മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളികളുടെ അഭിമാനമാണ് സഞ്ജു സാംസണ്‍. നിലവില്‍ ബിസിസി ഐ കരാറുള്ള ഏക കേരള താരമായ സഞ്ജു ടി20യില്‍ ഓപ്പണറെന്ന നിലയില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്ന് സെഞ്ച്വറികളാണ് ഈ വര്‍ഷം സഞ്ജു സാംസണ്‍ നേടിയെടുത്തത്. ഒരു കലണ്ടര്‍ വര്‍ഷം മൂന്ന് ടി20 സെഞ്ച്വറിയെന്നത് മറ്റാര്‍ക്കും നേടാനാവാത്ത നേട്ടമാണ്. സഞ്ജുവിനെ നിലവില്‍ ടി20യിലേക്ക് മാത്രമാണ് പരിഗണിക്കുന്നത്.
ഏകദിന ഫോര്‍മാറ്റിലും ടെസ്റ്റിലും സഞ്ജു ഇന്ത്യന്‍ ടീമിന് പുറത്താണ്. സഞ്ജുവിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇതുവരെ വിളിയെത്തിയിട്ടില്ല. ഇപ്പോഴിതാ ടെസ്റ്റ് കളിക്കാനുള്ള ആഗ്രഹം വീണ്ടും തുറന്ന് പറഞ്ഞിരിക്കുകയാണ് സഞ്ജു. അവസരം ലഭിച്ചാല്‍ ടെസ്റ്റ് കളിക്കാന്‍ താല്‍പര്യമുണ്ടെന്നും ഇതാണ് തന്റെ വലിയ സ്വപ്‌നമെന്നും നേരത്തെ സഞ്ജു വെളിപ്പെടുത്തിയിട്ടുള്ളതാണ്. ഇപ്പോള്‍ ഇതേ കാര്യം അദ്ദേഹം ആവര്‍ത്തിക്കുകയാണ്.
ഏത് ഉറക്കത്തില്‍ വിളിച്ചാലും ടീമിലെത്തും
ഏത് ഉറക്കത്തിലും ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയാല്‍ ആ സമയത്ത് തന്നെ ടീമിലേക്കെത്തുമെന്നാണ് സഞ്ജു സാംസണ്‍ ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞത്. നിലവില്‍ ഇടവേള ആഘോഷിച്ച് സഞ്ജു ദുബായിലാണുള്ളത്. ഇവിടെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് സഞ്ജു ടെസ്റ്റ് കളിക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞത്. ഇന്ത്യന്‍ ടീമിനായി കളിക്കുകയെന്നതാണ് പ്രധാനമെന്നും ഏത് ഫോര്‍മാറ്റിലും കളിക്കാന്‍ സജ്ജമാണെന്നും സഞ്ജു പറഞ്ഞു.
റിഷഭ് പന്താണ് നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍. എന്നാല്‍ ഇടം കൈയന്‍ താരത്തിന്റെ സമീപകാലത്തെ പ്രകടനങ്ങള്‍ മോശമാണ്. ഇന്ത്യ ഓസ്‌ട്രേലിയയില്‍ തോറ്റാല്‍ ടീമില്‍ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. എന്നാല്‍ സഞ്ജുവിന് ടെസ്റ്റ് ടീമിലേക്ക് വിളിയെത്താന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം. എന്നാല്‍ ഏകദിന ഫോര്‍മാറ്റിലേക്ക് സഞ്ജു തിരിച്ചെത്താന്‍ സാധ്യതയുണ്ട്. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ സഞ്ജു ഉണ്ടാവുമോയെന്നത് കണ്ടറിയാം.

രാജസ്ഥാന്‍ ടീമിലെ മാറ്റത്തില്‍ ആശങ്ക വേണ്ട
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു സാംസണ്‍. ഇത്തവണത്തെ മെഗാ ലേലത്തിലൂടെ വലിയ മാറ്റങ്ങള്‍ രാജസ്ഥാനില്‍ വന്നിട്ടുണ്ട്. സൂപ്പര്‍ താരം ജോസ് ബട്‌ലറെ കൈവിട്ട രാജസ്ഥാന്‍ ബൗളിങ് നിരയില്‍ നിന്ന് ട്രന്റ് ബോള്‍ട്ടിനേയും ആര്‍ അശ്വിനേയും യുസ് വേന്ദ്ര ചഹാലിനേയും ഒഴിവാക്കി. രാജസ്ഥാന്‍ ടീമിലെ വലിയ മാറ്റങ്ങള്‍ ആരാധകര്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് അറിയാമെന്നാണ് സഞ്ജു പ്രതികരിച്ചത്.
യുസ് വേന്ദ്ര ചഹാല്‍ തനിക്കെതിരേ പന്തെറിഞ്ഞാല്‍ എന്താകുമെന്നടക്കം ആരാധകര്‍ ചിന്തിക്കുന്നു. 2024 കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായാണ് കരുതുന്നതെന്നും ഇതേ ഫോം തുടരാമെന്നാണ് കരുതുന്നതെന്നുമാണ് സഞ്ജു പ്രതികരിച്ചത്. ഇനി ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലാവും സഞ്ജു ഇന്ത്യക്കായി കളിക്കുക. സഞ്ജുവിന് ഇതേ പ്രകടന മികവ് തുടരാന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇംഗ്ലണ്ട് ടി20 സഞ്ജുവിന് നിര്‍ണ്ണായകമാവും.
സഞ്ജു വിജയ് ഹസാരെ ട്രോഫിക്കില്ല
കേരളത്തിനൊപ്പം വിജയ് ഹസാരെ ട്രോഫി കളിക്കാന്‍ സഞ്ജു സാംസണില്ല. കേരളത്തിന്റെ ടീം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു സാംസണിന് ടീമില്‍ ഇടമില്ല. സഞ്ജുവിന്റെ അഭാവത്തെക്കുറിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ താരത്തിന് വിശ്രമം നല്‍കിയതാണെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി കളിക്കുന്ന സഞ്ജുവിന് വിശ്രമം അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്.
നിലവില്‍ സഞ്ജു ദുബായില്‍ ഇടവേള ആഘോഷിക്കുകയാണ്. ശ്രീശാന്തും സഞ്ജുവിനൊപ്പമുണ്ടായിരുന്നു. ദുബായില്‍ നിന്നുള്ള സഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്തായാലും സഞ്ജുവിന് വരുന്ന വര്‍ഷവും ഇന്ത്യക്കൊപ്പം കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് തന്നെ വിലയിരുത്താം.