ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റ് മെല്‍ബണില്‍ നടക്കാന്‍ പോവുകയാണ്. ബോക്സിങ് ഡേയില്‍ നടക്കുന്ന ടെസ്റ്റ് ഇരു കൂട്ടര്‍ക്കും അഭിമാന പ്രശ്നമാണ്. ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ജയം ഓസീസിനായിരുന്നു. നിര്‍ണ്ണായകമായിരുന്ന ഗാബ ടെസ്റ്റ് സമനിലയിലാണ് കലാശിച്ചത്. അതുകൊണ്ടുതന്നെ ഇനിയുള്ള രണ്ട് ടെസ്റ്റുകളും വളരെ നിര്‍ണ്ണായകമാണ്. ഗാബ ടെസ്റ്റിലെ സമനില ഇന്ത്യക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണ്.
ഇന്ത്യയുടെ ബാറ്റിങ് നിര മോശം ഫോമിലാണെങ്കിലും മെല്‍ബണില്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മെല്‍ബണില്‍ നാല് മത്സരം ബോക്സിങ് ഡേയില്‍ ജയിച്ച ഇന്ത്യ എട്ട് മത്സരമാണ് തോറ്റത്. രണ്ട് മത്സരങ്ങള്‍ സമനിലയുമായി. ഇന്ത്യയെ സംബന്ധിച്ച് മെല്‍ബണ്‍ ഭേദപ്പെട്ട റെക്കോഡുള്ള പിച്ചായതിനാല്‍ പോരാട്ടം ശക്തമാവും.
എന്നാല്‍ 2020ല്‍ ഇന്ത്യ മെല്‍ബണില്‍ ബോക്സിങ് ഡേ ടെസ്റ്റ് ജയിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന പലരും ഇത്തവണ പ്ലേയിങ് 11ല്‍ ഇല്ല. ഇത്തരത്തില്‍ തഴയപ്പെട്ട ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ഉമേഷ് യാദവ്
ഇന്ത്യയുടെ സീനിയര്‍ പേസര്‍മാരിലൊരാളായ ഉമേഷ് യാദവ് 2020ലെ ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. നല്ല വേഗതയില്‍ തുടര്‍ച്ചയായി പന്തെറിയാന്‍ ശേഷിയുള്ള ഉമേഷിനെ പ്രായവും മോശം ഫോമും വേട്ടയാടിയതോടെ ടീമിന് പുറത്തായി. ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും അദ്ദേഹം ഇന്ത്യക്കായി കളിക്കുന്നില്ല. ഐപിഎല്ലിലും ഉമേഷിനെ വാങ്ങാന്‍ ഇപ്പോള്‍ ആളില്ല. ഉമേഷിന്റെ അഭാവം ഇന്ത്യയെ കാര്യമായി ബാധിക്കില്ല. എന്നാല്‍ വിദേശ പിച്ചുകളില്‍ വേഗംകൊണ്ട് വിറപ്പിക്കാന്‍ ഉമേഷിന് കഴിവുണ്ടായിരുന്നു.
ആര്‍ അശ്വിന്‍
ആര്‍ അശ്വിനാണ് മറ്റൊരു താരം. മൂന്നാം ടെസ്റ്റിലൂടെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചതിനാല്‍ ഇത്തവണ ബോക്സിങ് ഡേ ടെസ്റ്റ് ടീമില്‍ അദ്ദേഹമില്ല. വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അശ്വിന്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. പൊതുവേ ഓസീസ് പിച്ച് പേസര്‍മാര്‍ക്ക് പിന്തുണയുള്ളതാണ്. എന്നാല്‍ മെല്‍ബണില്‍ സ്പിന്നര്‍മാര്‍ക്ക് അല്‍പ്പം കൂടി പിന്തുണ ലഭിക്കുന്നുണ്ടെന്ന് പറയാം. അശ്വിന്റെ ഓള്‍റൗണ്ട് മികവ് ഇന്ത്യക്ക് ഭാവിയിലേക്ക് വലിയ വിടവ് സൃഷ്ടിക്കുന്നതാണ്.

ചേതേശ്വര്‍ പുജാര
ഇന്ത്യ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്ന താരങ്ങളിലൊരാളാണ് ചേതേശ്വര്‍ പുജാര. രാഹുല്‍ ദ്രാവിഡിനെപ്പോലെ എത്ര നേരം വേണമെങ്കിലും ക്രീസില്‍ പിടിച്ചുനിന്ന് കളിക്കാന്‍ പുജാരക്ക് ശേഷിയുണ്ട്. ഏത് പിച്ചിലും തന്റേതായ കളി ശൈലികൊണ്ട് എതിരാളികളെ വിറപ്പിക്കുന്നവനാണ് പുജാര. ബൗളര്‍മാരെ എറിയിച്ച് മടിപ്പിക്കുന്ന പുജാരയുടെ ശൈലി ഇന്ന് ഇന്ത്യന്‍ ടീമിലെ ആര്‍ക്കുമില്ല. ബാറ്റിങ് തകര്‍ച്ച നേരിടുമ്പോള്‍ വന്മതില്‍ തീര്‍ക്കുന്ന പുജാരയുടെ ബാറ്റിങ് മികവിന് പകരംവെക്കാന്‍ ഇനിയൊരാള്‍ വരേണ്ടിയിരിക്കുന്നു. നിലവിലെ ടീമില്‍ പുജാരയെപ്പോലൊരു താരത്തെ ഇന്ത്യ മിസ് ചെയ്യുന്നുണ്ട്.
അജിന്‍ക്യ രഹാനെ
ബോക്സിങ് ഡേ ടെസ്റ്റില്‍ കളിയിലെ താരമായിട്ടുള്ള കളിക്കാരനാണ് അജിന്‍ക്യ രഹാനെ. 2020ലെ ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ച് വിജയത്തിലെത്തിച്ചത് രഹാനെയാണ്. എന്നാല്‍ മോശം ഫോമിന്റെ പേരില്‍ തഴയപ്പെട്ട താരത്തിന് തിരിച്ചുവരവിന് ഇന്ത്യ അവസരം നല്‍കിയില്ല. മോശം ഫോമിലുള്ള പല താരങ്ങള്‍ക്കും ഇന്ത്യ തുടര്‍ച്ചയായി അവസരം നല്‍കിയെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ മിന്നിയിട്ടും രഹാനെയെ സെലക്ടര്‍മാര്‍ പരിഗണിക്കുന്നില്ല.
മായങ്ക് അഗര്‍വാള്‍
ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യക്കായി കളിച്ച താരങ്ങളിലൊരാളാണ് മായങ്ക് അഗര്‍വാള്‍. ഓപ്പണിങ് റോളില്‍ ഇന്ത്യക്കൊപ്പം ഭേദപ്പെട്ട പ്രകടനം നടത്താന്‍ മായങ്ക് അഗര്‍വാളിന് സാധിച്ചിരുന്നു. എന്നാല്‍ പരിക്കും മോശം ഫോമും വേട്ടയാടിയതോടെ അദ്ദേഹം തഴയപ്പെട്ടു. നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മായങ്ക് അഗര്‍വാള്‍ സജീവമാണ്. ഇന്ത്യന്‍ പിച്ചില്‍ മികച്ച റെക്കോഡുള്ള താരത്തിന് ഇനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തുക പ്രയാസമായിരിക്കുമെന്ന് തന്നെ പറയാം.