് റിസര്‍വായി സഞ്ജുവിനെയും ശ്രീലങ്കയിലേക്കു ഇന്ത്യ ഒപ്പം കൂട്ടിയിരുന്നു. പക്ഷെ കെഎല്‍ രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് സൂപ്പര്‍ ഫോര്‍ മല്‍സരങ്ങള്‍ക്കു മുമ്പ് ടീമിനൊപ്പം ചേര്‍ന്നതോടെ സഞ്ജുവിനെ ഇന്ത്യ നാട്ടിലേക്കു തിരികെ അയക്കുകയും ചെയ്തു.
അതേസമയം, അദ്ദേഹത്തെ ഇനി ഇന്ത്യന്‍ ടീമിനൊപ്പം കാണാന്‍ സാധ്യത നവംബറിലായിരിക്കും. നാട്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പിനു പിന്നാലെ ഓസ്‌ട്രേലിയയുമായി നാട്ടില്‍ ഇന്ത്യ ടി20 പരമ്പര കളിക്കുന്നുണ്ട്. ലോകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്നവര്‍ക്കു വിശ്രമം നല്‍കി രണ്ടാം നിര ടീമിനെയാവും ഇന്ത്യ ഈ പരമ്പരയില്‍ പരീക്ഷിച്ചേക്കുക. സഞ്ജു ഈ പരമ്പരയില്‍ തീര്‍ച്ചയായും ടീമില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.