ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്ന നിലയിലേക്കു അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ് യുവതാരം റിങ്കു സിങ്. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കു ശേഷം മികച്ചൊരു ഫിനിഷര്‍ക്കു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ തനിക്കു സാധിക്കുമെന്നു ചുരുക്കം ചില മല്‍സരങ്ങള്‍ കൊണ്ടു തന്നെ അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ സൂപ്പര്‍ ഫിനിഷിങിലൂടെ ഇന്ത്യയുടെ ഹീറോയായി മാറിയ റിങ്കു രണ്ടാമങ്കത്തിലും മോശമാക്കിയില്ല.
തിരുവനന്തപുരത്തു കഴിഞ്ഞ ദിവസം നടന്ന രണ്ടാം ടി20യില്‍ അഞ്ചാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച റിങ്കു തീപ്പൊരി ഇന്നിങ്‌സുമായി കംഗാരുക്കളെ തീര്‍ക്കുകയായിരുന്ന. വെറും ഒമ്പതു ബോളില്‍ നിന്നും പുറത്താവാതെ 31 റണ്‍സാണ് റിങ്കു വാരിക്കൂട്ടിയത്. നാലു ഫോറുകളും രണ്ടു വമ്പന്‍ സിക്‌സറുമടക്കമായിരുന്നു ഇത്. അന്താരാഷ്ട്ര ടി20യില്‍ അദ്ദേഹത്തിന്റെ നാലാമത്തെ മാത്രം ടി20 ഇന്നിങ്സായിരുന്നു ഇത്.

ഇത്രയും ടി20 ഇന്നിങ്സുകളില്‍ നിന്നുള്ള പ്രകടനമെടുത്താല്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയെ പോലും കടത്തിവെട്ടിയിരിക്കുകയാണ് റിങ്കു. മാത്രമല്ല മുന്‍ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനു തൊട്ടു താഴെയെത്തുകയും ചെയ്തു.
ടീം ഇന്ത്യക്കു വേണ്ടി നാലു ടി20കള്‍ കളിച്ചവരെയെടുത്താല്‍ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുണ്ടായിരുന്നത് ഹിറ്റ്മാനായിരുന്നു. 96 ആയിരുന്നു അദ്ദേഹത്തിന്റെ ശരാശരി. എന്നാല്‍ രോഹിത്തിനെ റിങ്കു ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്. 128 എന്ന അവിശ്വസനീയ ശരാശരിയാണ് നാലു മല്‍സരങ്ങള്‍ക്കു ശേഷം യുവതാരത്തിനുള്ളത്.
സ്‌ട്രൈക്ക് റേറ്റിലാണ് യുവരാജ് സിങിനു തൊട്ടുതാഴെ റിങ്കു എത്തിയിരിക്കുന്നത്. ആദ്യ നാലു ടി20കളില്‍ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ളത് യുവിക്കാണ്. 235 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം സ്‌കോര്‍ ചെയ്തിരിക്കുന്നത്. യുവിക്കു പിന്നില്‍ രണ്ടാമനായിരിക്കുകയാണ് റിങ്കു. 216.94 സ്‌ട്രൈക്ക് റേറ്റാണ് അദ്ദേഹത്തിനുള്ളത്.
അതേസമയം, നേരത്തേ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ അവസാന ബോളില്‍ ത്രില്ലിങ് വിജയം കൊയ്ത ആദ്യ ടി20യിലും ഫിനിഷറുടെ റോളില്‍ റിങ്കു കസറിയിരുന്നു. 209 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം ഇന്ത്യ പിന്തുടരവെ റിങ്കു 14 ബോളില്‍ നാലു ഫോറുള്‍പ്പെടെ പുറത്താവാതെ 22 റണ്‍സാണ് നേടിയത്.

അവസാനത്തെ ബോളില്‍ ജയിക്കാന്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ റിങ്കു സിക്‌സര്‍ പറത്തിയെങ്കിലും അതു നോ ബോള്‍ വിളിക്കപ്പെട്ടതു കാരണം വേണ്ടത്ര ക്രെഡിറ്റ് അദ്ദേഹത്തിനു ലഭിച്ചില്ല. എക്‌സ്ട്രായായി ലഭിച്ച ഒരു റണ്‍സിനു ഇന്ത്യ ജയിച്ചുകയറുകയായിരുന്നു.
റിങ്കുവിന്റെ അന്താരാഷ്ട്ര കരിയറെടുത്താല്‍ ഈ വര്‍ഷം ഏഷ്യാ കപ്പിനു മുമ്പ് ഇന്ത്യന്‍ ടീമിന്റെ അയര്‍ലാന്‍ഡ് പര്യടനത്തിലൂടെയായിരുന്നു അരങ്ങേറ്റം. മുന്‍നിര താരങ്ങള്‍ക്കു വിശ്രമം നല്‍കിയ ഇന്ത്യയെ നയിച്ചത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരുന്നു. ഈ പരമ്പരയിലും റിങ്കു തന്റെ ഫിനിഷിങ് പാടവം പുറത്തെടത്തിരുന്നു.
ഏഴു ടി20കളില്‍ കളിച്ചു കഴിഞ്ഞെങ്കിലും നാലു ഇന്നിങ്‌സുകളിലാണ് അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. ഇവയില്‍ നിന്നും 128 ശരാശരിയില്‍ 128 റണ്‍സാണ് റിങ്കുവിന്റെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 38 റണ്‍സാണ്. ഒമ്പതു സിക്‌സറും 12 ഫോറുകളും ടി20യില്‍ അദ്ദേഹം നേടിക്കഴിഞ്ഞു.