പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. 73 റണ്‍സിനിടെ ഇന്ത്യയുടെ ആറ് വിക്കറ്റുകളാണ് വീണത്. പ്രതീക്ഷവെച്ച പല താരങ്ങളും നിരാശപ്പെടുത്തിയാണ് പുറത്തായത്. യശ്വസി ജയ്‌സ്വാളും ദേവ്ദത്ത് പടിക്കലും ഡെക്കിന് പുറത്തായപ്പോള്‍ വിരാട് കോലിക്ക് 5 റണ്‍സാണ് നേടാനായത്.
ദ്രുവ് ജുറേല്‍ 11 റണ്‍സും കെ എല്‍ രാഹുല്‍ 26 റണ്‍സും വാഷിങ്ടണ്‍ സുന്ദര്‍ നാല് റണ്‍സുമെടുത്ത് പുറത്തായി. എന്നാല്‍ പതിവ് തെറ്റിക്കാതെ റിഷഭ് പന്ത് ഓസ്‌ട്രേലിയയില്‍ മിന്നും പ്രകടനം തുടരുകയാണ്. അരങ്ങേറ്റ് താരം നിതീഷ് കുമാര്‍ റെഡ്ഡിയോടൊപ്പം ചേര്‍ന്ന് ഇന്ത്യയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ് റിഷഭ്. വീണ്ടുമൊരു മികച്ച പ്രകടനം നടത്തിയതോടെ ചരിത്ര നേട്ടത്തിലേക്കെത്തിയിരിക്കുകയാണ് റിഷഭ്. ഓസ്‌ട്രേലിയയില്‍ മറ്റൊരു സന്ദര്‍ശക വിക്കറ്റ് കീപ്പര്‍ക്കുമില്ലാത്ത നേട്ടമാണ് റിഷഭ് നേടിയെടുത്തത്.
ഓസ്‌ട്രേലിയയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന കീപ്പര്‍
സന്ദര്‍ശക ടീമുകളെ സംബന്ധിച്ച് ഓസ്‌ട്രേലിയയില്‍ വലിയ സ്‌കോര്‍ നേടുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പെര്‍ത്ത്, ഗാബ പോലുള്ള മൈതാനങ്ങളില്‍ സന്ദര്‍ശക ബാറ്റ്‌സ്മാന്‍മാര്‍ക്ക് തിളങ്ങാന്‍ അസാധ്യ മികവ് തന്നെ ആവശ്യമാണെന്ന് പറയാം. ഇപ്പോഴിതാ ഓസ്‌ട്രേലിയയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന സന്ദര്‍ശക വിക്കറ്റ് കീപ്പറെന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് റിഷഭ്. 643 റണ്‍സ് നേടിയ മുന്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ അലന്‍ കോട്ടിന്റെ റെക്കോഡാണ് റിഷഭ് തകര്‍ത്തത്.
22 ഇന്നിങ്‌സില്‍ നിന്നാണ് അലന്‍ 643 റണ്‍സ് നേടിയത്. എന്നാല്‍ വെറും 13 ഇന്നിങ്‌സില്‍ നിന്ന് ഈ റെക്കോഡ് മറികടക്കാന്‍ റിഷഭ് പന്തിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യയുടെ മറ്റ് വിക്കറ്റ് കീപ്പര്‍മാരെല്ലാം ഓസ്‌ട്രേലിയയില്‍ പതറിയ താരങ്ങളാണ്. എംഎസ് ധോണിക്കടക്കം ഓസ്‌ട്രേലിയയില്‍ വലിയൊരു പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. എന്നാല്‍ റിഷഭ് പന്ത് ഓസീസ് ബൗളര്‍മാരുടെ പേടി സ്വപ്‌നമായി മാറിയിരിക്കുകയാണെന്ന് പറയാം.

37 റണ്‍സുമായി റിഷഭ് പുറത്ത്
പെര്‍ത്തില്‍ വലിയ തകര്‍ച്ച നേരിട്ട ഇന്ത്യയെ കൈപിടിച്ച് ഉയര്‍ത്തുന്ന പ്രകടനമാണ് റിഷഭ് പന്ത് കാഴ്ചവെച്ചത്. വലിയൊരു സ്‌കോര്‍ നേടാനായില്ലെങ്കിലും നിതീഷ് കുമാറുമായി ചേര്‍ന്ന് നിര്‍ണ്ണായക കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ റിഷഭ് പന്തിന് സാധിച്ചു. 78 പന്ത് നേരിട്ട് 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 37 റണ്‍സാണ് റിഷഭ് നേടിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഒരു തവണ ലൈഫ് ലഭിച്ചെങ്കിലും ഇതിനെ വലിയ സ്‌കോറാക്കി മാറ്റാന്‍ റിഷഭിന് സാധിച്ചില്ല.
പാറ്റ് കമ്മിന്‍സിനെ തകര്‍പ്പന്‍ ഷോട്ടിലൂടെ സിക്‌സര്‍ പായിച്ച് റിഷഭ് കൈയടി നേടുകയും ചെയ്തു. ഒടുവില്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ മോശം ഷോട്ട് കളിച്ചാണ് റിഷഭ് പുറത്തായത്. സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് റിഷഭിന്റെ മടക്കം. ഇന്ത്യയുടെ മറ്റ് താരങ്ങള്‍ പതറിയ സാഹചര്യത്തിലും ഇന്ത്യയെ കൂട്ടത്തകര്‍ച്ചയിലേക്ക് വിട്ടുകൊടുക്കാതെ കൈത്താങ്ങായത് റിഷഭ് പന്താണെന്ന് പറയാം.
ഇന്ത്യയുടെ ടോപ് ഓഡര്‍ മെച്ചപ്പെടണം
ഓസ്‌ട്രേലിയയില്‍ നാല് മത്സരങ്ങള്‍ ജയിച്ചാലെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്താന്‍ സാധിക്കൂ. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ ആകെയുള്ള പ്രകടനം പ്രതീക്ഷക്കൊത്തുള്ളതല്ല. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഓപ്പണിങ്ങിലേക്കെത്തിയ കെ എല്‍ രാഹുല്‍ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് നടത്തിയത്. എന്നാല്‍ യശ്വസി ജയ്‌സ്വാളും ദേവ്ദത്ത് പടിക്കലും ഡെക്കിനാണ് മടങ്ങിയത്. മധ്യനിരയില്‍ റിഷഭ് പന്തും നിതീഷ് കുമാറും പ്രതീക്ഷ നല്‍കുന്നു. എന്തായാലും ഇന്ത്യയുടെ ബാറ്റിങ് നിര ഇനിയും ഏറെ മെച്ചപ്പെടേണ്ടതായുണ്ട്.