സിഡ്‌നി: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഏഴിന് സിഡ്‌നിയില്‍ തുടങ്ങാനിരിക്കുകയാണ്. ഓസീസ് ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് മികച്ച ബാറ്റിങ് റെക്കോഡും വിജയ റെക്കോഡുമുള്ള മൈതാനമാണ് സിഡ്‌നിയിലേത്. ഇന്ത്യക്കും മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാമെങ്കിലും ജയിച്ചത് ഒരു മത്സരം മാത്രമാണ്. ആദ്യ രണ്ട് ടെസ്റ്റ് മത്സരത്തിലും ഓസീസ് നിരയുടെ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നു. പ്രധാനമായും സ്പിന്നര്‍ ആര്‍ അശ്വിന്റെ പ്രകടനം.
ഓസീസ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍മാരായ സ്റ്റീവ് സ്മിത്തിനെയും മാര്‍നസ് ലാബുഷാനെയേയും രണ്ട് തവണ വീതം പുറത്താക്കി റെക്കോഡിടാന്‍ അശ്വിന് സാധിച്ചിരുന്നു. ആദ്യമായാണ് ഒരു പരമ്പരയില്‍ രണ്ട് തവണ വീതം ഇരുവരെയും ഒരു ബൗളര്‍ പുറത്താക്കുന്നത്. നാല് ഇന്നിങ്‌സില്‍ നിന്ന് 10 റണ്‍സാണ് സ്മിത്ത് ആകെ നേടിയത്. ലാബുഷാനെയ്ക്കും പ്രതാപത്തിനൊത്ത് തിളങ്ങാനായില്ല. രണ്ട് ടെസ്റ്റില്‍ നിന്ന് 10 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. സിഡ്‌നിയില്‍ ഇറങ്ങുന്ന ഇന്ത്യക്ക് മുന്നിലുള്ള പുതിയ വെല്ലുവിളി ഡേവിഡ് വാര്‍ണറാണ്.
സിഡ്‌നിയില്‍ മികച്ച ബാറ്റിങ് പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന വാര്‍ണറെ പിടിച്ചുകെട്ടാന്‍ അശ്വിന് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. വാര്‍ണര്‍ക്കെതിരേ അശ്വിന്റെ ബൗളിങ് റെക്കോഡുകള്‍ പരിശോധിക്കാം. ഇന്ത്യയില്‍ 12 ഇന്നിങ്‌സുകളിലാണ് അശ്വിനും വാര്‍ണറും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ അഞ്ച് തവണയും വാര്‍ണറെ പുറത്താക്കാന്‍ അശ്വിന് സാധിച്ചു. 29.20 ശരാശരിയില്‍ 303 പന്തുകള്‍ നേരിട്ട് 146 റണ്‍സ് മാത്രമാണ് വാര്‍ണര്‍ക്ക് അശ്വിനെതിരേ നേടാനായത്.

ഓസ്‌ട്രേലിയയില്‍ വെച്ച് അഞ്ച് തവണയാണ് വാര്‍ണറും അശ്വിനും ശക്തി പരീക്ഷിച്ചത്. ഇതില്‍ നാല് തവണയും അശ്വിന്‍ വാര്‍ണറെ പുറത്താക്കി എന്നതാണ് ശ്രദ്ധേയം. 80 പന്തുകളാണ് വാര്‍ണര്‍ക്കെതിരേ അശ്വിന്‍ എറിഞ്ഞത്. 9 ശരാശരിയില്‍ വിട്ടുകൊടുത്തത് വെറും 36 റണ്‍സ് മാത്രം. ഈ കണക്കുകള്‍ പ്രകാരം വാര്‍ണറിനേതിരേ ഇന്ത്യയില്‍ ഉള്ളതിനേക്കാള്‍ മികച്ച റെക്കോഡാണ് അശ്വിന് ഓസ്‌ട്രേലിയയിലുള്ളത്. എന്നാല്‍ സിഡ്‌നിയില്‍ വാര്‍ണറെ വീഴ്ത്താന്‍ അശ്വിന് സാധിക്കുമോയെന്ന് കണ്ടറിയണം.
വാര്‍ണറിന്റെ ഇഷ്ട മൈതാനങ്ങളിലൊന്നാണ് സിഡ്‌നി. 13 ഇന്നിങ്‌സില്‍ നിന്ന് 66.55 ശരാശരിയില്‍ 732 റണ്‍സാണ് വാര്‍ണര്‍ സിഡ്‌നിയില്‍ നേടിയിട്ടുള്ളത്. സിഡ്‌നിയിലെ അവസാന ആറ് ഇന്നിങ്‌സില്‍ നിന്ന് മൂന്ന് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടി. ഇതില്‍ രണ്ട് സെഞ്ച്വറി പ്രകടനം പുറത്താവാതെ ആയിരുന്നു. പരിക്കേറ്റ് ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്ന വാര്‍ണറുടെ ഫോം കണ്ടുതന്നെ അറിയണം. കണക്കുകളില്‍ സിഡ്‌നിയില്‍ ഇന്ത്യയേക്കാള്‍ ആധിപത്യം ഓസ്‌ട്രേലിയക്ക് തന്നെയാണ്.