ഇന്ത്യന്‍ ക്രിക്കറ്റ് ടീം തലമുറ മാറ്റത്തിലൂടെയാണ് കടന്ന് പോകുന്നത്. അടുത്ത രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയുടെ പല സീനിയര്‍ താരങ്ങളും കളമൊഴിയാനാണ് സാധ്യത കൂടുതല്‍. അതുകൊണ്ടുതന്നെ ഉത്തമ പകരക്കാരെ ഇന്ത്യക്ക് കണ്ടെത്തേണ്ടതായുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന് ഭാവിയെക്കുറിച്ച് ആലോചിച്ച് അധികം പ്രയാസപ്പെടേണ്ടി വന്നിട്ടില്ലെന്നതാണ് വസ്തുത. ഓരോ കാലഘട്ടത്തിലേയും സൂപ്പര്‍ താരങ്ങള്‍ പടിയിറങ്ങിയപ്പോള്‍ കൃത്യമായ പകരക്കാര്‍ ഉണ്ടായിട്ടുണ്ട്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പടിയിറങ്ങിയപ്പോള്‍ തല്‍സ്ഥാനത്തേക്ക് വിരാട് കോലി എത്തിയതുപോലെ അടുത്ത തലമുറ മാറ്റത്തിനുള്ള താരങ്ങള്‍ തയ്യാറായിരിക്കുകയാണ്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം. രോഹിത് ശര്‍മ കളമൊഴിയുമ്പോള്‍ ആ സ്ഥാനത്തേക്ക് യശ്വസി ജയ്‌സ്വാള്‍ എന്ന് പേര് സ്ഥാനമുറപ്പിച്ച് കഴിഞ്ഞു. ഇടം കൈയന്‍ ഓപ്പണറെന്ന നിലയില്‍ ഇതിനോടകം എല്ലാവരുടേയും ശ്രദ്ധ നേടാന്‍ ജയ്‌സ്വാളിന് സാധിച്ചിട്ടുണ്ട്. ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് ജയ്‌സ്വാള്‍.
തുടക്കം മുതല്‍ കടന്നാക്രമിച്ച് കളിക്കാന്‍ ജയ്‌സ്വാളിന് സാധിക്കും. അവസാന ഐപിഎല്ലില്‍ 14 മത്സരത്തില്‍ നിന്ന് 625 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. അതും 48.07 ശരാശരിയില്‍. 163ന് മുകളിലായിരുന്നു സ്‌ട്രൈക്ക് റേറ്റ്. 2020ലെ അണ്ടര്‍ 19 ലോകകപ്പിലൂടെയാണ് ജയ്‌സ്വാള്‍ പേരെടുത്തത്. ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റത്തില്‍ 171 റണ്‍സ് നേടിയതോടെ ക്ലാസിക് ഫോര്‍മാറ്റിലും തനിക്ക് തിളങ്ങാനാവുമെന്ന് ജയ്‌സ്വാള്‍ തെളിയിച്ചിരിക്കുകയാണ്.
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ സ്വര്‍ണ്ണ നേട്ടത്തിലേക്കെത്തിച്ചതിന് പിന്നില്‍ ജയ്‌സ്വാളിന്റെ ബാറ്റിങ് മികവാണ് എടുത്തു പറയേണ്ടത്. ഇപ്പോള്‍ ഓസ്‌ട്രേലിയകക്കെതിരായ ടി20 പരമ്പരയിലൂടെ വീണ്ടും താരം ശ്രദ്ധ നേടുന്നു. 21കാരനായ താരം 25 പന്തില്‍ നിന്ന് 53 റണ്‍സാണ് അടിച്ചെടുത്തത്. ആദ്യത്തെ ആറ് ഓവറിനുള്ളില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ ജയ്‌സ്വാളിനായി. അധികമാര്‍ക്കും സാധിക്കുന്ന നേട്ടമല്ലിത്. ഭാവിയില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ സ്ഥിര ഓപ്പണറായി ജയ്‌സ്വാളിനെ പ്രതീക്ഷിക്കാം.

ശുബ്മാന്‍ ഗില്‍ ഇതിനോടകം സൂപ്പര്‍ താര പദവിയിലേക്കെത്തിക്കഴിഞ്ഞു. വിരാട് കോലിക്ക് ശേഷം ആ കസേര ഗില്ലിന് ആരാധകര്‍ നല്‍കിയിട്ടുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമല്ല ഗില്‍. കോലിയെപ്പോലെ പതിയെ തുടങ്ങുന്ന ഗില്‍ നിലയുറപ്പിച്ചാല്‍ പിന്നെ പുറത്താക്കാന്‍ പ്രയാസമുള്ള ബാറ്റ്‌സ്മാനാണ്. ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ ബാറ്റ്‌സ്മാനായി ഭാവിയിലെ ടീമിന്റെ മുഖമായി ശുബ്മാന്‍ ഗില്‍ മാറുമെന്ന കാര്യം ഉറപ്പാണ്.
തിലക് വര്‍മയാണ് മറ്റൊരാള്‍. 2011ലെ ലോകകപ്പിന് ശേഷമുള്ള ഇന്ത്യയുടെ മുന്നോട്ടുള്ള യാത്ര പരിശോധിക്കുമ്പോള്‍ ഏറ്റവും തലവേദനായ പ്രശ്‌നം പന്തെറിയാന്‍ സാധിക്കുന്ന ബൗളര്‍മാരില്ലെന്നതാണ്. ഒരു കാലത്ത് ഇന്ത്യയുടെ എല്ലാ പ്രധാന ബാറ്റ്‌സ്മാന്‍മാരും പന്തെറിയുന്നവരായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി, യുവരാജ് സിങ്, സുരേഷ് റെയ്‌ന എന്നിവരെല്ലാം ബാറ്റിങ്ങിനോടൊപ്പം ബൗളിങ്ങിലും നിറഞ്ഞുനിന്നവരാണ്.
എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ പന്തെറിയാന്‍ മിടുക്കുള്ള ബാറ്റ്‌സ്മാന്‍മാരായി ആരുമില്ല. ഇൗ പ്രശ്‌നത്തിനുള്ള പരിഹാരമാണ് തിലക് വര്‍മ. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും പാര്‍ട്ട് ടൈം ബൗളറായി തിളങ്ങാനും ശേഷിയുള്ള കളിക്കാരനാണ് തിലക്. യുവരാജിനും സുരേഷ് റെയ്‌നക്കും ശേഷം മധ്യ ഓവറുകളില്‍ ഇന്ത്യക്ക് വലിയ വിശ്വാസം നല്‍കുന്ന താരമായി തിലക് മാറിയിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാന്‍ അദ്ദേഹത്തിന് ശേഷിയുണ്ട്.
ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരങ്ങളുടെ പട്ടികയില്‍ തിലക് വര്‍മക്കും സ്ഥാനമുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. റിങ്കു സിങ്ങാണ് അടുത്ത താരം. എംഎസ് ധോണിക്ക് ശേഷം ഇത്രമേല്‍ ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കിയ മറ്റൊരു ഫിനിറഷില്ല. അനായാസമായി വലിയ ഷോട്ടുകള്‍ കളിക്കാന്‍ റിങ്കുവിന് കഴിവുണ്ട്. സമ്മര്‍ദ്ദ സാഹചര്യത്തിലും സിക്‌സര്‍ മഴ തീര്‍ക്കാന്‍ റിങ്കുവിനാവും. ഇത് എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല. അതുകൊണ്ടുതന്നെ വലിയ ഭാവി റിങ്കുവിനുണ്ടാവുമെന്നുറപ്പ്.