മുംബൈ: ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ടീം ഇന്ത്യയെ കാത്തിരിക്കുന്ന അടുത്ത പ്രധാനപ്പെട്ട ചാലഞ്ച് ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയാണ്. അഞ്ചു ടെസ്റ്റുകളുടെ ദൈര്‍ഘ്യമേറിയ പരമ്പരയാണ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഈ സൈക്കിളില്‍ ഇന്ത്യയുടെ അവസാനത്തെ പരമ്പരയും ഇതു തന്നൊണ്.
അടുത്ത വര്‍ഷം ഇംഗ്ലണ്ടിലെ ലോഡ്‌സില്‍ നടക്കാനിരിക്കുന്ന ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടാന്‍ ഓസീസുമയുള്ള പരമ്പര ഇന്ത്യക്കു നിര്‍ണായകമാണ്. അതുകൊണ്ടു തന്നെ രോഹിത് ശര്‍മയ്ക്കു കീഴില്‍ ഏറ്റവും ശക്തമായ ടീമിനെയായിരിക്കും ഓസ്‌ട്രേലിയയിലേക്കു ഇന്ത്യ അയക്കുക.
ന്യൂസിലാന്‍ഡുമായി ഇപ്പോള്‍ നടക്കുന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ശേഷമാവും പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചേക്കുകയെന്നാണ് സൂചനകള്‍. ആരൊക്കെയാവും ഇന്ത്യന്‍ ടീമിലുണ്ടാവുകയെന്നു നമുക്കു നോക്കാം.

പുജാരയും രഹാനെയുമില്ല
ഓസ്ട്രേലിയ വേദിയായ അവസാനത്തെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന സീനിയര്‍ ബാറ്റര്‍മാരായ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പുജാരയും ഇത്തവണ ടീമില്‍ കാണില്ല. പകരം പുതിയ ലുക്കിലുള്ള ഒരു ബാറ്റിങ് ലൈനപ്പായിരിക്കും ഓസ്‌ട്രേലിയയില്‍ കാണാനാവുക.
രഞ്ജി ട്രോഫിയിലെ അവസാന മല്‍സരത്തില്‍ സൗരാഷ്ട്രയ്ക്കു വേണ്ടി തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറി കുറിക്കാന്‍ പുജാരയ്ക്കായിരുന്നു. പക്ഷെ ഇതൊന്നും അദ്ദേഹത്തിനു ടീമിലേക്കു വഴി തുറക്കാനിടയില്ല. പുജാരയുടെ മൂന്നാം നമ്പര്‍ റോള്‍ യുവതാരം ശുഭ്മന്‍ ഗില്ലിനെ ഇന്ത്യ ഏല്‍പ്പിച്ചു കഴിഞ്ഞു. ഇനി താരത്തിനു പരമാവധി അവസരങ്ങള്‍ നല്‍കി വളര്‍ത്തിയെടുക്കാനാണ് ഇന്ത്യയുടെ ശ്രമം.
സ്ഥാനമുറപ്പിച്ചവര്‍ ആരൊക്കെ?
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇതിനകം സ്ഥാനമുറപ്പാക്കി കഴിഞ്ഞ ചില താരങ്ങളുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, യുവ ബാറ്റര്‍മാരായ ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരാണിത്.
സീനിയര്‍ താരം കെഎല്‍ രാഹുല്‍ ഇപ്പോള്‍ അത്ര മികച്ച ഫോമിലല്ലെങ്കിലും ഇന്ത്യ ഒപ്പം കൂട്ടാന്‍ തന്നെയാണ് സാധ്യത. കാരണം അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ടീമിനു മുതല്‍ക്കൂട്ടാവുമെന്ന കണക്കുകൂട്ടലിലായിരിക്കും ഇന്ത്യ. റെഡ് ബോള്‍ ക്രിക്കറ്റില്‍ സെഞ്ച്വറിയടക്കം നേടി മികച്ച ഫോമിലുള്ള യുവതാരം സര്‍ഫറാസ് ഖാന് കരിയറിലാദ്യമായി ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ കളിക്കാനുള്ള അവസരം ലഭിച്ചേക്കും.
സര്‍പ്രൈസ് താരം
ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിലെ സര്‍പ്രൈസ് താരമായേക്കുക യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡിയായിരിക്കും. ഹാര്‍ദിക് പാണ്ഡ്യക്കു ശേഷം ഈ ഫോര്‍മാറ്റില്‍ മികച്ചൊരു സീം ബൗളിങ് ഓള്‍റൗണ്ടറുടെ അഭാവം നേരിടുകയാണ് ഇന്ത്യ. ഈ കുറവ് നികത്താന്‍ സാധിക്കുന്നയാളാണ് നിതീഷ്.
ബംഗ്ലാദേശുമായുള്ള കഴിഞ്ഞ ടി20 പരമ്പരയിലൂടെ അരങ്ങേറിയ അദ്ദേഹം മിന്നുന്ന പ്രകടനം നടത്തിയിരുന്നു. ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ എ ടീമിലും നിതീഷ് ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ തിളങ്ങിയാല്‍ ടെസ്റ്റ് ടീമിലേക്കും താരത്തിനു വിളിയെത്തുമെന്ന കാര്യമുറപ്പാണ്.
ബാക്കപ്പുകള്‍ ആര്
ദൈര്‍ഘ്യമേറിയ പര്യടനമായതിനാല്‍ തന്നെ ഇന്ത്യക്കു ചില ബാക്കപ്പ് താരങ്ങളെയും ടെസ്റ്റ് ടീമില്‍ ആവശ്യമാണ്. ബാക്കപ്പ് ഓപ്പണറായി മൂന്നു പേരാണ് ഇപ്പോള്‍ മല്‍സരരംഗത്തുള്ളത്. റുതുരാജ് ഗെയ്ക്വാദ്, അഭിമന്യു ഈശ്വരന്‍, സായ് സുദര്‍ശന്‍ എന്നിവരാണിത്.
ഇവരെല്ലാം ഇന്ത്യന്‍ എ ടീമിനായി ഓസ്‌ട്രേലിയയില്‍ കളിക്കുകയും ചെയ്യും. ഈ പര്യടനത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന മൂന്നിലൊരാള്‍ക്കായിരിക്കും ബാക്കപ്പ് ഓപ്പണറുടെ റോളിലേക്കു നറുക്കുവീഴുക.

ഇന്ത്യന്‍ സാധ്യതാ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, സര്‍ഫറാസ് ഖാന്‍, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്.