മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയന്‍ പരമ്പരക്കായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുകയാണ്. അവസാന രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയ ടീമാണ് ഇന്ത്യ. ഇത്തവണ ഹാട്രിക് പരമ്പര നേട്ടം പ്രതീക്ഷിച്ചാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ഇറങ്ങാനിരിക്കുന്നത്. അതുകൊണ്ടുതന്നെ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടത് ഓസ്‌ട്രേലിയയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. നാട്ടില്‍ ജയിക്കാന്‍ ഓസീസും തോല്‍ക്കാതിരിക്കാന്‍ ഇന്ത്യയും ശ്രമിക്കുമ്പോള്‍ പോരാട്ടം തീപാറും.
ഓസ്‌ട്രേലിയക്ക് കരുത്തുറ്റ താരനിര ഇത്തവണയുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് എളുപ്പമാവില്ലെന്നുറപ്പാണ്. അവസാന രണ്ട് തവണയും ഇന്ത്യ പരമ്പര നേടിയപ്പോള്‍ റിഷഭ് പന്തിന്റെ പ്രകടനമാണ് ഏറ്റവും നിര്‍ണ്ണായകമായത്. ഓസ്‌ട്രേലിയക്ക് സര്‍വാധിപത്യമുണ്ടായിരുന്ന ഗാബ ടെസ്റ്റിലടക്കം ഇന്ത്യ ജയിച്ചതിന് കാരണം റിഷഭിന്റെ ഹീറോയിസമാണ്. ഇപ്പോഴിതാ ഓസ്‌ട്രേലിയയില്‍ താന്‍ പയറ്റുന്ന തന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ് റിഷഭ്.
മാനസികമായി കളിക്കാന്‍ സാധിക്കണം
365 ദിവസവും ക്രിക്കറ്റ് കളിച്ചിരുന്ന സമയമായിരുന്നു 2021ലേത്. അതുകൊണ്ടുതന്നെ ക്രിക്കറ്റ് മാത്രമായിരുന്നു മനസില്‍. ഓസ്‌ട്രേലിയയിലേക്ക് പോകുമ്പോള്‍ ബൗണ്‍സിനെയും ഷോര്‍ട്ട് ബോളിനേയും നന്നായി നേരിടാന്‍ സാധിക്കണം. കാരണം ഇവിടുത്തെ വിക്കറ്റും സാഹചര്യവും വളരെ വ്യത്യസ്തമാണ്. നിങ്ങളെ ഒരു തരത്തിലും ജയിപ്പിക്കാന്‍ ഓസ്‌ട്രേലിയ ആഗ്രഹിക്കില്ല. അതുകൊണ്ടുതന്നെ പോരാട്ടം കൂടുതല്‍ ശക്തമാവും. ഓസ്‌ട്രേലിയയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിക്കുന്നതിലും വലിയ അനുഭൂതിയില്ല.
ഓസ്‌ട്രേലിയ ടീമെന്ന നിലയില്‍ പൊതുവേ ശക്തമായ പോരാട്ടം നടത്തുന്ന ടീമാണ്. ഒന്നും എളുപ്പത്തില്‍ നിങ്ങള്‍ക്ക് വിട്ടുതരുന്നവരല്ല അവര്‍. ആക്രമണോത്സകതയോടെ കളിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ആദ്യ ഇടി ഇടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ആരെങ്കിലും എന്നെ ഇടിച്ചാല്‍ ഞാന്‍ ക്ഷമിച്ച് നോക്കിനില്‍ക്കില്ല. ഈ മാനസികാവസ്ഥയോടെ വേണം ഓസ്‌ട്രേലിയയില്‍ കളിക്കാന്‍' - റിഷഭ് പന്ത് പറഞ്ഞു. ഓസീസ് പൊതുവേ സ്ലെഡ്ജ് ചെയ്യാന്‍ മടിയില്ലാത്ത ടീമാണ്. അവരെ ഇതേ രീതിയില്‍ത്തന്നെ തിരിച്ചടിക്കണമെന്നാണ് റിഷഭ് പറയുന്നത്.

ഗാബ ടെസ്റ്റിന്റെ വിജയം എത്ര വലുതാണെന്ന് അറിയില്ല
ഗാബ ഓസ്‌ട്രേലിയയുടെ കുത്തകയാണ്. സന്ദര്‍ശക ടീമുകള്‍ എവിടെയൊക്കെ തോല്‍പ്പിച്ചാലും ഗാബയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്നത് അവരുടെ അഹങ്കാരമായിരുന്നു. എന്നാല്‍ ഈ അഹങ്കാരം തീര്‍ക്കാന്‍ റിഷഭിന്റെ സഹായത്തോടെ ഇന്ത്യക്ക് സാധിച്ചു. എന്നാല്‍ ഇത്രത്തോളം വലിയ ജയമാണ് ഗാബയിലേതെന്ന് ആദ്യം തിരിച്ചറിഞ്ഞില്ലെന്നും രോഹിത് ശര്‍മയാണ് പിന്നീട് ഇക്കാര്യം പറഞ്ഞതെന്നുമാണ് റിഷഭ് വെളിപ്പെടുത്തിയത്.
'രോഹിത് ഭായിയാണ് എന്നോട് ചോദിച്ചത് നീ എന്താണ് ചെയ്തതെന്ന് നിനക്കറിയാമോയെന്ന്. ഞാന്‍ അപ്പോള്‍ ഞാന്‍ എന്താണ് ചെയ്തതെന്ന് മനസിലാകാത്ത അവസ്ഥയില്‍ നില്‍ക്കുകയായിരുന്നു. എന്റെ ലക്ഷ്യം മത്സരം ജയിക്കുകയെന്നത് മാത്രമായിരുന്നു. എന്നാല്‍ രോഹിത് ഭായിയാണ് ഇതിന്റെ പ്രാധാന്യം പറഞ്ഞ് തന്നത്. പിന്നീട് പലപ്പോഴും ആളുകള്‍ ഗാബ ടെസ്റ്റിനെക്കുറിച്ച് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഈ മത്സരം ഇത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ അപ്പോഴാണ് മനസിലാക്കിയത്' റിഷഭ് പറഞ്ഞു.
ഇത്തവണ ഇന്ത്യക്ക് കടുപ്പം
ഇത്തവണയും മികച്ച താരനിരയോടെ ഇന്ത്യ കളിക്കാനിറങ്ങുന്നതെങ്കിലും ഓസീസ് കരുത്തുയര്‍ത്തിയാണ് തട്ടകത്തിലിറങ്ങുന്നത്. സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബാറ്റിങ് നിര ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വലിയ തലവേദന സൃഷ്ടിക്കും. മുഹമ്മദ് ഷമിയുടെ അഭാവം ഇന്ത്യയെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്.
പേസ് ഓള്‍റൗണ്ടറുടെ അഭാവവും ഇന്ത്യക്ക് തലവേദനയാണ്. ഓസീസിനോട് പരമ്പര നിലനിര്‍ത്താന്‍ സാധിക്കാതെ പോയാല്‍ പരിശീലകന്‍ ഗൗതം ഗംഭീറിനും അത് വലിയ നാണക്കേടായി മാറുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്കും ഓസീസിനും ഇത്തവണത്തെ പരമ്പര അഭിമാന പ്രശ്‌നമാണ്.