മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ആവേശകരമായി പുരോഗമിക്കവെ ചില താരങ്ങളുടെ പ്രകടനങ്ങള്‍ നിരാശപ്പെടുത്തുകയാണ്. ഇതില്‍ എടുത്തു പറയേണ്ടത് നായകന്‍ രോഹിത് ശര്‍മയുടെ പ്രകടനമാണ്. ആദ്യ ടെസ്റ്റ് കളിക്കാതിരുന്ന രോഹിത് രണ്ടും മൂന്നും ടെസ്റ്റില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മെല്‍ബണില്‍ രോഹിത്തിന്റെ ശക്തമായ തിരിച്ചുവരവ് എല്ലാവരും പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ ഓപ്പണര്‍ റോളിലേക്ക് മടങ്ങിയെത്തിയ താരത്തിന് വെറും മൂന്ന് റണ്‍സാണ് നേടാനായത്. പുള്‍ ഷോട്ടിന് ശ്രമിച്ച് തുടക്കത്തിലേ രോഹിത് വിക്കറ്റ് തുലക്കുകയായിരുന്നു. നായകനെന്ന നിലയില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത്തിന് സാധിക്കുന്നില്ല. ഫീല്‍ഡിങ് വിന്യസിക്കുന്നതിലും ബൗളിങ് ചെയ്ഞ്ച് വരുത്തുന്നതിലും ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ദുരന്തമായി മാറുകയാണെന്ന് പറയാം. ഇപ്പോഴിതാ രോഹിത്തിന്റെ ഭാവിയില്‍ കടുത്ത നീക്കത്തിനൊരുങ്ങുകയാണ് ഇന്ത്യ.
ഇതിന്റെ ഭാഗമായി മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ മെല്‍ബണിലേക്ക് എത്തിയിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം രോഹിത് ശര്‍മക്ക് ഈ പരമ്പരയോടെ പാഡഴിക്കേണ്ടി വന്നേക്കും.
രോഹിത് ശര്‍മ വിരമിക്കുമോ?
അഗാര്‍ക്കര്‍ തിടുക്കപ്പെട്ട് ഓസ്‌ട്രേലിയയിലേക്ക് വന്നത് പരിഗണിക്കുമ്പോള്‍ രോഹിത് ശര്‍മ വിരമിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ജസ്പ്രീത് ബുംറക്ക് കീഴില്‍ ഇന്ത്യ പെര്‍ത്തില്‍ ജയിച്ചിരുന്നു. എന്നാല്‍ നായകസ്ഥാനത്തേക്ക് രോഹിത് ശര്‍മ തിരിച്ചെത്തിയ ശേഷം രണ്ടാം ടെസ്റ്റില്‍ 10 വിക്കറ്റിനാണ് തോറ്റത്. ഗാബ ടെസ്റ്റിലും ഇന്ത്യ തോല്‍ക്കേണ്ടതായിരുന്നു. മഴ രക്ഷകനായതോടെ സമനിലയോടെ തടി തപ്പുകയായിരുന്നു. നായകനായും ബാറ്റ്‌സ്മാനായും രോഹിത്തിന് ഒന്നും ചെയ്യാനാകുന്നില്ല.
ടീമിന് ആത്മവിശ്വാസം നല്‍കാനും രോഹിത്തിന് സാധിക്കാതെ പോകുന്നു. ഈ സാഹചര്യത്തില്‍ രോഹിത്തിനെ മാറ്റി പകരം ബുംറയെ ക്യാപ്റ്റനായി കൊണ്ടുവരാനാണ് ഇന്ത്യയുടെ നീക്കം. രോഹിത് ശര്‍മയോട് ഇക്കാര്യം സംസാരിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ അഗാര്‍ക്കര്‍ മെല്‍ബണിലേക്ക് എത്തിയിരിക്കുന്നതെന്നാണ് വിവരം. എന്തായാലും നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ രോഹിത് ഇന്ത്യന്‍ ടീമില്‍ നിന്ന് വഴിമാറുന്നതാണ് നല്ലത്.

വിരാട് കോലിക്ക് ഇനിയും അവസരം
രോഹിത് ശര്‍മയുടെ കാര്യത്തില്‍ കടുത്ത നീക്കത്തിന് ഇനി ഒരുങ്ങുമ്പോഴും വിരാട് കോലിയുടെ കാര്യത്തില്‍ ടീം ഇപ്പോള്‍ ശക്തമായ നടപടിക്കില്ല. കോലി പരമ്പരയില്‍ ഒരു സെഞ്ച്വറി നേടിയിരുന്നു. സമീപകാലത്തായി വലിയ പ്രകടനം നടത്തുന്നില്ലെങ്കിലും മോശമല്ലാത്ത പ്രകടനം നടത്താന്‍ കോലിക്ക് സാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോലിയോട് തിടുക്കപ്പെട്ട് വിരമിക്കാന്‍ നിര്‍ദേശിക്കേണ്ടതില്ലെന്നാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനം.
അതുകൊണ്ടുതന്നെ കോലിക്ക് അല്‍പ്പം കൂടി സമയം ലഭിക്കും. അതേ സമയം രോഹിത്തിന്റെ സമീപകാലത്തെ പ്രകടനത്തോടൊപ്പം ഫിറ്റ്‌നസും മോശമായ സാഹചര്യത്തില്‍ അദ്ദേഹത്തെ ടെസ്റ്റില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതാണ് ടീമിന് നല്ലതെന്നാണ് ടീം മാനേജ്‌മെന്റ് വിലയിരുത്തുന്നത്. ഇത്തവണത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സീറ്റ് ഇന്ത്യക്ക് ഏറെക്കുറെ നഷ്ടമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രോഹിത് നായകസ്ഥാനത്ത് നിന്ന് മാറുന്നതാണ് ടീമിന് നല്ലത്.
ഗംഭീറും നിരാശയില്‍
രോഹിത് ശര്‍മയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തില്‍ പരിശീലകന്‍ ഗൗതം ഗംഭീറും നിരാശനാണ്. രോഹിത്തിനെ ഓപ്പണര്‍ സ്ഥാനത്തേക്കെത്തിക്കാന്‍ യുവ സൂപ്പര്‍ താരം ശുബ്മാന്‍ ഗില്ലിനെയാണ് ഇന്ത്യ പുറത്തിരുത്തിയത്. ഗില്ലിന്റേയും ഫോം മോശമാണെങ്കിലും പുറത്തിരുത്തേണ്ട താരമല്ല ഗില്‍. രോഹിത്തിനായി ഇത്രയും വിട്ടുവീഴ്ച ചെയ്തിട്ടും താരത്തിന് ഫോം കണ്ടെത്താനാവാത്തത് ടീം മാനേജ്‌മെന്റിനെയാകെ നിരാശപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ കടുത്ത നടപടി ഉറപ്പാണെന്നാണ് പുറത്തുവരുന്ന വിവരം. രോഹിത് ശര്‍മയുടെ കരിയറിലെ വലിയ നാണക്കേടായി ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ പര്യടനം മാറുകയാണെന്ന് തന്നെ പറയാം.