ഓസ്‌ട്രേലിയക്കെതിരേ മൊഹാലിയില്‍ നടന്ന ആദ്യ ഏകദിനത്തിലെ ആധികാരിക വിജയത്തോടെ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍. അഞ്ചു തവണ ലോക ചാംപ്യന്‍മാരായ കംഗാരുപ്പടയെ അഞ്ചു വിക്കറ്റിനാണ് ടീം ഇന്ത്യ കെട്ടുകെട്ടിച്ചത്. ഇതോടെ ടീമിന്റെ താല്‍ക്കാലിക നായകനായ രാഹുല്‍ ചരിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്തിരിക്കുകയാണ്.
27 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മൊഹാലിയില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ഏകദിനത്തില്‍ വിജയക്കൊടി നാട്ടിയിരിക്കുന്നത്. ഈ വേദിയില്‍ കംഗാരുപ്പടയുടെ തേരോട്ടം അവസാനിപ്പിക്കാന്‍ ഒടുവില്‍ ക്യാപ്റ്റന്‍ രാഹുല്‍ വേണ്ടി വന്നു. ഇതാണ് അദ്ദേഹത്തെ ചരിത്രനേട്ടത്തില്‍ എത്തിച്ചിരിക്കുന്നത്. ഈ വേദിയില്‍ ഓസീസിനെതിരേ ഏകദിന വിജയം കൊയ്ത ഇന്ത്യയുടെ രണ്ടാമത്തെ മാത്രം ക്യാപ്റ്റനാണ് രാഹുല്‍.

1996ല്‍ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇന്ത്യ ആദ്യമായി മൊഹാലിയില്‍ വച്ച് ഓസ്‌ട്രേലിയയുമായി ഏകദിനം കളിച്ചത്. അന്നു സച്ചിനു കീഴില്‍ അഞ്ചു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ കൈക്കലാക്കിയത്. പിന്നീട് മൊഹാലി ഓസ്‌ട്രേലിയയുടെ പ്രിയ ഗ്രൗണ്ടായി മാറുകയായിരുന്നു.
അതിനു ശേഷം ഇവിടെ കളിച്ച നാലു മല്‍സരങ്ങളിലും ഇന്ത്യക്കു പരാജയമായിരുന്നു ഫലം. രണ്ടു ലോകകപ്പുകളടക്കം ഇന്ത്യക്കു മൂന്നു ഐസിസി ട്രോഫികള്‍ സമ്മാനിച്ച മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കു പോലും മൊഹാലിയില്‍ ഓസീസിനെതിരേ ഏകദിനത്തില്‍ വിജയം കൊയ്യാനായിട്ടില്ല. ധോണിപ്പട രണ്ടു തവണ ഈ വേദിയില്‍ ഓസീസുമായി കൊമ്പുകോര്‍ത്തപ്പോഴും തോല്‍വിയായിരുന്നു ഫലം.
2006ല്‍ മുന്‍ ഇതിഹാസ ബാറ്ററും നിലവിലെ കോച്ചുമായ രാഹുല്‍ ദ്രാവിഡിനു കീഴിലായിരുന്നു മൊഹാലിയില്‍ ഓസ്‌ട്രേലിയയുമായി ഇന്ത്യ രണ്ടാം തവണ കൊമ്പുകോര്‍ത്തത്. അതില്‍ ടീമിനു പരാജയം സമ്മതിക്കേണ്ടി വന്നു. അതിനു ശേഷം ക്യാപ്റ്റന്‍ കൂള്‍ ധോണിയുടെ ഊഴമായിരുന്നു.
2009ലായിരുന്നു അദ്ദേഹത്തിനു കീഴില്‍ ഓസ്‌ട്രേലിയയുമായി ഇന്ത്യ ഏറ്റുമുട്ടിയത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം 2013ല്‍ വീണ്ടും ഇതേ ഗ്രൗണ്ടില്‍ മുഖാമുഖം വന്നപ്പോഴും ധോണിയുടെ തന്ത്രങ്ങള്‍ ഏറ്റില്ല. ഓസീസ് ഒരിക്കല്‍ക്കൂടി ഇന്ത്യയെ കരയിച്ചു.

അവസാനമായി മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു കീഴില്‍ 2019ലായിരുന്നു ഇന്ത്യ മൊഹാലിയില്‍ ഓസ്‌ട്രേലിയയെ നേരിട്ടത്. പക്ഷെ ടീമിനെ വിജയവഴിയിലെത്തിക്കാന്‍ അദ്ദേഹത്തിനുമായില്ല. എന്നാല്‍ നാലു വര്‍ഷങ്ങള്‍ക്കു ശേഷം രാഹുലിനു കീഴില്‍ മൊഹാലിയിലെ ജയത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇന്ത്യ അവസാനിപ്പിച്ചിരിക്കുകയാണ്.
ഓസീസിനെ കെട്ടുകെട്ടിച്ച് ഇന്ത്യ
ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ആധിപത്യം പുലര്‍ത്തിയാണ് മൊഹാലിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയുടെ കഥ കഴിച്ചത്. വന്‍ സ്‌കോറുകള്‍ പിറന്ന ചരിത്രമുള്ള ഗ്രൗണ്ടില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ 276 റണ്‍സില്‍ എറിഞ്ഞിടാന്‍ ഇന്ത്യക്കു സാധിച്ചു. പേസര്‍ മുഹമ്മദ് ഷമിയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്നും ഓസീസിനെ തടഞ്ഞു നിര്‍ത്തിയത്.
റണ്‍ചേസില്‍ 48.4 ഓവറില്‍ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഓപ്പണിങ് ജോടികളായ ശുഭ്മന്‍ ഗില്ലിന്റെയും (74) റുതുരാജ് ഗെയ്ക്വാദിന്റെയും (71) ഫിഫ്റ്റികളാണ് റണ്‍ചേസില്‍ ഇന്ത്യക്കു ശക്തമായ അടിത്തറയിട്ടത്. പിന്നീട് ക്യാപ്റ്റന്റെ കളി കെട്ടഴിച്ച രാഹുലും (58*) സൂര്യകുമാര്‍ യാദവും (50) ചേര്‍ന്ന് ഇന്ത്യ കാത്തിരുന്ന ജയം പൂര്‍ത്തിയാക്കുകയായിരുന്നു.