ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം ഭീഷണി സൃഷ്ടിക്കാന്‍ സാധ്യതയുളള ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ തളയ്ക്കാന്‍ ചില പ്ലാനുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. ഓസീസിനെതിരേ മികച്ച റെക്കോര്‍ഡുള്ള താരങ്ങളിലൊരാണ് റിഷഭ്. ന്യൂസിലാന്‍ഡുമയുള്ള ഇന്ത്യയുടെ അവസാനത്തെ ടെസ്റ്റ് പരമ്പരയിലെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു.
പക്ഷെ ഇത്തവണ തങ്ങള്‍ക്കെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ റിഷഭിനെ നിശബ്ധനാക്കി നിര്‍ത്താനുള്ള ചില തന്ത്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് കമ്മിന്‍സിന്റെ വാദം. ഈ മാസം 22 മുതല്‍ പെര്‍ത്തിലാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള ഒന്നാം ടെസ്റ്റ് ആരംഭിക്കാനിരിക്കുന്നത്. അഞ്ചു ടെസ്റ്റുകളാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്.

ഓസീസിന് സമ്മര്‍ദ്ദമോ?
ഓസ്‌ട്രേലിയയില്‍ നടന്ന അവസാനത്തെ രണ്ടു ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫികളിലും ഇന്ത്യയാണ് ജേതാക്കളായത്. മാത്രമല്ല 2014-15നു ശേഷം നാട്ടിലോ, ഇന്ത്യയിലോ ഈ കിരീടം കൈക്കലാക്കാന്‍ ഓസീസിനു സാധിച്ചിട്ടുമില്ല. ഇതു ടീമിനെ ഇത്തവണ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടോയെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പാറ്റ് കമ്മിന്‍സ്.
ഓരോ ടെസ്റ്റ് മല്‍സരം കളിക്കാനിറങ്ങുമ്പോഴും സമ്മര്‍ദ്ദമുണ്ടാവും. പ്രത്യേകിച്ചും നാട്ടില്‍ കളിക്കുമ്പോള്‍ ഉറപ്പായുമുണ്ടാവും. നാട്ടില്‍ ഞങ്ങള്‍ നന്നായി പെര്‍ഫോം ചെയ്യുമെന്നാണ് ഭൂരിഭാഗം ഓസ്‌ട്രേലിയന്‍ ജനങ്ങളും പ്രതീക്ഷിക്കുന്നതെന്നു ഞാന്‍ കരുതുന്നു. കളിക്കാരെന്ന നിലയില്‍ ഞങ്ങളും ആഗ്രഹിക്കുന്നത് ഇതു തന്നെയാണ്.
ഇന്ത്യക്കെതിരായ അവസാനത്തെ കുറച്ചു പരമ്പരകളില്‍ ഞങ്ങള്‍ക്കു ജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് ഇത്തവണത്തെ പരമ്പര കൂടുകല്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണമായിട്ടുണ്ടെന്നു ഞാന്‍ കരുതുന്നു. പക്ഷെ ഇതു ഞങ്ങള്‍ക്കു ശീലമില്ലാത്ത സമ്മര്‍ദ്ദമല്ല, നേരത്തേയും ഇതുണ്ടായിട്ടുള്ളതായും കമ്മിന്‍സ് വിശദമാക്കി.
തോല്‍വിക്കു ശേഷം ഇന്ത്യ
ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയില്‍ തൂത്തുവാരപ്പെട്ട ശേഷമാണ് ഇന്ത്യന്‍ ടീമിന്റെ വരവെന്നത് ഓസ്‌ട്രേലിയക്കു മുന്‍തൂക്കം നല്‍കുന്നുണ്ടോയെന്നതിനെക്കുറിച്ചും പാറ്റ് കമ്മിന്‍സ് തുറന്നു പറഞ്ഞു. ഇതേക്കുറിച്ച് തനിക്കു പറയാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹം പ്രതികരണം.
ന്യൂസിലാന്‍ഡിനെതിരേ സ്വന്തം നാട്ടില്‍ തോറ്റ ശേഷമാണ് ഇന്ത്യയുടെ വരവെന്നത് ഓസീസിനു മേല്‍ക്കൈ നല്‍കുമോയെന്നു എനിക്കറിയില്ല. ആ പരമ്പര വളരെ മികച്ചതായിട്ടാണ് കാണപ്പെടുന്നത്. ന്യൂസിലാന്‍ഡ് ടീം വളരെ മികച്ച പ്രകടനം തന്നെ പരമ്പരയില്‍ കാഴ്‌വച്ചിട്ടുമുണ്ടാവും. ആ പരമ്പരയുടെ ഫലം ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയെ സാധീനിക്കുമോയെന്നു ആര്‍ക്കറിയാമെന്നും കമ്മിന്‍സ് പറഞ്ഞു.

ന്യൂസിലാന്‍ഡുമായുള്ള മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ 0-3ന്റെ നാണംകെട്ട തോല്‍വിയാണ് രോഹിത് ശര്‍മയ്ക്കും സംഘത്തിനും നേരിട്ടത്. 2012നു ശേഷം ആദ്യമായിട്ടാണ് സ്വന്തം നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര ഇന്ത്യക്കു കൈവിടേണ്ടി വന്നത്. കൂടാതെ റെഡ് ബോള്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ നാട്ടില്‍ വച്ച് ഇന്ത്യന്‍ ടീം തൂത്തുവാരപ്പെട്ടതും ഇതാദ്യമായിട്ടാണ്.
റിഷഭിനെതിരായ പ്ലാന്‍
ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ടീമിനു ഉയര്‍ത്താനിടയുള്ള ഭീഷണിയെക്കുറിച്ച് ബോധ്യമുണ്ടെന്നനും അദ്ദേഹത്തെ തളയ്ക്കാന്‍ ചില പ്ലാനുകള്‍ കൈവശമുണ്ടെന്നും പാറ്റ് കമ്മിന്‍സ് വെളിപ്പെടുത്തി. ഗെയിമിനെ വളരെ വേഗത്തില്‍ മുന്നോട്ടു കൊണ്ടുപോവാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ് റിഷഭ് പന്ത്.
ചില കളിക്കാര്‍ക്കെതിരേ നിങ്ങള്‍ക്കു നല്ലൊരു പ്ലാന്‍ തന്നെ തയ്യാറാക്കേണ്ടതായി വരും. ന്യൂസിലാന്‍ഡിനെതിരേ റിഷഭ് വളരെ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. നേരത്തേ ഓസ്‌ട്രേലിയയിലും അദ്ദേഹം നല്ല പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
റിഷഭ് ക്രീസില്‍ തുടര്‍ന്നാല്‍ എത്ര മാതം അപകടകാരിയാണെന്നു നമുക്കറിയാം. അതുകൊണ്ടു തന്നെ ചില മികച്ച പ്ലാനുകള്‍ അദ്ദേഹത്തിനെതിരേ ഞങ്ങള്‍ക്കുണ്ട്. അതു ഫലം കാണുമെന്നു പ്രതീക്ഷിക്കുന്നതായും കമ്മിന്‍സ് വെളിപ്പെടുത്തി.