ലോകകപ്പ് പടിവാതില്‍ക്കെ എത്തിനില്‍ക്കെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ മോശം ബാറ്റിങ് പ്രകടനം ഇന്ത്യക്കു വലിയ ആശങ്കയായി മാറിയിരിക്കുകയാണ്. നേരത്തേ ബാറ്റും ബോളും കൊണ്ട് ഒരുപോലെ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിച്ചിരുന്ന ക്രിക്കറ്ററായിരുന്നു അദ്ദേഹം. പക്ഷെ ഇപ്പോള്‍ ജഡ്ഡുവിനു പഴയ പേര് മാത്രമേയുളളൂ പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ബൗളിങും ഫീല്‍ഡിങും കൊണ്ടു മാത്രമാണ് അദ്ദേഹം ഇപ്പോഴും ടീമില്‍ തുടരുന്നതെന്നു കണക്കുകള്‍ ശരിവയ്ക്കുന്നു.
ഓസ്‌ട്രേലിയയുമായുള്ള മൂന്നാം ഏകദിനത്തില്‍ മികച്ചൊരു ഇന്നിങ്‌സിലൂടെ ടീമിന്റെ ഹീറോയാവാനുള്ള ഒരു സുവര്‍ണാവസരം ജഡേജയ്ക്കു ശ്രമിച്ചിരുന്നു. പക്ഷെ റണ്‍ചേസില്‍ ശരിക്കും വിഷമിക്കുന്ന ജഡ്ഡുവിനെയാണ് കണ്ടത്. 36 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമക്കം 35 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയും ചെയ്തു.

ഇന്ത്യയുടെ പരാജയഭാരം കുറച്ചുവെന്നല്ലാതെ ജഡ്ഡുവിന്റെ പ്രകടനം യാതൊരു ഇംപാക്ടും ഉണ്ടാക്കിയിട്ടില്ലെന്നു കാണാം. ലോകകപ്പിലും ബാറ്റിങില്‍ ഇതേ പ്രകടനം അദ്ദേഹം തുടര്‍ന്നാല്‍ അതു ടീമിനു വലിയ ക്ഷീണമായി മാറും.
ഏകദിനത്തില്‍ നാട്ടിലെ കഴിഞ്ഞ 10 മാസത്തെ പ്രകടനം നോക്കിയാല്‍ ഒരു ഫിഫ്റ്റി പോലും ജഡേജയ്ക്കു കുറിക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന കാര്യം. ഇത്രയും മോശം ഫോമിലായിരുന്നിട്ടും ഇത്ര കാലം അദ്ദേഹം എങ്ങനെ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. ഏകദിനത്തില്‍ നിലവില്‍ വെറുമൊരു സ്പിന്നറുടെ റോളില്‍ മാത്രമേ ജഡ്ഡുവില്‍ നിന്നു ടീമിനു സംഭാവനകള്‍ ലഭിക്കുന്നുള്ളൂ.
ഇതേ പ്രകടനം തുടര്‍ന്നാല്‍ അദ്ദേഹം അധികം വൈകാതെ തന്നെ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ടീമില്‍ നിന്നും പുറത്തായേക്കും. ബാറ്റിങില്‍ ജഡ്ഡുവിനേക്കാള്‍ ടീമിനു വിശ്വസിക്കാവുന്ന താരമായി മറ്റൊരു ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ മാറിക്കഴിഞ്ഞു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പ്രതിസന്ധി ഘട്ടങ്ങളില്‍ പല മികച്ച പ്രകടനങ്ങളും ബാറ്റിങില്‍ അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. നിലവില്‍ ജഡ്ഡുവിന്റെ ബാക്കപ്പായിട്ടാണ് അക്ഷറിനെ ഇന്ത്യ പരിഗണിക്കുന്നത്. എന്നാല്‍ ജഡ്ഡുവിനേക്കാള്‍ ഇപ്പോള്‍ ടീമില്‍ സ്ഥാനമര്‍ഹിക്കുന്നത് അക്ഷര്‍ തന്നെയാണെതില്‍ സംശയമില്ല.

ഏകദിനത്തില്‍ ഈ വര്‍ഷം ഇതുവരെ ജഡേജ ബാറ്റ് ചെയ്തിട്ടുള്ളത് 12 ഇന്നിങ്‌സുകളിലാണ്. ഇവയില്‍ നിന്നും 27 രാശരിയില്‍ വെറും 189 റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്യാനായിട്ടുള്ളൂ. 64.28 എന്ന ദയനീയ സ്‌ട്രൈക്ക് റേറ്റിലാണിത്. ഈ വര്‍ഷം ഏകദിനത്തില്‍ ഒരേയൊരു സികസര്‍ മാത്രമേ ജഡ്ഡു നേടിയിട്ടുള്ളൂവെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന കാര്യം. കഴിഞ്ഞ ദിവസം ഓസീസിനെതിരേ രാജ്‌കോട്ടില്‍ നടന്ന മൂന്നാം ഏകദിനത്തിലായിരുന്നു ഇത്.
കഴിഞ്ഞ വര്‍ഷം മുതലുള്ള ഏകദിനത്തിലെ ജഡേജയുടെ ബാറ്റിങ് പ്രകടനം എടുക്കുകയാണെങ്കില്‍ 14 ഇന്നിങ്‌സുകളില്‍ ഒരു തവണ മാത്രമാണ് 40നു മുകളില്‍ സ്‌കോര്‍ ചെയ്യാനായിട്ടുള്ളത്. 30നു മുകളിലും 20നു മുകളിലും സ്‌കോര്‍ ചെയ്തതും ഒരിക്കല്‍ മാത്രം.
മാത്രമല്ല വെറും രണ്ടിന്നിങ്‌സുകളില്‍ മാത്രമേ 100ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ ജഡ്ഡുവിനു ബാറ്റ് ചെയ്യാനും കഴിഞ്ഞിട്ടുള്ളൂ. 29 (44 ബോള്‍), 7*(15), 45* (69), 16 (39), 18 (33), 16* (21), 10 (21), 8* (7), 14 (22), 4 (19), 7 (12), 3* (6), 13* (9), 35 (36) എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകള്‍.