പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലേക്ക് മുന്നേറുകയാണ്. ആദ്യ ഇന്നിങ്‌സില്‍ 150 റണ്‍സിന് കൂടാരം കയറിയ ഇന്ത്യ വലിയ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. എന്നാല്‍ മറുപടിക്കിറങ്ങിയ ഓസീസിനെ 104 റണ്‍സിന് ഓള്‍ഔട്ടാക്കി ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി. ഇന്ത്യയുടെ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ആവേശം ഉള്‍ക്കൊണ്ട് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ ഒന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് മുന്നേറിയത്.
കെ എല്‍ രാഹുലും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് ക്ലാസിക് പ്രകടനമാണ് പെര്‍ത്തില്‍ പുറത്തെടുത്തിരിക്കുന്നത്. ഓസീസിന്റെ കരുത്തുറ്റ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി അനാവശ്യ ഷോട്ടുകള്‍ക്ക് ശ്രമിക്കാതെ മനോഹരമായ ബാറ്റിങ്ങോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ടീമിന് അടിത്തറ പാകിയത്. ആദ്യ ഇന്നിങ്‌സില്‍ ഡെക്കായ ജയ്‌സ്വാള്‍ തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുള്ള പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. എന്തായാലും ചരിത്ര പ്രകടനത്തോടെ റെക്കോഡിട്ടിരിക്കുകയാണ് ഈ കൂട്ടുകെട്ട്.
20 വര്‍ഷത്തിനിടെ ഇതാദ്യം
അവസാന രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. എന്നാല്‍ അന്നൊന്നും ഇത്തരമൊരു ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യക്ക് നേടാനായിട്ടില്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ഓപ്പണിങ്ങില്‍ സെഞ്ച്വറി പ്രകടനം നടത്തുന്നത്. അതിന്റെ മുഴുവന്‍ കൈയടികളും രാഹുലും ജയ്‌സ്വാളും അര്‍ഹിക്കുന്നതാണ്. പെര്‍ത്ത് പിച്ച് പേസര്‍മാരുടെ കുത്തകയാണ്. ഇന്ത്യക്ക് മികച്ച റെക്കോഡ് അവകാശപ്പെടാനാവാത്ത പിച്ചാണിത്.
എന്നാല്‍ ഈ വെല്ലുവിളികളെയെല്ലാം മറികടന്നാണ് ഇപ്പോള്‍ ജയ്‌സ്വാളും രാഹുലും ചേര്‍ന്ന് ചരിത്രം രചിക്കുന്നത്. രാഹുല്‍ നേരത്തെ ഓസ്‌ട്രേലിയയില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരമാണ്. എന്നാല്‍ ഇന്ത്യ ഓപ്പണറായിരുന്ന രാഹുലിനെ മധ്യനിരയിലേക്ക് മാറ്റിയിരുന്നു. ഇടവേളക്ക് ശേഷം ഓപ്പണിങ്ങിലേക്ക് തിരിച്ചെത്തിയ രാഹുല്‍ തന്റെ മികവ് എന്താണെന്ന് കാട്ടിക്കൊടുക്കുന്ന ബാറ്റിങ്ങാണ് പെര്‍ത്തില്‍ കാഴ്ചവെച്ചത്.
യശ്വസി ജയ്‌സ്വാള്‍ ഓസ്‌ട്രേലിയയില്‍ കളിക്കുന്നത് ഇതാദ്യമായാണ്. ആദ്യ ഇന്നിങ്‌സില്‍ ഈ പരിമിതി ജയ്‌സ്വാളിന്റെ ബാറ്റിങ്ങിലുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ആദ്യ ഇന്നിങ്‌സിലെ തെറ്റ് ഉള്‍ക്കൊണ്ട് ശക്തമായ തിരിച്ചുവരവ് നടത്താന്‍ ജയ്‌സ്വാളിനായി എന്നതാണ് എടുത്തു പറയേണ്ടത്.

രോഹിത് ശര്‍മ പുറത്തിരിക്കട്ടെ
പെര്‍ത്തില്‍ ഇന്ത്യന്‍ നായകനും ഓപ്പണറുമായ രോഹിത് ശര്‍മ കളിക്കുന്നില്ല. രണ്ടാമത്തെ കുഞ്ഞ് പിറന്നതുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇടവേളയെടുത്തത്. പെര്‍ത്ത് ടെസ്റ്റ് കഴിയുന്നതിന് മുമ്പ് രോഹിത് ശര്‍മ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ രണ്ടാം മത്സരത്തില്‍ രോഹിത് ശര്‍മ ഇന്ത്യക്കായി കളിക്കാനുണ്ടാവും. എന്നാല്‍ രോഹിത് മടങ്ങിയെത്തിയാലും ബെഞ്ചിലിരുത്തണമെന്നാണ് ആരാധക പക്ഷം. ഇന്ത്യയുടെ നിലവിലെ ഓപ്പണിങ് കൂട്ടുകെട്ട് മികച്ചതാണ്.
ഇന്ത്യ പെര്‍ത്തില്‍ ജയിച്ചാല്‍ ഈ വിജയ കൂട്ടുകെട്ട് പൊളിക്കേണ്ടതില്ലെന്നാണ് പ്രമുഖരടക്കം പറയുന്നത്. എന്നാല്‍ രോഹിത് ശര്‍മ ഇന്ത്യയുടെ നായകനായതിനാല്‍ ഇത് സാധ്യമായേക്കില്ല. ഓപ്പണറായിത്തന്നെ രോഹിത് തിരിച്ചെത്തിയേക്കും. അങ്ങനെ വരുമ്പോള്‍ രോഹിത് ശര്‍മക്കായി കെ എല്‍ രാഹുല്‍ വഴിമാറേണ്ടി വരും. രാഹുല്‍ മധ്യനിരയിലേക്ക് പോകുമ്പോള്‍ ദ്രുവ് ജുറേലിന് പ്ലേയിങ് 11ലെ സ്ഥാനം നഷ്ടപ്പെടാനാണ് സാധ്യത കൂടുതല്‍.
രാഹുലിന് ചരിത്ര നേട്ടം
പെര്‍ത്തില്‍ അര്‍ധ സെഞ്ച്വറി നേടിയതോടെ ചരിത്ര നേട്ടത്തിലേക്കാണ് കെ എല്‍ രാഹുല്‍ എത്തിയിരിക്കുന്നത്. ഇത് എട്ടാം തവണയാണ് സെന രാജ്യത്ത് രാഹുല്‍ 50ലധികം റണ്‍സ് നേടുന്നത്. ഏഴ് തവണ ഈ നേട്ടത്തിലെത്തിയ രോഹിത് ശര്‍മയുടേയും ഗൗതം ഗംഭീറിന്റേയും റെക്കോഡുകളെയാണ് രാഹുല്‍ തകര്‍ത്തത്. ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് വിക്കറ്റ് പോവാതെ 44 ഓവറിലധികം ബാറ്റ് ചെയ്ത് കഴിഞ്ഞു. ഇതും പുതിയ റെക്കോഡാണ്.
ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് ഏറ്റവും കൂടുതല്‍ പന്ത് നേരിട്ട റെക്കോഡ് രാഹുലും ജയ്‌സ്വാളും പേരിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ 14 വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍ സെന രാജ്യത്ത് സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കുന്നതെന്നതാണ് എടുത്തു പറയേണ്ടത്.