സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടെസ്റ്റ് സിഡ്‌നിയില്‍ അവസാനിക്കുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്ന വാര്‍ത്തകളിലൊന്ന് രോഹിത് ശര്‍മയുടെ വിരമിക്കല്‍ പ്രഖ്യാപനമാണ്. നിര്‍ണ്ണായകമായ സിഡ്‌നി ടെസ്റ്റിലെ പ്ലേയിങ് 11 നിന്ന് തഴയപ്പെട്ട രോഹിത് ശര്‍മ പരമ്പരക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടാണ് സജീവമായുള്ളത്. ഏഴിന് താഴെയാണ് പരമ്പരയിലെ രോഹിത്തിന്റെ ശരാശരി. മോശം ഫോം രോഹിത്തിനെ വേട്ടയാടുകയാണ്.
ഈ സാഹചര്യത്തില്‍ രോഹിത് വിരമിക്കുമെന്ന് വിലയിരുത്തപ്പെട്ടാല്‍ അതിനെ തെറ്റ് പറയാനാവില്ല. സിഡ്‌നിയില്‍ നിന്ന് തഴയപ്പെട്ടതോടെ ഈ അഭ്യൂഹം കൂടുതല്‍ ശക്തമായി. എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് തന്റെ ഭാവിയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് രോഹിത് ശര്‍മ. താന്‍ വിരമിക്കാന്‍ പദ്ധതിയിടുന്നില്ലെന്നും ഇനിയും കളി തുടരുമെന്നുമാണ് ഹിറ്റ്മാന്‍ വ്യക്തമാക്കിയത്. രണ്ടാം ദിനത്തിലെ ഉച്ച ഭക്ഷണത്തിന്റെ ഇടവേളയ്ക്കിടെ സംസാരിക്കുകയായിരുന്നു രോഹിത് ശര്‍മ.
മാറി നിന്നത് വിരമിക്കാനല്ല
സിഡ്‌നി ടെസ്റ്റില്‍ നിന്ന് മാറി നില്‍ക്കാനുള്ള കാരണം സ്വയമെടുത്തതാണെന്നാണ് രോഹിത് ശര്‍മ വ്യക്തമാക്കിയത്. വിരമിക്കണമെന്ന ഉദ്ദേശത്തോടെയല്ല മാറി നിന്നത്. സമീപകാലത്തെ ബാറ്റിങ് പ്രകടനം പ്രതീക്ഷക്കൊത്തുള്ളതല്ല. സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ നിര്‍ണ്ണായക മത്സരത്തില്‍ നിന്ന് മാറി യുവതാരത്തിന് അവസരം നല്‍കണമെന്നാണ് കരുതിയത്. ടീമിനുവേണ്ടിയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല.
എന്റെ തീരുമാനമായിരുന്നു ഇത്. വിരമിക്കണമെന്ന് ഇപ്പോള്‍ കരുതുന്നില്ല. ഈ മത്സരത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ മാത്രമാണ് തീരുമാനം. വരുന്ന പരമ്പരകളിലുണ്ടാവും. ഞാന്‍ എവിടേയും പോകില്ലെന്നാണ് രോഹിത് പറയുന്നത്. രോഹിത് വളരെ സന്തോഷവാനായാണ് കാണപ്പെട്ടത്. അതുകൊണ്ടുതന്നെ ഗൗതം ഗംഭീര്‍ രോഹിത്തിനെ പ്ലേയിങ് 11 നിന്ന് തഴഞ്ഞതാണെന്ന് കരുതാനാവില്ല. എന്തായാലും രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹത്തിനാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്.

രോഹിത്തിന് തിരിച്ചുവരവ് എളുപ്പമല്ല
രോഹിത് ശര്‍മക്ക് പ്ലേയിങ് 11ലേക്ക് തിരിച്ചുവരവ് എളുപ്പമല്ലെന്ന് തന്നെ പറയാം. പ്രധാന കാരണം അദ്ദേഹത്തിന്റെ മോശം ഫോമാണ്. നായകനായും ക്യാപ്റ്റനായും രോഹിത് ശര്‍മ ഫ്‌ളോപ്പാണ്. അതുകൊണ്ടുതന്നെ മടങ്ങിയെത്തണമെങ്കില്‍ അദ്ദേഹം ഫോം തെളിയിക്കേണ്ടതായുണ്ട്. ജസ്പ്രീത് ബുംറക്ക് കീഴില്‍ ഇന്ത്യ ശോഭിക്കവെ രോഹിത് ശര്‍മക്ക് എളുപ്പത്തില്‍ മടങ്ങിവരാനാകില്ലെന്ന് തന്നെ പറയാം. എന്തായാലും താന്‍ ഉടന്‍ വിരമിക്കില്ലെന്ന് രോഹിത് ശര്‍മ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.
അടുത്ത ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മ ഉണ്ടാകുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. ഇത്തവണ രോഹിത് ഫോം ഔട്ടാകാന്‍ പല കാരണങ്ങളുമുണ്ട്. ആദ്യ ടെസ്റ്റ് നഷ്ടമായ ശേഷമാണ് രോഹിത് ടീമിലേക്കെത്തുന്നത്. വേണ്ടത്ര മുന്നൊരുക്കം ഓസ്‌ട്രേലിയയില്‍ നടത്താന്‍ രോഹിത്തിന് സാധിച്ചിട്ടില്ല. ഇതെല്ലാം രോഹിത്തിന്റെ പ്രകടനം മോശമാകാന്‍ കാരണമായിട്ടുണ്ട്. അഞ്ചാം ടെസ്റ്റ് നിര്‍ണ്ണായകമായതിനാല്‍ അദ്ദേഹം ഇടവേളയെടുത്തതാണ്. അതുകൊണ്ടുതന്നെ ഇനിയും രോഹിത് മിന്നും പ്രകടനം തുടരുമെന്ന് തന്നെ കരുതാം.
ബുംറയുടെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ചു
രോഹിത് ശര്‍മ വിശ്രമമെടുത്തപ്പോള്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുന്നത്. ബുംറയുടെ നായക മികവിനെ രോഹിത് പ്രശംസിച്ചു. മികച്ച മനോഭാവത്തോടെയാണ് അവന്‍ ടീമിനെ നയിക്കുന്നതെന്നും നല്ല നേതാവാണെന്നുമാണ് രോഹിത് അഭിപ്രായപ്പെട്ടത്. പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാനും വിജയത്തിലേക്കെത്തിക്കാനും ബുംറക്ക് സാധിച്ചിരുന്നു.
ഇതിന് ശേഷം രോഹിത് തിരിച്ചെത്തിയപ്പോള്‍ ബുംറ നായകസ്ഥാനം കൈമാറുകയായിരുന്നു. സിഡ്‌നിയില്‍ ഇന്ത്യക്ക് ജയിക്കാനായാല്‍ ബുംറയുടെ ക്യാപ്റ്റന്‍സിയുടെ മികവാകും എടുത്തു പറയേണ്ടത്. എന്തായാലും ബുംറയുടെ നായകനെന്ന നിലയിലെ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ബുംറക്ക് ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാനാവുമോയെന്നത് കണ്ടറിയാം.