ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീം വന്‍ തോല്‍വിയേറ്റു വാങ്ങിയതിനു പിന്നാലെ നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. 184 റണ്‍സിന്റെ കനത്ത പരാജയമാണ് മെല്‍ബണില്‍ ഇന്ത്യക്കു നേരിടേണ്ടതായി വന്നത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-2നു പിന്നിലാവുകയും ചെയ്തിരിക്കുകയാണ്.
ക്യാപ്റ്റന്‍സിയില്‍ നിരാശപ്പെടുത്തിയ രോഹിത് ബാറ്റിങിലും തികഞ്ഞ പരാജയമായി മാറിയിരുന്നു. മെല്‍ബണില്‍ രണ്ടിന്നിങ്‌സുകളിലായി വെറും 13 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. പരമ്പരയിലാകെ രോഹിത് നേടിയതാവട്ടെ 31 റണ്‍സുമാണ്. ഇതേ തുടര്‍ന്നാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെ രോഹിത്തിനെതിരേ ഇര്‍ഫാന്‍ രംഗത്തുവന്നത്.
IND vs AUS: ഗില്‍ റിട്ടേണ്‍സ്, 2 വമ്പന്‍മാര്‍ പുറത്ത്!! ബുംറ നയിക്കും; സിഡ്‌നിയിലെ ഇന്ത്യന്‍ 11
പെര്‍ത്തിലെ ആദ്യ ടെസ്റ്റ് നഷ്ടമായ രോഹിത് രണ്ടാം ടെസ്റ്റ് മുതലാണ് ടീമിനൊപ്പം ചേര്‍ന്നത്. അഡ്‌ലെയഡ്‌ലിലെ രണ്ടാമങ്കത്തില്‍ 3,6 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍. പിങ്ക് ബോള്‍ ടെസ്റ്റ് കൂടിയായിരുന്നു ഇത്. മൂന്നാം ടെസ്റ്റില്‍ ഒരിന്നിങ്‌സില്‍ ബാറ്റ് ചെയ്ത് 10 റണ്‍സിന് മടങ്ങി. മെല്‍ബണിലാവട്ടെ 3,9 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.

ഇലവനില്‍ സ്ഥാനം കിട്ടില്ല
രോഹിത് ശര്‍മയെക്കുറിച്ച് സത്യസന്ധമായി പറയുകയാണെങ്കില്‍ ബാറ്റിങില്‍ അദ്ദേഹം ശരിക്കും ബുദ്ധിമുട്ടുകയാണ്. ഈയൊരു അവസ്ഥയില്‍ പ്ലെയിങ് ഇലവനില്‍ പോലും രോഹിത്തിനു സ്ഥാനവും ലഭിക്കില്ലായിരുന്നു. 20,000ത്തോളം റണ്‍സ് നേടിയിട്ടുള്ള ഒരു താരമാണ് അദ്ദേഹം. എന്നിട്ടും രോഹിത് പാടുപെടുന്നത് കാണുമ്പോള്‍ അദ്ദേഹത്തിന്റെ ഫോം ഒട്ടും തന്നെ സഹായിക്കുന്നില്ലെന്നു കാണാമെന്നും ഇര്‍ഫാന്‍ പഠാന്‍ വ്യക്തമാക്കി.
രോഹിത് ശര്‍മ ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റനായതു കൊണ്ടു മാത്രമാണ് പ്ലെയിങ് ഇലവനിലുള്ളത്. നായകനായിരുന്നില്ലെങ്കില്‍ അദ്ദേഹം കളിക്കുക പോലും ചെയ്യുന്നുണ്ടാവില്ല. നിങ്ങള്‍ക്കു വളരെ സെറ്റായിട്ടുള്ള ഒരു ടീമും ഉണ്ടാവുമായിരുന്നുവെന്നും ഇര്‍ഫാന്‍ നിരീക്ഷിച്ചു.
മോശം ഫോം
രോഹിത് ശര്‍മയില്ലെങ്കില്‍ കെഎല്‍ രാഹുലായിരിക്കും ഇന്ത്യക്കു വേണ്ടി മുന്‍നിരയില്‍ കളിക്കുന്നുണ്ടാവുക. യശസ്വി ജയ്‌സ്വാളും അവിടെയുണ്ടാവും. ശുഭ്മന്‍ ഗില്ലും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ കളിക്കുന്നുണ്ടാവും. പക്ഷെ രോഹിത് ശര്‍മ ഇപ്പോഴും ടീമില്‍ തുടരുകയാണ്. ക്യാപ്റ്റനാണ് എന്ന കാരണം കൊണ്ടു മാത്രമാണിത്.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി 2-2നു സമനിലയാക്കണമെങ്കില്‍ ഇന്ത്യക്കു അടുത്ത ടെസ്റ്റില്‍ ജയിച്ചേ തീരുകയുള്ളൂ. രോഹിത് ടീമില്‍ തുടരുക തന്നെ ചെയ്യും. പക്ഷെ അദ്ദേഹത്തിന്റെ ഫോം വളരെ മോശമാണെന്നും ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലും പതറി
ഓസ്‌ട്രേലിയയുമായി ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ മാത്രമല്ല അതിനു മുമ്പ് ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് എന്നിവരുമായി നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരകളിലും രോഹിത് ശര്‍മ ബാറ്റിങില്‍ പതറിയിരുന്നതായി ഇര്‍ഫാന്‍ പഠാന്‍ വ്യക്തമാക്കി.
ഓസ്‌ട്രേലിയയിലേക്കു വരുന്നതിനു മുമ്പ് ഇന്ത്യയില്‍ വച്ചും രോഹിത് ശര്‍മ കാര്യമായി റണ്‍സ് സ്‌കോര്‍ ചെയ്യുന്നുണ്ടായിരുന്നില്ല. ഇപ്പോഴും അദ്ദേഹത്തിനു റണ്ണെടുക്കാന്‍ സാധിക്കുന്നില്ല. രോഹിത് ബാറ്റ് ചെയ്യുന്നത് വളരെയധികം നിരാശപ്പെടുത്തുന്ന കാഴ്ചയായി മാറിയിരിക്കുകയാണ്. കാരണം രോഹിത്തിന്റെ ബാറ്റിങ് കാണാന്‍ വളരെയധികം ആഗ്രഹിക്കുന്നയാളാണ് ഞാന്‍. അതു ടെസ്റ്റ് ക്രിക്കറ്റായാലും ഏകദിന ക്രിക്കറ്റായാലും മാറ്റമില്ല.
പക്ഷെ ഇപ്പോള്‍ എന്താണ് യഥാര്‍ഥത്തില്‍ അദ്ദേഹത്തിനു സംഭവിച്ചതെന്നറിയില്ല. ഇതു മാനസികാവസ്ഥയുടെ പ്രശ്‌നമാണോ, അതോ ശരീരവുമായുള്ള ഏകോപനമാണോ ബാറ്റിങിനെ ബാധിക്കുന്നതെന്നു മനസ്സിലാവുന്നില്ലെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം 14 ടെസ്റ്റുകളിലായി 26 ഇന്നിങ്‌സുകളിലാണ് രോഹിത് കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 24.76 ശരാശരിയില്‍ നേടാനായത് 619 റണ്‍സ് മാത്രം. രണ്ടു വീതം സെഞ്ച്വറികളും ഫിഫ്റ്റിയുമടക്കമാണിത്. ഇംഗ്ലണ്ടുമായി ഈ വര്‍ഷമാദ്യം നാട്ടില്‍ നടന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ അദ്ദേഹം മികച്ച ഫോമിലായിരുന്നു. ഇന്ത്യ കിരീടം നേടിയ പരമ്പരയില്‍ 400 റണ്‍സ് രോഹിത് അടിച്ചെടുത്തിരുന്നു.