മുംബൈ: ഏഷ്യാ കപ്പ്, ഏഷ്യന്‍ ഗെയിംസ്, ഏകദിന ലോകകപ്പ് ടീമുകളില്‍ നിന്ന് സഞ്ജു സാംസണെ തഴഞ്ഞതിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ തഴയപ്പെട്ടിരിക്കുകയാണ്. ഇന്ത്യ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിട്ടും സഞ്ജുവിന് ടീമില്‍ ഇടം നേടാനായില്ലെന്നതാണ് കൗതുകകരമായ കാര്യം. സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരെല്ലാം ഇടം പിടിച്ചപ്പോഴും അവരെക്കാളും മികച്ച കണക്കുള്ള സഞ്ജു പുറത്തായിരിക്കുകയാണ്.
തന്നെ ടീമില്‍ നിന്ന് പുറത്താക്കിയതിനോട് സഞ്ജു ആദ്യം പ്രതികരിച്ചത് പുഞ്ചിരിക്കുന്ന ഇമോജി പങ്കുവെച്ചാണ്. അതില്‍ നിന്ന് തന്നെ സഞ്ജു തന്റെ നിലപാട് വ്യക്തമാക്കിയതാണ്. ഇതൊന്നും തന്നെ ബാധിക്കില്ലെന്നും പതറില്ലെന്നുമുള്ള വ്യക്തമായ സന്ദേശം ആദ്യ പോസ്റ്റിലൂടെത്തന്നെ സഞ്ജു ആരാധകരുമായി പങ്കുവെച്ചിരുന്നു. സഞ്ജുവിന്റെ പോസ്റ്റ് വൈറലാവുകയും നിരവധി ആരാധകര്‍ പ്രതികരണം അറിയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ചിരിയില്‍ മാത്രം ഒതുക്കാതെ തന്റെ നിലപാട് വ്യക്തമാക്കി വീണ്ടുമൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍. 'ഇത് ഇങ്ങനെയൊക്കെയാണ്. ഞാന്‍ മുന്നോട്ട് തന്നെ പോകും' എന്നാണ് സഞ്ജു താന്‍ ബാറ്റുചെയ്യുന്ന ചിത്രത്തോടൊപ്പം പങ്കുവെച്ചത്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും അതിനായി കഠിനമായി ശ്രമിക്കുമെന്നുമുള്ള പ്രതീക്ഷ സഞ്ജുവിന്റെ പോസ്റ്റില്‍ കാണാനാവും. എന്നാല്‍ കടുത്ത നിരാശയും അതില്‍ നിന്ന് വ്യക്തം.
സഞ്ജുവിനെ സംബന്ധിച്ച് ഈ തഴയപ്പെടല്‍ പുത്തരിയല്ല. കരിയറിലുടെനീളം ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പില്‍ സഞ്ജുവിന് ഈ അവഗണന നേരിടേണ്ടി വന്നിട്ടുണ്ട്. എല്ലാ പ്രതിസന്ധികളേയും പുഞ്ചിരിയോടെ നേരിടുന്ന താരമാണ് സഞ്ജു. കേരളത്തില്‍ നിന്നായതിനാല്‍ത്തന്നെ സഞ്ജുവിനെ പിന്തുണക്കാനോ ശുപാര്‍ശ ചെയ്യാനോ പ്രമുഖരില്ല. ഇത് സഞ്ജുവിന്റെ അവസരങ്ങള്‍ കുറക്കുന്നതിന് പ്രധാന കാരണമായിട്ടുണ്ട്. സഞ്ജു തന്റെ അവസാന ഏകദിനം കളിച്ചത് വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ്.

51 റണ്‍സാണ് സഞ്ജു ഈ മത്സരത്തില്‍ നേടിയത്. സൂര്യകുമാര്‍ യാദവ് തുടര്‍ച്ചയായി ഫ്‌ളോപ്പായിട്ടും ലോകകപ്പ് ടീമിലടക്കം ഇടം നേടുന്നു. അപ്പോഴും സഞ്ജുവിന് അവഗണന മാത്രം. കരിയറില്‍ വലിയ തിരിച്ചടികള്‍ ഉണ്ടാവുകയും ടീമില്‍ നിന്ന് പല പ്രാവശ്യം പുറത്താവുകയും ചെയ്തിട്ടുള്ള താരമാണ് സഞ്ജു. എന്നാല്‍ അപ്പോഴെല്ലാം ശക്തമായ തിരിച്ചുവരവ് നടത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നു. ഇനിയും സഞ്ജുവിന് മുന്നില്‍ വാതില്‍ അടഞ്ഞിട്ടില്ല.
ഈ ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ വലിയ പൊളിച്ചെഴുത്തുണ്ടാവും. അപ്പോള്‍ ടീമിലേക്ക് തിരിച്ചുവരവ് സഞ്ജുവിന് പ്രതീക്ഷിക്കാം. എന്നാല്‍ കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത് എന്നിവരെല്ലാം യുവതാരങ്ങളാണെന്നതിനാലും ഏറെ കരിയര്‍ മുന്നിലുണ്ടെന്നതിനാലും സഞ്ജുവിന് മടങ്ങിവരവ് പ്രയാസമാകും. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലും സഞ്ജുവിന് ഇടം പ്രതീക്ഷിക്കാനാവില്ല. ഇന്ത്യക്കായി ടി20യില്‍ തിളങ്ങാന്‍ സഞ്ജുവിനായിട്ടില്ല.
അടുത്ത ഐപിഎല്ലില്‍ അതിഗംഭീര പ്രകടനം നടത്തിയാലും സഞ്ജുവിന് ടി20 ലോകകപ്പ് ടീമിലും ഇടം പ്രതീക്ഷിക്കാനാവില്ല. നിലവിലെ സാധ്യത പ്രകാരം സഞ്ജുവിന് മടങ്ങിവരവ് പ്രയാസമാണ്. എന്തായാലും സഞ്ജുവിനോട് ഇന്ത്യ കാട്ടുന്നത് കടുത്ത അനീതിയാണെന്ന് പറയാം. സഞ്ജു ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ച് അയര്‍ലന്‍ഡിലേക്കോ അമേരിക്കയിലേക്കോ പോകണമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ വിടില്ലെന്ന വ്യക്തമായ സൂചന സഞ്ജു തന്റെ പോസ്റ്റിലൂടെ നല്‍കുന്നു.
ഏഷ്യന്‍ ഗെയിംസിലെങ്കിലും സഞ്ജുവിന് അവസരം നല്‍കാമായിരുന്നു. അത് പോലും ചെയ്യാതിരുന്നതിന് പിന്നില്‍ കൃത്യമായ ഇടപെടലുണ്ട്. മുംബൈ ലോബിക്ക് മുന്നില്‍ ടീം സെലക്ഷന്‍ മുട്ടുകുത്തുമ്പോള്‍ അതിനെയെല്ലാം അതിജീവിച്ച് സഞ്ജു വീണ്ടും ഇന്ത്യന്‍ ജേഴ്‌സി അണിയുമെന്ന് പ്രതീക്ഷിക്കാം.