ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ബാറ്റിങില്‍ വലിയ നേട്ടം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇന്ത്യ വന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മല്‍സരത്തില്‍ 81 റണ്‍സ് അടിച്ചെടുത്താണ് അദ്ദേഹം പുറത്തായത്. 57 ബോളുകള്‍ നേരിട്ട ഹിറ്റ്മാന്റെ ഇന്നിങ്‌സില്‍ അഞ്ചു ഫോറുകളും ആറു സിക്‌സറുകളും ഉള്‍പ്പെട്ടിരുന്നു.
ഈ മല്‍സരത്തില്‍ ആദ്യ പവര്‍പ്ലേയില്‍ തന്നെ ഫിഫ്റ്റി തികയ്ക്കാന്‍ രോഹിത്തിനായിരുന്നു. ഇതോടെയാണ് അദ്ദേഹം എലൈറ്റ് ക്ലബില്‍ അംഗമായി മാറിയത്. 13 വര്‍ഷങ്ങള്‍ക്കു ശേഷം ഏകദിനത്തില്‍ പവര്‍പ്ലേയില്‍ തന്നെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയ ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഇതോടെ രോഹിത് തന്റെ പേരിലാക്കുകയും ചെയ്തു.

മാത്രമല്ല, ഏകദിനത്തില്‍ പവര്‍പ്ലേയിലെ തന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണ് രോഹിത് ഈ മല്‍സരത്തില്‍ കുറിച്ചത്. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരേ 10 ഓവറില്‍ 46 റണ്‍സ് സകോര്‍ ചെയ്തതായിരുന്നു അദ്ദേഹത്തിന്റെ നേരത്തേയുള്ള റെക്കോര്‍ഡ്.
എന്നാല്‍ ഈ കളിയില്‍ 54 റണ്‍സുമായി ഹിറ്റ്മാന്‍ അതു തിരുത്തുകയായിരുന്നു. ഈ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരേ പവര്‍പ്ലേയില്‍ 44ഉം 2017ല്‍ ശ്രീലങ്കയ്‌ക്കെതിരേ തന്നെ 43ഉം റണ്‍സെടുത്തതായിരുന്നു അദ്ദേഹത്തിന്റെ മറ്റു മികച്ച സ്‌കോറുകള്‍.
ഓസ്‌ട്രേലിയയുമായുള്ള ഇന്നത്തെ മല്‍സരത്തില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറായിരുന്നു. അസുഖം കാരണം ഇഷാന്‍ കിഷന്‍ ഈ കളിയില്‍ നിന്നും വിട്ടുനിന്നതോടെയാണ് വാഷിങ്ടണിനു ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ചത്. രോഹിത് തുടക്കം മുതല്‍ അഗ്രസീവ് മൂഡിലായിരുന്നെങ്കില്‍ വാഷിങ്ടണ്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കാനാണ് ശ്രമിച്ചത്.
വിന്റേജ് രോഹിത്തിനെ ഓര്‍മിപ്പിക്കുന്ന ചില ഷോട്ടുകളായിരുന്നു രോഹിത്തിന്റെ ബാറ്റില്‍ നിന്നും പറന്നത്. മിച്ചെല്‍ സ്റ്റാര്‍ക്കെറിഞ്ഞ ആദ്യ ഓവറില്‍ ഒരു ഫോറടക്കം ഹിറ്റ്മാന്‍ അഞ്ചു റണ്‍സാണ് നേടിയത്. പക്ഷെ ജോഷ് ഹേസല്‍വുഡിന്റെ അടുത്ത ഓവറില്‍ ഒരു സിംഗിള്‍ മാത്രമേ അദ്ദേഹം നേടിയുള്ളൂ.
സ്റ്റാര്‍ക്കെറിഞ്ഞ മൂന്നാം ഓവറില്‍ ഓരോ ഫോറും സിക്‌സറുമടക്കം 10 റണ്‍സ് ഹിറ്റ്മാന്‍ സ്‌കോര്‍ ചെയ്തു. ഹേസല്‍വുഡിന്റെ നാലാം ഓവറില്‍ ഒരു ഫോറാണ് അദ്ദേഹം നേടിയത്. അടുത്ത ഓവറില്‍ ഒരു സിക്‌സറടക്കം എട്ടു റണ്‍സ് രോഹിത് സ്‌കോര്‍ ചെയ്തു. അടുത്ത ഓവറില്‍ അദ്ദേഹം വീണ്ടുമൊരു സിക്‌സര്‍ പായിച്ചു.

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ ഏഴാം ഓവറില്‍ രണ്ടു സിക്‌സറുകളാണ് രോഹിത് വാരിക്കൂട്ടിയത്. ഇതോടെ അദ്ദേഹം 24 ബോളില്‍ 46 റണ്‍സിലെത്തി. തൊട്ടടുത്ത ഓവറില്‍ ഇന്ത്യന്‍ നായകന്‍ ഒരു റണ്‍സ് മാത്രമേ നേടിയുള്ളൂ.
ഒമ്പതാം ഓവറില്‍ രോഹിത് വീണ്ടുമൊരു സിംഗിളെടുത്ത് 48 റണ്‍സിലെത്തി. 10ം ഓവറില്‍ കാമറൂണ്‍ ഗ്രീനായിരുന്നു ബൗളര്‍. രണ്ടാമത്തെ ബോളില്‍ ഡബിളെടുത്ത് കരിയറിലാദ്യമായി പവര്‍പ്ലേയില്‍ തന്റെ ഫിഫ്റ്റിയും പൂര്‍ത്തിയാക്കി.
അതേസമയം, പരമ്പര തൂത്തുവാരാന്‍ 353 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 32 ഓവറുകള്‍ കഴിയുമ്പോള്‍ മൂന്നു വിക്കറ്റിനു 203 റണ്‍സെടുത്തിട്ടുണ്ട്. 31 റണ്‍സുമായി ശ്രേയസ് അയ്യരും 15 റണ്‍സോടെ കെഎല്‍ രാഹുലുമാണ് ക്രീസില്‍. ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യക്കു ജയിക്കാന്‍ 150 റണ്‍സാണ് ഇനി വേണ്ടത്.