സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ അടുത്ത മാസം അവസാനത്തോടെ ആരംഭിക്കാനിരിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടിയാണ് ക്രിക്കറ്റ് ലോകം മുഴുവന്‍ കാത്തിരിക്കുന്നത്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് ലോക ക്രിക്കറ്റിലെ ഈ പവര്‍ഹൗസുകള്‍ മുഖാമുഖം വരുന്നത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായി മൂന്നാം തവണയും പരമ്പര പോക്കറ്റിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടീം ഇന്ത്യയിറങ്ങുക.
2018-19, 2020-21 സീസണുകളില്‍ കംഗാരുപ്പടയുടെ കഥ കഴിച്ച് ട്രോഫിയുമായി മടങ്ങാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ ഇത്തവണ ടെസ്റ്റുകളുടെ എണ്ണം അഞ്ചാക്കി ഉയര്‍ത്തിയത് ഇന്ത്യക്കു വെല്ലുവിളിയാണ്. ഇന്ത്യക്കെതിരേ ഇത്തവണത്തെ പരമ്പരയില്‍ ഏതു തരത്തിലുള്ള പിച്ചാണ് ആഗ്രഹിക്കുന്നതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സ്. ദി ഗ്രേഡ് ക്രിക്കറ്ററിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം നാട്ടില്‍ ഇന്ത്യക്കെതിരേ കമ്മിന്‍സിന്റെ ആദ്യത്തെ ടെസ്റ്റ് പരമ്പരയാണ് ഇത്തവണത്തേത്. ഇന്ത്യക്കെതിരേ നായകനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. കഴിഞ്ഞ വര്‍ഷം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത് കമ്മിന്‍സും സംഘവും കിരീടം ചൂടിയിരുന്നു. അതിനു ശേഷം ഏകദിന ലോകകപ്പിന്റെ ഫൈനലിലും ഇന്ത്യയെ കെട്ടുകെട്ടിക്കാന്‍ കംഗാരുപ്പടയ്ക്കായിരുന്നു.

ഏതു തരത്തിലുള്ള പിച്ച് വേണം?
ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഏതു തരത്തിലുള്ള പിച്ചാണ് കാണാന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു പാറ്റ് കമ്മിന്‍സിനോടു അഭിമുഖത്തില്‍ ആങ്കറുടെ ചോദ്യം. ഇതിനു വളരെ രസകരമായിട്ടുള്ള മറുപടിയാണ് അദ്ദേഹം നല്‍കിയത്. ടെസ്റ്റ് പരമ്പരയ്ക്കായി പിച്ച് തയ്യാറാക്കാന്‍ എനിക്കു അവസരം ലഭിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കു പിന്നിലുള്ള ബുഷിനു സമാനമായ പിച്ചാണ് കാണാന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു ചിരിയോടെയുള്ള കമ്മിന്‍സിന്റെ മറുപടി.
നിര്‍ഭാഗ്യവശാല്‍ പിച്ചിന്റെ കാര്യത്തില്‍ എനിക്കൊന്നും പറയാന്‍ സാധിക്കില്ല. ഏതു തരത്തിലുള്ള പിച്ചാണ് ലഭിക്കുകയെന്നു നമുക്കു കാത്തിരുന്നു കാണാം. കഴിഞ്ഞ കുറച്ചു സീസണുകളായി ഇവിടുത്തെ പിച്ച് വളരെ മികച്ചതായിരുന്നു. എന്നാല്‍ എന്റെ കരിയറിലെ ആദ്യത്തെ കുറച്ചു വര്‍ഷങ്ങളില്‍ ഇവിടെയുള്ള പിച്ച് വളരെയധികം ഫ്‌ളാറ്റായിരുന്നുവെന്നും കമ്മിന്‍സ് വ്യക്തമാക്കി.
സന്തുലിതമായ പിച്ച്
ബാറ്റിങിനെയും ബൗളിങിനെയും ഒരുപോലെ തുണയ്ക്കുന്ന വളരെ സന്തുലിതമായ പിച്ചാണ് വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ കാണാന്‍ ആഗ്രഹിക്കുന്നതെന്നു പാറ്റ് കമ്മിന്‍സ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ പിച്ച് ഈ തരത്തിലുള്ളതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാറ്റിനും ബോളിനും ഒരുപോലെ ബാലന്‍സ് നല്‍കുന്ന പിച്ചാവും ഇത്തവണയൊരുക്കുകയെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യയിലേതു പോലെ അല്‍പ്പം സ്പിന്നര്‍മാരെയും തുണയ്ക്കുന്നതായിരിക്കണം പിച്ച്.
അവസാനത്തെ ഇന്ത്യന്‍ പര്യടനത്തില്‍ ഡല്‍ഹിയില്‍ നടന്ന ടെസ്റ്റില്‍ ഞങ്ങള്‍ ജയിക്കേണ്ടതായിരുന്നു. ആ തരത്തില്‍ വിക്കറ്റുകള്‍ ലഭിക്കുകയാണെങ്കില്‍ ടീമുകള്‍ തമ്മിലുള്ള അകലം വളരെയധികം കുറയും. പക്ഷെ ആ തരത്തിലുള്ള വിക്കറ്റുകളെക്കുറിച്ചു ഞങ്ങളുടെ താരങ്ങള്‍ പരാതി പറയുന്നത് നിങ്ങള്‍ക്കു കേള്‍ക്കാന്‍ സാധിക്കില്ലെന്നും കമ്മിന്‍സ് വിശദമാക്കി.

ഇന്ത്യക്കു നിര്‍ണായകം
അടുത്ത വര്‍ഷം ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ നടക്കാനിരിക്കെ ഇതിനു യോഗ്യത നേടണമെങ്കില്‍ ഓസ്‌ട്രേലിയയുമായുള്ള പരമ്പര ഇന്ത്യക്കു ഏറെ നിര്‍ണായകമാണ്. നിലവില്‍ ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ ഇന്ത്യ തലപ്പത്തുണ്ടെങ്കിലും ഇതു സുരക്ഷിതമല്ല.
ന്യൂസിലാന്‍ഡിനെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സലത്തിലെ ഞെട്ടിക്കുന്ന പരാജയം ഇന്ത്യയെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ശേഷിച്ച രണ്ടു ടെസ്റ്റുകളിലും ജയിക്കുന്നതിനൊപ്പം ഓസീസുമായുള്ള പരമ്പരയിലെയും ചില ടെസ്റ്റുകളില്‍ ജയിക്കാനായാല്‍ മാത്രമേ ഇന്ത്യക്കു ഫൈനലിലേക്കു ടിക്കറ്റെടുക്കാന്‍ സാധിക്കുകയുള്ളൂ. കഴിഞ്ഞ രണ്ടു തവണയും ഫൈനലിലുണ്ടായിരുന്ന ടീമാണ് ഇന്ത്യ. പക്ഷെ കലാശക്കളിയില്‍ അടിതെറ്റുകയായിരുന്നു.