മുംബൈ: ഏഷ്യാ കപ്പിലെ കിരീട നേട്ടത്തിന് പിന്നാലെ ഇന്ത്യയെ കാത്തിരിക്കുന്നത് ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയാണ്. 22നാണ് പരമ്പര ആരംഭിക്കുന്നത്. ഏകദിന ലോകകപ്പ് ഒക്ടോബര്‍ 5ന് ആരംഭിക്കാനിരിക്കെ ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് പരമ്പരയെ കാണുന്നത്. എന്നാല്‍ ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കവെ ഇന്ത്യ സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാവും ഓസീസ് പരമ്പരക്ക് ടീമിനെ ഇറക്കുകയെന്നാണ് വിവരം.
നായകന്‍ രോഹിത് ശര്‍മക്ക് വിശ്രമം നല്‍കി ഹാര്‍ദിക് പാണ്ഡ്യക്ക് കീഴിലാവും ഇന്ത്യ പരമ്പരക്കിറങ്ങുകയെന്നാണ് സൂചന. ഏഷ്യാ കപ്പില്‍ കോലിക്കും ഹാര്‍ദിക്കിനും ബുംറക്കുമെല്ലാം വിശ്രമം ലഭിച്ചപ്പോള്‍ രോഹിത്തിന് മാത്രം വിശ്രമം ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഓസീസ് പരമ്പരയില്‍ രോഹിത്തിന് വിശ്രമം നല്‍കേണ്ടത് അത്യാവശ്യമാണ്. ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്നത് രോഹിത്താണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഫിറ്റ്‌നസിന് പ്രാധാന്യമേറെ.
വിരാട് കോലിക്ക് ഏഷ്യാ കപ്പിലെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വിശ്രമം ലഭിച്ചിരുന്നു. എന്നാല്‍ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ഓസീസ് പരമ്പരയിലും കോലിയുണ്ടാകില്ല. കോലിക്ക് മാനസികമായ വിശ്രമം ലഭിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. ലോകകപ്പില്‍ ഏറ്റവും ശക്തമായ പ്രകടനത്തിലേക്ക് കോലിക്കെത്താന്‍ അദ്ദേഹത്തിന് വിശ്രമം നല്‍കിയേക്കുമെന്നാണ് വിവരം. കോലിക്ക് വിശ്രമം നല്‍കുന്നത് ടീം കരുത്തിനെ ബാധിക്കുമെങ്കിലും ലോകകപ്പ് വരാനിരിക്കെ അദ്ദേഹത്തിന് വിശ്രമം നല്‍കേണ്ടത് അനിവാര്യമാണ്.
ജസ്പ്രീത് ബുംറക്കും ഇന്ത്യ വിശ്രമം നല്‍കിയേക്കും. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചുവരുന്ന ബുംറക്ക് ഏഷ്യാ കപ്പിനിടെ ഒരു മത്സരത്തില്‍ വിശ്രമം ലഭിച്ചിരുന്നു. തിരിച്ചുവരവിന് ശേഷം അധികം മത്സരം ബുംറ കളിച്ചിട്ടില്ല. എങ്കിലും ഓസീസ് പരമ്പരയില്‍ നിന്ന് ബുംറ വിട്ടുനിന്നേക്കും. ഒന്നാമത്തെ കാരണം ബുംറയുടെ ജോലിഭാരം കുറക്കേണ്ടത് അത്യാവശ്യമായതിനാലാണ്. രണ്ടാമത്തെ കാരണം ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ എതിരാളികള്‍ ഓസ്‌ട്രേലിയയാണ്.

ബുംറയെ നേരിട്ട് തന്ത്രം മനസിലായാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ ലോകകപ്പില്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയയെ പൂട്ടാന്‍ ബുംറയെ വജ്രായുധമായി മാറ്റിവെക്കേണ്ടതായുണ്ട്. ഇന്ത്യ ലോകകപ്പില്‍ റിസര്‍വ് താരമായി പരിഗണിക്കാന്‍ സാധ്യതയുള്ള താരങ്ങളേയും ഓസീസ് പരമ്പരയില്‍ ഒപ്പം കൂട്ടിയേക്കുമെന്നാണ് വിവരം. സഞ്ജു സാംസണെ ഇന്ത്യ പരിഗണിച്ചേക്കുമെന്നാണ് സൂചന. ഏഷ്യാ കപ്പില്‍ റിസര്‍വ് താരമായി സഞ്ജു ഉണ്ടായിരുന്നു.
എന്നാല്‍ കെ എല്‍ രാഹുല്‍ തിരിച്ചെത്തിയതോടെ റിസര്‍വ് താരമെന്ന നിലയില്‍ നിന്നും സഞ്ജുവിനെ പുറത്താക്കി. ഏകദിന ലോകകപ്പില്‍ നിന്നും സഞ്ജു തഴയപ്പെട്ടു. എന്നാല്‍ സൂര്യകുമാര്‍ യാദവ് മോശം ഫോമില്‍ തുടരുകയും ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുകയും ചെയ്തത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ സഞ്ജുവിനെ ഒപ്പം കൂട്ടാനുള്ള പദ്ധതിയാണിടുന്നതെന്നാണ് വിവരം.
തിലക് വര്‍മയേയും സൂര്യകുമാര്‍ യാദവിനേയും ടീമില്‍ നിലനിര്‍ത്തിയേക്കും. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ രവീന്ദ്ര ജഡേജ തുടങ്ങിയവരും ടീമില്‍ തുടര്‍ന്നേക്കും. പരിക്കേറ്റ അക്ഷര്‍ പട്ടേലിന് പകരമായി ഇന്ത്യ വാഷിങ്ടണ്‍ സുന്ദറിനെയാവും ഒപ്പം കൂട്ടുക. ലോകകപ്പില്‍ അക്ഷറിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ പകരക്കാരനായി സുന്ദറിനാവും മുഖ്യ പരിഗണന ലഭിക്കുക. പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി എന്നിവരും ടീമിലുണ്ടാവുമെന്നാണ് വിവരം.
ശാര്‍ദ്ദുല്‍ താക്കൂറും പരമ്പരയ്ക്കുണ്ടാവും. ലോകകപ്പിന് മുമ്പ് ശാര്‍ദ്ദുലിന് തന്റെ മികവ് ഒന്നുകൂടി തെളിയിക്കാനുള്ള അവസരമാവും ലഭിക്കുക. ഓസീസ് ഇതിനോടകം ശക്തമായ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ ബെഞ്ച് കരുത്ത് പരീക്ഷിക്കാനുള്ള അവസരമായാവും ഓസീസ് പരമ്പരയെ കാണുക.
ഇന്ത്യയുടെ സാധ്യതാ ടീം: ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (c), രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്