Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഓസീസ് ഏകദിന പരമ്പര വരുന്നു, ഇന്ത്യന്‍ നിരയില്‍ ആരൊക്കെ? സാധ്യതാ ടീം ഇതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇപ്പോള്‍ ഐപിഎല്ലിന്റെ തിരക്കിലാണ്. സൂപ്പര്‍ പ്രകടനങ്ങളോടെ ഇന്ത്യയുടെ ഒട്ടുമിക്ക താരങ്ങളും കൈയടി നേടുകയാണ്. ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് വമ്പന്‍ പോരാട്ടങ്ങളാണ്. ആദ്യം നടക്കാനുള്ളത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ്. ജൂണ്‍ 20നാണ് ഈ പരമ്പര ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇതിന് ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയാണുള്ളത്. രണ്ട് മത്സരങ്ങളാണ് ഈ പരമ്പരയിലുള്ളത്.

ഇതിന് ശേഷം ഇന്ത്യ പരിമിത ഓവര്‍ പോരാട്ടങ്ങളിലേക്ക് കടക്കും. ടെസ്റ്റ് ക്രിക്കറ്റിന്റെ ക്ലാസിക് ശൈലിയില്‍ നിന്ന് ഏകദിന പോരാട്ട ചൂടിലേക്ക് ഇന്ത്യ കടക്കും. ഓസ്‌ട്രേലിയക്കെതിരേയുള്ള ഏകദിന പരമ്പരയാണ് ഇന്ത്യയെ ആദ്യം കാത്തിരിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. ഇതിന് ശേഷം അഞ്ച് ടി20യും നടക്കാനുണ്ട്. ഓസ്‌ട്രേലിയയിലാണ് പരമ്പര നടക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ക്ക് എളുപ്പമാവില്ലെന്നുറപ്പ്.

ഓസ്‌ട്രേലിയയില്‍ ജയിക്കാന്‍ ഇന്ത്യക്ക് ഏറ്റവും കരുത്തുറ്റ താരനിരയെത്തന്നെ കളത്തിലിറക്കേണ്ടതായുണ്ട്. ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായ ഇന്ത്യ ഓസീസില്‍ ഏകദിന പരമ്പരക്ക് ഇറക്കാന്‍ സാധ്യതയുള്ള ടീമില്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം.

നയിക്കാന്‍ രോഹിത് ഉണ്ടാവും

രോഹിത് ശര്‍മ തന്നെയാവും ഇന്ത്യയുടെ നായകസ്ഥാനത്ത് ഉണ്ടാവുകയെന്ന് ഉറപ്പാണ്. അടുത്ത ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ടാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ രോഹിത്തിന് കീഴില്‍ത്തന്നെയാവും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ഏകദിന പരമ്പര കളിക്കുകയെന്ന കാര്യം ഉറപ്പാണ്. ഓപ്പണറായി രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും കളിക്കുമെന്നുറപ്പാണ്. ബാക്കപ്പായി യശ്വസി ജയ്‌സ്വാള്‍ ഉണ്ടായേക്കില്ല. സായ് സുദര്‍ശനെ ഏകദിന ടീമിലേക്ക് കൊണ്ടുവരാനാണ് സാധ്യത കൂടുതല്‍.

സമീപകാലത്തെല്ലാം മികച്ച പ്രകടനമാണ് സായ് സുദര്‍ശന്‍ നടത്തുന്നത്. വിരാട് കോലിയും ടീമിലുണ്ടായേക്കും. അടുത്ത ലോകകപ്പ് കളിക്കാനാണ് കോലിയുടെ പദ്ധതി. അതുകൊണ്ടുതന്നെ കോലിക്ക് ഇനിയും അവസരം ലഭിച്ചേക്കും. ശ്രേയസ് അയ്യര്‍ക്കും ടീമില്‍ സ്ഥാനം ഉറപ്പാണ്. അവസാന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ശ്രേയസ് വഹിച്ചത്. അതുകൊണ്ടുതന്നെ ശ്രേയസിന് നിര്‍ണ്ണായക സ്ഥാനമുണ്ടാവും.

രാഹുലിനൊപ്പം സഞ്ജുവുണ്ടാവും

പ്രധാന വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലാവും ടീമിലുണ്ടാവുക. സീനിയര്‍ താരമായ രാഹുല്‍ ചാമ്പ്യന്‍സ് ട്രോഫിയിലും മികവ് കാട്ടിയിരുന്നു. അതുകൊണ്ടുതന്നെ ടീമില്‍ നിര്‍ണ്ണായകസ്ഥാനം രാഹുലിനുണ്ടാവുമെന്നുറപ്പാണ്. ബാക്കപ്പ് വിക്കറ്റ് കീപ്പറുടെ റോളില്‍ റിഷഭ് പന്തിനെ പരിഗണിച്ചേക്കില്ല. ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും റിഷഭിനെ കളിപ്പിച്ചിരുന്നില്ല. മോശം ഫോമിലൂടെ കടന്ന് പോകുന്ന റിഷഭിനെ ഇന്ത്യ ഏകദിന ടീമില്‍ നിന്ന് തഴയാനാണ് സാധ്യത. സഞ്ജു സാംസണിനെ ഏകദിന ടീമിലേക്കും കൊണ്ടുവന്നേക്കും.

rohit sharma shubman gill

നിലവില്‍ ഇന്ത്യയുടെ ടി20 ടീമില്‍ മാത്രമാണ് സഞ്ജു സാംസണിന് അവസരം. ഏകദിനത്തില്‍ മികച്ച റെക്കോഡ് സഞ്ജുവിന് അവകാശപ്പെടാനാവുമെങ്കിലും അവസരം ലഭിക്കുന്നില്ല. ഇപ്പോള്‍ ഇടവേളക്ക് ശേഷം സഞ്ജുവിന് അവസരം ലഭിക്കാനാണ് സാധ്യത. ഇഷാന്‍ കിഷനെ വീണ്ടും ടീമിലേക്ക് പരിഗണിക്കാന്‍ യാതൊരു സാധ്യതയും നിലവിലില്ല. രാഹുലിന് വിശ്രമം നല്‍കുന്ന സാഹചര്യത്തില്‍ സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്.

സിറാജ് തിരിച്ചെത്തും

നിലവില്‍ ഇന്ത്യയുടെ ഏകദിന ടീമിന് പുറത്താണ് മുഹമ്മദ് സിറാജ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നടക്കം സിറാജിനെ ഇന്ത്യ തഴഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഐപിഎല്ലിലടക്കം മിന്നും പ്രകടനം നടത്തുന്ന സിറാജിനെ ഇന്ത്യ ഏകദിന ടീമിലേക്ക് തിരികെ കൊണ്ടുവന്നേക്കും. ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണയും മുഹമ്മജ് ഷമി എന്നിവരും ടീമിലിടം നേടുമെന്നുറപ്പാണ്. ഓസ്‌ട്രേലിയയില്‍ പേസര്‍മാര്‍ക്ക് മുന്‍തൂക്കമുള്ളതിനാല്‍ ഇന്ത്യ ഇത് പരിഗണിച്ചുള്ള ടീമിനെയാവും തിരഞ്ഞെടുക്കുക.

ഇന്ത്യയുടെ സാധ്യതാ ടീം

രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ

Story first published: Wednesday, April 9, 2025, 14:08 [IST]
Other articles published on Apr 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+