ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ ഇന്ത്യ വലിയ തകര്‍ച്ച നേരിടുകയാണ്. പ്രതീക്ഷിച്ചപോലെ തന്നെ ഇന്ത്യയുടെ ബാറ്റിങ് നിര ഓസീസില്‍ ദുരന്തമായിരിക്കുകയാണ്. പെര്‍ത്തില്‍ ലഭിച്ച മികച്ച തുടക്കത്തെ മുതലാക്കാന്‍ ഇന്ത്യക്ക് സാധിക്കാതെ പോയിരിക്കുകയാണ്. അഡ്‌ലെയ്ഡില്‍ 10 വിക്കറ്റിന് തോറ്റ ഇന്ത്യ ഗാബയില്‍ മഴ തുണച്ചില്ലെങ്കില്‍ ഇന്നിങ്‌സ് തോല്‍വി നേരിടാന്‍ പോവുകയാണ്. വലിയ നാണക്കേടിലൂടെയാണ് ഇന്ത്യയുടെ ബാറ്റിങ് നിര കടന്ന് പോകുന്നത്.
ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാറ്റം വേണമെന്ന മുറവിളി ഇതിനോടകം ശക്തമായി ഉയരുന്നുണ്ട്. മോശം ഫോമിലുള്ള ഇന്ത്യന്‍ താരങ്ങളെ മുഖം നോക്കാതെ ഇന്ത്യ പുറത്താക്കുമ്പോള്‍ ടെസ്റ്റില്‍ മികവ് കാട്ടാന്‍ കെല്‍പ്പുള്ള ചില താരങ്ങളെ ടീമിലേക്ക് കൊണ്ടുവരേണ്ടതായുമുണ്ട്. അടുത്ത ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യന്‍ ടീമില്‍ സമഗ്രമായ മാറ്റം അത്യാവശ്യമാണ്. ഇന്ത്യയുടെ പ്ലേയിങ് 11ലേക്ക് സഞ്ജു സാംസണ്‍, സായ് സുദര്‍ശന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ഇന്ത്യ കൊണ്ടുവരണം.
ഓസീസ് ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ പ്ലേയിങ് 11 ഇങ്ങനെ വന്നാല്‍ ഗംഭീരമാകാന്‍ സാധ്യതയുണ്ട്. ഇന്ത്യയുടെ പുതിയ ടെസ്റ്റ് 11 എങ്ങനെയാവുമെന്ന് പരിശോധിക്കാം.
സഞ്ജു മധ്യനിരയിലേക്ക് വരണം
ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമിന്റെ ഓപ്പണര്‍ റോളിലാണ് സഞ്ജു സാംസണ്‍ കളിക്കുന്നത്. മികച്ച പ്രകടനം നടത്തുന്ന താരത്തെ നിലവില്‍ ഇന്ത്യ മറ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ സഞ്ജുവിനെ ഇന്ത്യ ടെസ്റ്റിലേക്ക് പരിഗണിക്കേണ്ടതാണ്. ഗൗതം ഗംഭീറും രോഹിത് ശര്‍മയും സഞ്ജുവിനെ ടെസ്റ്റ് കളിപ്പിക്കുമെന്ന സൂചന നല്‍കിയിരുന്നെങ്കിലും ഇത് നടപ്പിലായിരുന്നില്ല. എന്നാല്‍ സഞ്ജുവിനെ ഇപ്പോള്‍ ടീമിലേക്ക് വിളിക്കേണ്ട സമയമാണ്.
മധ്യനിരയില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കുന്ന താരത്തെ ഇന്ത്യക്ക് ആവശ്യമാണ്. ഈ സീറ്റിലേക്ക് സഞ്ജു സാംസണിനെ കൊണ്ടുവരണം. ട്രാവിസ് ഹെഡ് ഓസ്‌ട്രേലിയന്‍ ടീമില്‍ സൃഷ്ടിക്കുന്ന ഇംപാക്ട് വളരെ വലുതാണ്. അതുപോലെ ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ശേഷിയുള്ളവനാണ് സഞ്ജു. അതുകൊണ്ടുതന്നെ സഞ്ജുവിന് ടെസ്റ്റിലേക്കും അവസരം നല്‍കേണ്ടത് അത്യാവശ്യമാണ്.

സായ് സുദര്‍ശന്‍ ഓപ്പണര്‍
രോഹിത് ശര്‍മ ഇന്ത്യയുടെ നായകനെന്ന നിലയിലും ഓപ്പണറെന്ന നിലയിലുമാണ് മിന്നിക്കുന്നത്. എന്നാല്‍ ഓസീസ് പര്യടനത്തില്‍ ഇത്തവണ ഓപ്പണര്‍ സ്ഥാനം വിട്ട് മധ്യനിരയിലേക്കിറങ്ങിയ രോഹിത്തിന് പ്രതീക്ഷിച്ച പ്രകടനം ടീമിനൊപ്പം നടത്താനാവുന്നില്ല. ഓപ്പണിങ്ങിലേക്ക് തിരിച്ചെത്തിയാലും രോഹിത്തിന് പഴയ മികവ് കാട്ടാന്‍ സാധിക്കുമെന്ന് കരുതാനാവില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ പുതിയൊരു ഓപ്പണറെ കണ്ടെത്തേണ്ടതായുണ്ട്.
കെ എല്‍ രാഹുലിനെ മധ്യനിരയിലേക്ക് മാറ്റി പകരം സായ് സുദര്‍ശനെ ഇന്ത്യ ഓപ്പണര്‍ റോളില്‍ വളര്‍ത്തണം. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ സായ് സുദര്‍ശന്‍ സമീപകാലത്തായി നടന്ന ആഭ്യന്തര ടെസ്റ്റ് പരമ്പരകളിലെല്ലാം മികവ് കാട്ടിയിട്ടുണ്ട്. ഇന്ത്യ എ ടീമിനൊപ്പം ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് സെഞ്ച്വറിയും നേടി. ഇന്ത്യക്കൊപ്പം വലിയ കരിയര്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ളവനാണ് സായ് സുദര്‍ശനെന്ന് നിസംശയം പറയാം.
ശ്രേയസ് അയ്യര്‍ നാലാമന്‍
വിരാട് കോലിയെ സൂപ്പര്‍ താര പദവിയോടെ ഇന്ത്യ വീണ്ടും വീണ്ടും കളിപ്പിക്കുകയാണ്. മോശം ഫോം വേട്ടയാടുന്ന വിരാട് കോലി കഴിഞ്ഞ നാല് വര്‍ഷത്തോളമായി നിരാശപ്പെടുത്തുകയാണ്. സ്ഥിരതയോടെ കളിക്കാത്ത കോലിക്ക് പഴയ സാങ്കേതിക മികവില്ല. ഓഫ്‌സൈഡ് കെണിയില്‍ തുടര്‍ച്ചയായി കുടുങ്ങുന്ന കോലി വഴിമാറേണ്ട സമയമായിരിക്കുകയാണ്. നാലാം നമ്പറില്‍ ഇന്ത്യ വിരാട് കോലിക്ക് പകരം ശ്രേയസ് അയ്യരെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.
കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ കളിച്ച് പലപ്പോഴും മികവ് കാട്ടാന്‍ ശ്രേയസിനായിട്ടുണ്ട്. മികച്ച സാങ്കേതിക മികവുള്ള ശ്രേയസിനെ ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് തിരികെ കൊണ്ടുവരേണ്ടതാണ്. സമീപകാലത്തായി ശ്രേയസ് ഇന്ത്യന്‍ ടീമിന് പുറത്താണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.
ഈ പ്ലേയിങ് 11 ബെസ്റ്റ്
സായ് സുദര്‍ശന്‍, യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍/മുഹമ്മദ് സിറാജ്, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി