മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വരാനിരിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണെന്ന് പറയാം. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും പ്രതീക്ഷകളേറെയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്താന്‍ ഓസ്‌ട്രേലിയയില്‍ ജയം നേടേണ്ടത് അത്യാവശ്യമാണെന്ന് തന്നെ പറയാം.
നിലവില്‍ ന്യൂസീലന്‍ഡിനോട് നാട്ടില്‍ ടെസ്റ്റ് പരമ്പര തോറ്റാണ് ഇന്ത്യ ഓസീസിലേക്ക് പോകാനൊരുങ്ങുന്നത്. ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളും നിരാശപ്പെടുത്തുന്ന പ്രകടനം നടത്തുമ്പോള്‍ ഇന്ത്യക്ക് മുകളില്‍ വലിയ സമ്മര്‍ദ്ദമാണുള്ളത്. ഇത്തവണ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സീറ്റ് നേടാനാവാതെ പോയാല്‍ ഗൗതം ഗംഭീറിനും രോഹിത് ശര്‍മക്കുമത് വലിയ തിരിച്ചടിയാവുമെന്നുറപ്പാണ്. ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ജയിക്കാന്‍ ടീമില്‍ മാറ്റം അനിവാര്യമാണ്. എന്തൊക്കെ മാറ്റമാണ് ഇന്ത്യ വരുത്തേണ്ടത്?. നോക്കാം.
സായ് സുദര്‍ശനെ ടീമിലെടുക്കണം
സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര പ്രകടനം നടത്തുന്ന താരമാണ് സായ് സുദര്‍ശന്‍. ഐപിഎല്ലിലൂടെ എല്ലാവര്‍ക്കും സുപരിചിതനായ താരം നിലവില്‍ ഇന്ത്യ എ ടീമിനൊപ്പം ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ്. ഓസ്‌ട്രേലിയ എ ടീമിനെതിരേ സെഞ്ച്വറിയോടെ മിന്നിക്കാന്‍ സായ് സുദര്‍ശന് സാധിച്ചിട്ടുണ്ട്. ക്ലാസിക് താരവും ഇടം കൈയനുമായ സായ് സുദര്‍ശന്‍ വേഗ പിച്ചില്‍ മികച്ച പ്രകടനം നടത്താന്‍ പ്രാപ്തിയുള്ളവനാണെന്ന് പറയാം.
ക്ഷമയോടെ ഇന്നിങ്‌സ് കെട്ടിപ്പടുക്കാനും ആവശ്യമുള്ള സമയത്ത് അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ സായ് സുദര്‍ശന് കഴിവുണ്ട്. മികച്ച ഫുട് വര്‍ക്കുള്ള താരം സ്പിന്നിനെതിരേ നന്നായി സ്വീപ് ഷോട്ടും കളിക്കും. രോഹിത് ശര്‍മക്ക് ഓസീസിലെ ആദ്യ മത്സരം നഷ്ടമാവുമ്പോള്‍ പകരം ഇന്ത്യ പരിഗണിക്കുന്നത് അഭിമന്യു ഈശ്വരനെയാണ്. എന്നാല്‍ ഇന്ത്യ എ ടീമിനൊപ്പം ഈശ്വരന്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.
ഈ സാഹചര്യത്തില്‍ ഇന്ത്യ ഈശ്വരനെ ഒഴിവാക്കി പകരം സായ് സുദര്‍ശനെ കളിപ്പിക്കേണ്ടതാണ്. ഈശ്വരനെക്കാള്‍ ഓസീസ് പിച്ചില്‍ തിളങ്ങാന്‍ സായ് സുദര്‍ശിന് സാധിക്കുമെന്നാണ് പ്രകടനം വിലയിരുത്തുമ്പോള്‍ വ്യക്തമാവുന്നത്.

മുകേഷ് കുമാര്‍ പ്രധാന ടീമിലെത്തണം
ഇന്ത്യക്ക് മികച്ച പേസ് കരുത്ത് വേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസീസില്‍ പരമ്പര നേടിയത് പേസര്‍മാരുടെ മികവിലായിരുന്നു. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി കൂട്ടുകെട്ടാണ് കസറിയിരുന്നത്. എന്നാല്‍ ഇത്തവണ പരിക്കേറ്റ ഷമി ഇന്ത്യന്‍ ടീമിലില്ല. സിറാജ് മോശം ഫോമിലാണുള്ളത്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാണ്. ഹര്‍ഷിത് റാണയെന്ന യുവതാരത്തേയും പ്രസിദ്ധ് കൃഷ്ണയേയും ഇന്ത്യ ടീമിലെടുത്തത് ഭാഗ്യ പരീക്ഷണമാണ്. ആകാശ് ദീപില്‍ പ്രതീക്ഷയുണ്ടെങ്കിലും പ്രസിദ്ധിയില്‍ അതില്ല.
പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് പ്രസിദ്ധ് എത്തുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയ മുകേഷ് കുമാറിനെ പ്രധാന ടീമിലേക്കെത്തിച്ച് പ്രസിദ്ധിനെ റിസര്‍വ് താരമാക്കണം. മുകേഷ് ഇന്ത്യ എ ടീമിനൊപ്പം ഓസ്‌ട്രേലിയയില്‍ ആറ് വിക്കറ്റ് പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഇത് കാണാതെ പോകാനാവില്ല. പ്രസിദ്ധിന്റെ സമീപകാല പ്രകടനങ്ങളൊന്നും മികച്ചതല്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ മുകേഷ് കുമാറിനെ പ്രധാന ടീമില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാം.
ഇന്ത്യയുടെ ഓസീസ് പര്യടനത്തിനുള്ള ടീം
രോഹിത് ശര്‍മ (c), ജസ്പ്രീത് ബുംറ (vc), യശ്വസി ജയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ദ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍. റിസര്‍വ് താരങ്ങള്‍: മുകേഷ് കുമാര്‍, നവദീപ് സൈനി, ഖലീല്‍ അഹമ്മദ്