വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യില്‍ തകര്‍പ്പന്‍ സിക്‌സറിലൂടെ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചിരിക്കുകയാണ് റിങ്കു സിങ്. അവസാന പന്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ തകര്‍പ്പന്‍ സിക്‌സറിലൂടെ റിങ്കു ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. 209 റണ്‍സ് എന്ന കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ ത്രില്ലിങ് ജയമാണ് നേടിയെടുത്തത്. ഇതോടെ റിങ്കുവിന്റെ ഫിനിഷിങ് എല്ലാവരുടേയും കൈയടി നേടുകയും ചെയ്തു.
എംഎസ് ധോണിക്ക് ശേഷം ഇന്ത്യക്ക് വിശ്വസ്തനായൊരു ഫിനിഷറെ ലഭിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. ഐപിഎല്ലിലൂടെ നിരവധി തവണ ഫിനിഷിങ് മികവ് തെളിയിച്ച റിങ്കു ഇന്ത്യക്കായി കളിച്ച ആദ്യത്തെ പ്രധാന മത്സരത്തില്‍ത്തന്നെ തന്റെ വെടിക്കെട്ട് ബാറ്റിങ് മികവ് എന്താണെന്ന് കാട്ടിക്കൊടുത്തിരിക്കുകയാണ്. എന്തായാലും ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കാന്‍ റിങ്കുവിന് ആദ്യ മത്സരത്തിലൂടെത്തന്നെ സാധിച്ചിരിക്കുകയാണ്.
അവസാന ഐപിഎല്ലിനിടെ ധോണിയുമായി താന്‍ സംസാരിച്ച വിവരം റിങ്കു ആരാധകരുമായി പങ്കുവെച്ചിരുന്നു. ഫിനിഷിങ്ങില്‍ ധോണി നല്‍കിയ നിര്‍ണ്ണായക ഉപദേശത്തെക്കുറിച്ച് റിങ്കു തുറന്ന് പറഞ്ഞത് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ്. 'റണ്‍സ് പിന്തുടരുമ്പോള്‍ അവസാന ഓവറില്‍ എന്താണ് ചിന്തിക്കേണ്ടതെന്നതിനെക്കുറിച്ച് ഒരിക്കല്‍ മഹിഭായിയുമായി (എംഎസ് ധോണി) സംസാരിച്ചിരുന്നു.
അദ്ദേഹം പറഞ്ഞത് ഏറ്റവും പ്രധാനപ്പെട്ടത് പരമാവധി ശാന്തനായി തുടരുകയെന്നതും സ്‌ട്രെയ്റ്റ് ഷോട്ട് കളിക്കാന്‍ ശ്രമിക്കണമെന്നുമാണ്. ഈ ഉപദേശം പിന്തുടരാനാണ് ഞാന്‍ ശ്രമിക്കുന്നത്. കഴിയുന്നത്ര ശാന്തനായി സ്‌ട്രെയ്റ്റ് ഷോട്ട് കളിക്കാന്‍ ശ്രമിക്കുന്നു. അദ്ദേഹത്തിന്റെ ഉപദേശം എന്നെ വളരെയധികം സഹായിച്ചു'- റിങ്കു പറഞ്ഞു. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാളാണ് ധോണി. ഒറ്റക്ക് ഇന്ത്യയെ നിരവധി തവണ ധോണി കരകയറ്റിയിട്ടുണ്ട്.

ധോണി ക്രീസില്‍ നില്‍ക്കുന്നിടത്തോളം എതിരാളികള്‍ക്ക് വിജയ പ്രതീക്ഷ വേണ്ട. സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ ധോണിയോളം മികച്ചൊരു ബാറ്റ്‌സ്മാനില്ല. 2011ലെ ഏകദിന ലോകകപ്പ് ഫൈനലിലടക്കം ധോണിയുടെ മികവ് അടയാളപ്പെടുത്തുന്ന നിരവധി ഇന്നിങ്‌സുകള്‍ കാണാനാവും. ധോണിക്ക് ശേഷം ഇത്തരത്തില്‍ ഫിനിഷിങ് മികവുള്ള മറ്റൊരു ഇന്ത്യന്‍ താരത്തെ കണ്ടിട്ടില്ലെന്ന് പറയാം. നിലവില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ഫിനിഷര്‍.
പരിമിത ഓവറില്‍ ഹാര്‍ദിക്കിന് മികച്ച റെക്കോഡുണ്ടെങ്കിലും വിശ്വസ്തനാണെന്ന് പറയാനാവില്ല. ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കുകയും ഭയമില്ലാതെ ഷോട്ട് കളിക്കുകയും ചെയ്യുന്ന ഒരു ബാറ്റ്‌സ്മാനെ ഫിനിഷര്‍ റോളില്‍ ഇന്ത്യക്ക് ആവശ്യമായിരുന്നു. അതുകൊണ്ടുതന്നെ റിങ്കുവിന്റെ വരവ് ഇന്ത്യക്ക് കരുത്തുപകരുമെന്ന കാര്യം ഉറപ്പാണ്. പരിമിത ഓവറില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ റിങ്കു നല്‍കുന്നു. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ റിങ്കുവിനെപ്പോലൊരു വെടിക്കെട്ട് ഫിനിഷറെ ഇന്ത്യക്ക് വേണമായിരുന്നു.
സൂര്യകുമാര്‍ യാദവ് ഫിനിഷര്‍ റോളില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ആ സ്ഥാനത്ത് റിങ്കു വേണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാണ് റിങ്കു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ റിങ്കുവിന് സാധിച്ചിരുന്നു. അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വജ്രായുധങ്ങളിലൊരാള്‍ റിങ്കുവായിരിക്കുമെന്നുറപ്പ്. ഓസ്‌ട്രേലിയക്കെതിരായ ഒരു ടി20 മത്സരമാണ് കഴിഞ്ഞത്.
ഇനിയും നാല് മത്സരങ്ങള്‍ ശേഷിക്കുന്നു. ഇതിലും റിങ്കുവിന് മാച്ച് വിന്നിങ് പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിന് അദ്ദേഹത്തിന് സാധിച്ചാല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ റിങ്കുവിന് ഇടം നേടാനാവും. ടി20യില്‍ മാത്രമല്ല ഏകദിന ടീമിലേക്കും പരിഗണിക്കാവുന്ന താരമാണ് റിങ്കു. ഓസ്‌ട്രേലിയന്‍ പരമ്പരയിലെ ശേഷിക്കുന്ന മത്സരത്തിലും മികവ് തുടര്‍ന്ന് റിങ്കു കൈയടി നേടുമെന്ന് തന്നെ പ്രതീക്ഷിക്കാം.