IND vs AUS: കോലിയും രോഹിത്തുമല്ല, ബാറ്റിങ്ങില്‍ അവനാണ് ശത്രു! തുറന്ന് പറഞ്ഞ് കമ്മിന്‍സ്
സിഡ്‌നി: ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്കായുള്ള പടയൊരുക്കം ഒരുവശത്ത് തകൃതിയായി മുന്നോട്ട് കൊണ്ടുപോവുകയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും. രണ്ട് ടീമിനും വരുന്ന ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി അഭിമാന പ്രശ്‌നമാണ്. അവസാന രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ ഇത്തവണ ഹാട്രിക് കിരീട പ്രതീക്ഷയിലാണുള്ളത്. എന്നാല്‍ ശക്തമായ തിരിച്ചുവരവാണ് ആതിഥേയരായ ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്.
ഇതിനോടകം സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമമടക്കം നല്‍കി ഓസീസ് പരമ്പരക്കായി തയ്യാറെടുപ്പ് ശക്തമാക്കിയിരിക്കുകയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ ശക്തമായ താരനിരയാണ് ഇത്തവണ ഓസ്‌ട്രേലിയക്കുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാണെന്ന് തന്നെ പറയാം. ഇന്ത്യയുടെ താരനിരയും മോശമല്ല. രോഹിത് ശര്‍മക്ക് കീഴില്‍ ശക്തമായ ടീം ഇപ്പോള്‍ ഇന്ത്യക്കുണ്ട്. അതുകൊണ്ടുതന്നെ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്.
അവസാന രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ജയിച്ചതിന് പകരം വീട്ടാന്‍ ഇത്തവണ കാത്തിരിക്കുകയാണെന്നാണ് ഓസീസ് നായകനായ പാറ്റ് കമ്മിന്‍സ് പറയുന്നത്. എന്നാല്‍ ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ ഒരാള്‍ വലിയ തലവേദനയാണെന്ന് കമ്മിന്‍സ് തുറന്ന് സമ്മതിക്കുന്നുണ്ട്.
റിഷഭാണ് മുഖ്യ ശത്രു
ഇന്ത്യയുടെ ബാറ്റിങ് നിരയിലേക്ക് നോക്കുമ്പോള്‍ ഓസ്‌ട്രേലിയയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുടെ നീണ്ട നിര കാണാം. രോഹിത് ശര്‍മ, വിരാട് കോലി, ശുബ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരെല്ലാം ഓസ്‌ട്രേലിയയില്‍ കളിച്ച് അനുഭവസമ്പത്തുള്ള ബാറ്റ്‌സ്മാന്‍മാരാണ്. ഇത്തവണ യുവതാരം യശ്വസി ജയ്‌സ്വാളും ഓസ്‌ട്രേലിയയിലുണ്ടാവും. അജിന്‍ക്യ രഹാനെയും ചേതേശ്വര്‍ പുജാരയും ടീമിലുണ്ടാവുകയുമില്ല.
എന്നാല്‍ ഓസ്‌ട്രേലിയക്ക് ഇവരെയൊന്നും ഭയമില്ലെന്നും ടീമിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് റിഷഭ് പന്ത് മാത്രമാണെന്നുമാണ് കമ്മിന്‍സ് പറയുന്നത്. ഇന്ത്യയുടെ എക്‌സ് ഫാക്ടറാണ് റിഷഭെന്നാണ് കമ്മിന്‍സ് പറയുന്നത്. 'അവസാന തവണയും മികച്ച പ്രകടനമാണ് റിഷഭ് ഓസ്‌ട്രേലിയയില്‍ കാഴ്ചവെച്ചത്. മധ്യനിരയിലെ എക്‌സ് ഫാക്ടര്‍ താരമാണവന്‍. എന്താണ് എങ്ങനെയാണ് അവന്‍ ചെയ്യുകയെന്ന് പറയാനാവില്ല. എതിരാളിയാണെങ്കിലും ഇത് രസിപ്പിക്കുന്ന കാര്യമാണ്.
സ്റ്റംപിന് പിന്നില്‍ നിന്ന് എപ്പോഴും എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കുന്നവനാണ് റിഷഭ്. വളരെ രസികനായ വ്യക്തിതമാണ് അവന്റേത്. എന്നെ കുറേ ചിരിപ്പിച്ചിട്ടുണ്ട്' കമ്മിന്‍സ് പറഞ്ഞു.

റിഷഭിന്റെ റെക്കോഡുകള്‍ ഗംഭീരം
ഓസ്‌ട്രേലിയയിലെ റിഷഭിന്റെ റെക്കോഡുകള്‍ മറ്റൊരു ഇന്ത്യക്കാരനും അവകാശപ്പെടാനാവാത്തതാണെന്ന് പറയാം. ഏഴ് മത്സരത്തില്‍ നിന്ന് 624 റണ്‍സാണ് ഓസീസില്‍ റിഷഭ് നേടിയത്. 62.40 എന്ന അത്ഭുത ശരാശരിയും റിഷഭിനുണ്ട്. ഇതില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയുമുണ്ട്. 23 റണ്‍സില്‍ താഴെ ഒരു തവണ പോലും റിഷഭ് ഓസ്‌ട്രേലിയയില്‍ പുറത്തായിട്ടില്ല. ഗാബയിലടക്കം ഇന്ത്യ ചരിത്ര ജയം നേടിയത് റിഷഭിന്റെ മികവിലാണെന്ന് പറയാം.
കാര്‍ അപകടത്തെത്തുടര്‍ന്നുണ്ടായ ഇടവേളക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് റിഷഭ് പന്ത് നടത്തിയിരിക്കുന്നത്. ബംഗ്ലാദേശിനെതിരേ സെഞ്ച്വറി നേടിയ റിഷഭ് ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ 99 റണ്‍സാണ് അടിച്ചെടുത്തത്. റിഷഭിന്റെ മികച്ച ഫോം ഓസീസിന് വലിയ ഭീഷണിയാണെന്ന് പറയാം. ഇന്ത്യയുടെ ഇത്തവണത്തെ പരമ്പര നേട്ടം നിര്‍ണ്ണയിക്കുന്നതില്‍ റിഷഭിന്റെ പ്രകടനം നിര്‍ണ്ണായകമാവുമെന്ന് നിസംശയം പറയാം.
ജയ്‌സ്വാളിനെയും ഓസീസ് കരുതുന്നു
ഇത്തവണ യശ്വസി ജയ്‌സ്വാളിനേയും ഓസ്‌ട്രേലിയ ഭയക്കുന്നുണ്ടെന്ന് പറയാം. ഓസീസ് സീനിയര്‍ സ്പിന്നര്‍ നതാന്‍ ലിയോണ്‍ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ഓപ്പണറാണ് ജയ്‌സ്വാള്‍. പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാനും ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനും ശേഷിയുള്ള ജയ്‌സ്വാള്‍ ഇത്തവണ ഓസീസിന് ഭീഷണിയായേക്കും. ഇന്ത്യയുടെ പേസ് നിരയില്‍ മുഹമ്മദ് ഷമി കളിക്കാതിരുന്നാല്‍ അത് ഓസീസിന് വളരെയധികം ഗുണം ചെയ്യുമെന്ന് കരുതാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications