അഡ്‌ലെയ്ഡ്: ഇന്ത്യ ഓസ്‌ട്രേലിയ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം നാളെ അഡ്‌ലെയ്ഡില്‍ ആരംഭിക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസീസിനെ ഞെട്ടിച്ച് വിജയം നേടിയിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തിലും ജയം തുടരാമെന്നാണ് ഇന്ത്യ കരുതുന്നത്. രണ്ടാം മത്സരം നടക്കുന്നത് പിങ്ക് ബോളിലാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് മുന്നില്‍ കൂടുതല്‍ ആശങ്കയാണുള്ളത്. കഴിഞ്ഞ തവണ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ 36 റണ്‍സിനാണ് ഓള്‍ഔട്ടായത്.
ഈ നാണക്കേട് ഇത്തവണ മാറ്റേണ്ടതായുണ്ട്. ആദ്യ മത്സരത്തില്‍ ഇന്ത്യ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് കളിച്ചത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ രോഹിത് തിരിച്ചെത്തിയതോടെ വീണ്ടും നായകസ്ഥാനം രോഹിത്തിലേക്കെത്തിയിരിക്കുകയാണ്. ബുംറക്ക് കീഴില്‍ ഇന്ത്യക്ക് ലഭിച്ച മികച്ച തുടക്കം മുതലാക്കി മുന്നോട്ട് പോകാന്‍ ഇന്ത്യക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്. രോഹിത് വന്നതോടെ ഇന്ത്യയുടെ പ്ലേയിങ് 11 ചില മാറ്റങ്ങള്‍ അത്യാവശ്യമായിരിക്കുകയാണ്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരമുള്ള ഇന്ത്യയുടെ സാധ്യതാ 11 ഇതാ.
രാഹുല്‍-ജയ്‌സ്വാള്‍ ഓപ്പണിങ് തുടരും
പെര്‍ത്തിലെ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് ഓപ്പണിങ് കൂട്ടുകെട്ടാണ്. കെ എല്‍ രാഹുലും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യക്കായി നേടിയത്. അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ട് രണ്ടാം ടെസ്റ്റിലും ഇന്ത്യ പൊളിക്കില്ല. മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യക്ക് ജയിക്കാന്‍ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ രോഹിത്തിനെ ഓപ്പണിങ്ങിലേക്ക് തിരിച്ചുവിളിക്കില്ല. രോഹിത്തിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണെന്നതാണ് എടുത്തു പറയേണ്ടത്.
രോഹിത് ശര്‍ മധ്യനിരയിലേക്കാണെന്നാണ് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതിയ വിവരം അനുസരിച്ച് രോഹിത് മൂന്നാം നമ്പറിലാവും കളിക്കുക. മൂന്നാം നമ്പറിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുക്കുന്ന ശുബ്മാന്‍ ഗില്‍ കളിക്കുക അഞ്ചാം നമ്പറിലാവുമെന്നാണ് വിവരം. ദേവ്ദത്ത് പടിക്കലാണ് ആദ്യ മത്സരത്തില്‍ മൂന്നാം നമ്പറില്‍ കളിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

റിഷഭ് പന്ത് ആറാം നമ്പറില്‍
രോഹിത് മൂന്നാം നമ്പറില്‍ കളിക്കുമ്പോള്‍ വിരാട് കോലി നാലാം നമ്പറില്‍ തുടരും. മോശം ഫോമിലായിരുന്ന കോലി പെര്‍ത്തില്‍ ഇരട്ട സെഞ്ച്വറിയടക്കം നേടി മിന്നിച്ചിരുന്നു. അഞ്ചാം നമ്പറിലേക്ക് ശുബ്മാന്‍ ഗില്ലെത്തിയാല്‍ താരത്തിന്റെ പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. ക്ലാസിക് താരമായ ഗില്‍ കൂടുതല്‍ ടോപ് ഓഡറിലാണ് കളിക്കുന്നത്. റിഷഭ് ആറാം നമ്പറിലേക്ക് ഇറങ്ങേണ്ടി വരും. ആദ്യ മത്സരത്തില്‍ റിഷഭിന് മികച്ച പ്രകടനം നടത്താനായില്ല.
എന്നാല്‍ രണ്ടാം ടെസ്റ്റ് റിഷഭ് പന്തിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. പിങ്ക് ബോള്‍ ടെസ്റ്റില്‍ അനായാസം മികവ് കാട്ടാന്‍ റിഷഭിന് സാധിക്കണം. നിര്‍ണ്ണായകമായ ആറാം നമ്പറില്‍ ഇന്ത്യയുടെ രക്ഷകനാവാന്‍ റിഷഭിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ദ്രുവ് ജുറേലിന് സ്ഥാനം നഷ്ടമാകുമെന്ന കാര്യം ഉറപ്പാണ്. ഏഴാം നമ്പറില്‍ നിതീഷ് കുമാര്‍ റെഡ്ഡി കളിക്കുമ്പോള്‍ എട്ടാം നമ്പറില്‍ വാഷിങ്ടണ്‍ സുന്ദര്‍ തുടര്‍ന്നേക്കും. രവീന്ദ്ര ജഡേജയെക്കാള്‍ ടീം ഇപ്പോള്‍ സുന്ദറിന്റെ ഓഫ് സ്പിന്നിനെ വിശ്വസിക്കുന്നു.
പേസ് നിരയില്‍ മാറ്റമില്ല
ഇന്ത്യ പേസ് നിരയില്‍ മാറ്റം വരുത്തിയേക്കില്ല. ജസ്പ്രീത് ബുംറയുടെ മിന്നും ഫോമിലാണ് പ്രതീക്ഷ. ആദ്യ മത്സരത്തില്‍ നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ ബുംറക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ നായകന്റെ സമ്മര്‍ദ്ദം മാറുമ്പോഴും ഇതേ മികവ് കാട്ടാന്‍ ബുംറക്ക് സാധിക്കേണ്ടതായുണ്ട്. മുഹമ്മദ് സിറാജും മികച്ച പ്രകടനം നടത്തിയിരുന്നു. യുവതാരം ഹര്‍ഷിത് റാണ മികച്ച ഫോമിലാണ്. സന്നാഹ മത്സരത്തില്‍ അദ്ദേഹം നാല് വിക്കറ്റടക്കം വീഴ്ത്തി മിന്നിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ പേസ് കൂട്ടുകെട്ടില്‍ മാറ്റം വരുത്തിയേക്കില്ല.