മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി വരാന്‍ പോവുകയാണ്. അവസാന രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും കപ്പടിക്കാമെന്ന വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ പോകുന്നത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഫൈനല്‍ കളിക്കാന്‍ ഓസ്‌ട്രേലിയയില്‍ പരമ്പര ജയിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ല.
കണക്കുവീട്ടാല്‍ ഓസ്‌ട്രേലിയ കാത്തിരിക്കുകയാണ്. സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമമടക്കം നല്‍കി ഓസീസ് ഇപ്പോഴേ പടയൊരുക്കം ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണയും ടീം കരുത്ത് മോശമല്ല. മികച്ച താരനിര ഇന്ത്യക്കുണ്ട്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷകളുമുണ്ട്. വിരാട് കോലി, രോഹിത് ശര്‍മ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരെല്ലാം മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ള താരങ്ങളാണ്. ഇവരെല്ലാം ഓസീസിന് ഭീഷണി ഉയര്‍ത്തുന്നവരാണ്.
എന്നാല്‍ ഓസീസിന്റെ പേസ് നിര നിസാരമല്ല. മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന്റെ വജ്രായുധം. ഇപ്പോഴിതാ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ കൂടുതല്‍ കടുത്ത പോരാട്ടം കാഴ്ചവെക്കുന്ന ബാറ്റ്‌സ്മാന്‍ ആരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സ്റ്റാര്‍ക്ക്. അത് രോഹിത് ശര്‍മയും റിഷഭ് പന്തുമല്ല വിരാട് കോലിയാണെന്നാണ് സ്റ്റാര്‍ക്ക് പറയുന്നത്.
കോലിയോടുള്ള പോരാട്ടം കടുപ്പം
വിരാട് കോലിക്കെതിരായ പോരാട്ടങ്ങള്‍ ഞാന്‍ വളരെയധികം ആസ്വദിച്ചിരുന്നു. ഞങ്ങള്‍ തമ്മില്‍ നിരവധി മത്സരങ്ങള്‍ ഇതിനോടകം കളിച്ചിട്ടുണ്ട്. അപ്പോഴെല്ലാം മികച്ച പോരാട്ടം ഉണ്ടായിട്ടുമുണ്ട്. കോലിയെ ഒന്നോ രണ്ടോ വട്ടം ഞാന്‍ പുറത്താക്കിയിട്ടുണ്ടെങ്കില്‍ അത്രയധികം റണ്‍സ് അവന്‍ എനിക്കെതിരേ നേടിയിട്ടുമുണ്ടെന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ എപ്പോഴും ഈ പോരാട്ടം ശക്തമാണ്. രണ്ട് സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ തമ്മിലുള്ള പോരാട്ടം കൂടിയാണ് വരാനിരിക്കുന്നത്.
സ്റ്റീവ് സ്മിത്ത്, വിരാട് കോലി എന്നിവരുടെ പ്രകടനമാണ് നിര്‍ണ്ണായകമാവുക. ഇവരിലൊരാള്‍ കൂടുതല്‍ റണ്‍സടിക്കാനാണ് സാധ്യത. ഇവര്‍ രണ്ട് പേരും ഫോമിലായാല്‍ കളി ആവേശകരമാവും. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരാണ് ഇരുവരും' സ്റ്റാര്‍ക്ക് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ പറഞ്ഞു.
കോലി ഗംഭീര റെക്കോഡുള്ള താരമാണ്. എന്നാല്‍ സമീപകാലത്തെ താരത്തിന്റെ പ്രകടനങ്ങളെല്ലാം മോശമാണ്. സ്പിന്നിനെതിരേ കോലി പതറുന്നു. ഓസീസ് പരമ്പരയില്‍ കോലിയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.

സ്റ്റാര്‍ക്കിനെതിരേ കോലിക്ക് മികച്ച റെക്കോഡ്
ഓസീസ് ഇടം കൈയന്‍ പേസറായ സ്റ്റാര്‍ക്ക് ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണ്. നന്നായി യോര്‍ക്കര്‍ എറിയാന്‍ കഴിവുള്ള താരം മിക്ക ബാറ്റ്‌സ്മാന്‍മാരുടേയും പേടി സ്വപ്‌നമാണ്. എന്നാല്‍ സ്റ്റാര്‍ക്കിനെതിരേ മികച്ച റെക്കോഡ് കോലിക്ക് അവകാശപ്പെടാനാവും. ടെസ്റ്റില്‍ നാല് തവണയാണ് കോലിയെ സ്റ്റാര്‍ക്ക് പുറത്താക്കിയത്. എന്നാല്‍ 59 ശരാശരിയില്‍ 236 റണ്‍സ് കോലി സ്റ്റാര്‍ക്കിനെതിരേ നേടിയിട്ടുണ്ട്.
ഇന്ത്യയുടെ സൂപ്പര്‍ താരത്തെ പുറത്താക്കുകയെന്ന വലിയ ഉത്തരവാദിത്തം സ്റ്റാര്‍ക്കിനാണുള്ളത്. അതുകൊണ്ടുതന്നെ ഇത്തവണയും ഇരുവരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം ആവേശകരമാവും. കോലിക്ക് ഓസ്‌ട്രേലിയക്കെതിരേ മികച്ച റെക്കോഡുണ്ട്. 13 ടെസ്റ്റില്‍ നിന്ന് 1352 റണ്‍സാണ് കോലി നേടിയത്. 54 ശരാശരിയില്‍ കളിക്കുന്ന കോലി ആറ് സെഞ്ച്വറിയും നേടിയിട്ടുണ്ട്. സ്റ്റാര്‍ക്ക് സ്വന്തം നാട്ടില്‍ വളരെ അപകടകാരിയാണ്. 50 ടെസ്റ്റില്‍ നിന്ന് 217 വിക്കറ്റാണ് സ്റ്റാര്‍ക്ക് നേടിയിട്ടുള്ളത്.
ഇന്ത്യക്ക് എളുപ്പമാവില്ല
ഇത്തവണ പരമ്പര നേടുക ഇന്ത്യക്ക് എളുപ്പമാവില്ല. വലിയ പോരാട്ടം ഇന്ത്യക്ക് പ്രതീക്ഷിക്കാം. ഇന്ത്യ അവസാന രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ നിര്‍ണ്ണായകമായത് റിഷഭ് പന്തിന്റെ പ്രകടനമായിരുന്നു. എന്നാല്‍ പന്തിന് ഇപ്പോള്‍ പഴയ മികവ് അവകാശപ്പെടാനാവില്ല. പരിക്കിന് ശേഷം മടങ്ങിവന്ന റിഷഭ് മികച്ച പ്രകടനമല്ല നടത്തുന്നത്. മുഹമ്മദ് ഷമിയും പരിക്കിന്റെ പിടിയിലാണ്. എന്തായാലും ഇത്തവണ ശക്തമായ വെല്ലുവിളി ഇന്ത്യക്ക് നേരിടേണ്ടി വരുമെന്ന് നിസംശയം പറയാം.