ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനു തയ്യാറെടുക്കുന്ന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ മധ്യനിര ബാറ്റര്‍ ഡാരില്‍ കള്ളിനെന്‍. നാട്ടിലെ ഫ്‌ളാറ്റ് പിച്ചുകളില്‍ മാത്രം ടെസ്റ്റ് കളിക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹമെന്നും വിദേശത്തു ഈ മിടുക്കില്ലെന്നും കള്ളിനെന്‍ തുറന്നടിക്കുകയും ചെയ്തു. ഇന്‍സൈഡ് സ്‌പോര്‍ട്ടിനു (Insidesport) നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാറ്ററെന്ന നിലയില്‍ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് രോഹിത് ഇപ്പോള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയയുമായുള്ള ആദ്യ ടെസ്റ്റ് നഷ്ടമായ ശേഷം രണ്ടാമങ്കത്തില്‍ തിരിച്ചെത്തിയ അദ്ദേഹം ബാറ്റിങിങിലും ക്യാപ്റ്റന്‍സിയും ഒരുപോലെ ദുരന്തമായി തീര്‍ന്നു. രണ്ടിന്നിങ്‌സുകളിലും ഒറ്റയക്ക സ്‌കോറിനാണ് രോഹിത് പുറത്തായത്. ടെസ്റ്റില്‍ ഇന്ത്യ പത്തു വിക്കറ്റിന്റെ കനത്ത തോല്‍വിയേറ്റു വാങ്ങുകയും ചെയ്തു.

വിദേശത്ത് ഫ്‌ളോപ്പാവും
ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ചുകളിലാണ് രോഹിത് ശര്‍മ ടെസ്റ്റുകളില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളതെന്നും വിദേശത്തെ ബൗണ്‍സുള്ള പിച്ചുകളില്‍ ഫ്‌ളോപ്പാവുകയാണ് പതിവെന്നും ഡാരില്‍ കള്ളിനെന്‍ ചൂണ്ടിക്കാട്ടി.
വിദേശത്തു രോഹിത് ശര്‍മയുടെ ബാറ്റിങ് പ്രകടനം ഒരിക്കലും എനിക്കു മികച്ചതായി തോന്നിയിട്ടില്ല. പ്രത്യേകിച്ചും സൗത്താഫ്രിക്കയില്‍ വളരെ പരിതാപകരമാണ് പ്രകടനം. ഫ്‌ളാറ്റ് ട്രാക്ക് ബുള്ളിയായിട്ടാണ് രോഹിത്തിനെ എനിക്കു തോന്നിയിട്ടുള്ളത്.
നാട്ടിലെ ടെസ്റ്റ് മല്‍സരങ്ങളില്‍ അദ്ദേഹത്തിന്റെ ഗംഭീര റെക്കോര്‍ഡ് ഇതു ശരിവയ്ക്കുകയും ചെയ്യുന്നു. ബൗണ്‍സുള്ള പിച്ചുകളില്‍ ബാറ്റ് ചെയ്യുമ്പോള്‍ രോഹിത്തിന് എല്ലായ്‌പ്പോഴും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ഈ തരത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടതായി വന്നപ്പോള്‍ അദ്ദേഹം വിഷമിച്ചിട്ടുണ്ടെന്നും കള്ളിനെന്‍ വ്യക്തമാക്കി.
രോഹിത്തിന് അമിത വണ്ണം
രോഹിത് ശര്‍മയുടെ ഫിറ്റ്‌നസിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഡാരില്‍ കള്ളിനെന്‍ ഉന്നയിച്ചിരിക്കുന്നത്. വിരാട് കോലിയെയും രോഹിത്തിനെയും താരതമ്യം ചെയ്ത അദ്ദേഹം ഇന്ത്യന്‍ നായകന് അമിതവണ്ണമാണുള്ളതെന്നും വിമര്‍ശിച്ചു.
രോഹിത് ശര്‍മയുടെ ഫിറ്റ്‌നസ് നിലവാരം വളരെ മോശം തന്നെയാണ്. അദ്ദേഹത്തിനു അമിതവണ്ണമാണ് ഇപ്പോഴുള്ളത്. ദീര്‍ഘകാലത്തേക്കു കള്ളിക്കാനുള്ള ശേഷി ഇപ്പോള്‍ രോഹിത്തിനില്ല. അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് അത്ര മാത്രം മോശമായിട്ടുണ്ടെന്നും കള്ളിനെന്‍ പറയുന്നു.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയുമായുള്ള രണ്ടാം ടെസ്റ്റില്‍ കളിക്കാനുള്ള രോഹിത്തിന്റെ തീരുമാനത്തെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. അഡ്‌ലെയ്ഡ് ഓവലിലെ പിങ്ക് ബോള്‍ ടെസ്റ്റിനു നെറ്റ്‌സില്‍ രോഹിത് വേണ്ടത്ര പരിശീലനം നടത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ ഈ ടെസ്റ്റില്‍ കളിക്കാതെ അദ്ദേഹം മാറി നില്‍ക്കുന്നതായിരുന്നു നല്ലതെന്നും കള്ളിനെന്‍ പറഞ്ഞു.
രണ്ടാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറയെ മാറ്റി രോഹിത് ശര്‍മയെ വീണ്ടും ക്യാപ്റ്റനാക്കിയ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ജസ്പ്രീത് ബുംറയ്ക്കു കീഴില്‍ ഇന്ത്യന്‍ ടീം 295 റണ്‍സിന്റെ വിജയം നേടിയതാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ മാറ്റി പകരം രോഹിത്തിനു നായകസ്ഥാനം നല്‍കേണ്ട ആവശ്യം എന്തായിരുന്നുവെന്നും കള്ളിനെന്‍ ചോദിക്കുന്നു.

ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് രോഹിത്തിനു ആദ്യ ടെസ്റ്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായി വന്നത്. ഇതേ തുടര്‍ന്ന് വൈസ് ക്യാപ്റ്റനായ ബുംറയ്ക്കു ടീമിനെ നയിക്കാന്‍ നറുക്കുവീഴുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ വെറും 150 റണ്‍സിനു പുറത്തായിട്ടും ബുംറയക്കു കീഴില്‍ ശക്തമായി തിരിച്ചുവന്ന് ഇന്ത്യ 295 റണ്‍സിന്റെ വമ്പന്‍ ജയം ആഘോഷിക്കുകയും ചെയ്യുകയായിരുന്നു.
എന്നാല്‍ രണ്ടാമങ്കത്തില്‍ രോഹിത് നായകസ്ഥാനത്തേക്കു വന്നതോടെ ഇന്ത്യക്കു പിഴയ്ക്കുകയും ചെയ്തു. വെറും മൂന്നു ദിവസം കൊണ്ടു തന്നെ പത്തു വിക്കറ്റിനാണ് കംഗാരുപ്പട ഇന്ത്യയെ വാരിക്കളഞ്ഞത്. രണ്ടിന്നിങ്‌സുകളിലും ടീമിന്റെ ടോട്ടല്‍ 200 റണ്‍സ് കടന്നതുമില്ല.