മുംബൈ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരക്കായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ പോവുകയാണ്. അഞ്ച് മത്സര ടെസ്റ്റ് പരമ്പര ഇരു ടീമിനെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ടതാണ്. അവസാന രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ പകരം വീട്ടാനാവും ആതിഥേയരായ ഓസ്‌ട്രേലിയ കാത്തിരിക്കുന്നത്. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് പരമ്പര വളരെ പ്രധാനപ്പെട്ടതാണെന്ന് പറയാം.
രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഇന്ത്യന്‍ നിര ഓസ്‌ട്രേലിയയില്‍ വീണ്ടുമൊരു പരമ്പര നേടാന്‍ കെല്‍പ്പുള്ളവരുടേതാണ്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്ന് ഉറപ്പാണ്. ഓസ്‌ട്രേലിയയില്‍ ഇത്തവണ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് ആരാണ്?. പല സൂപ്പര്‍ താരങ്ങളുമുണ്ടെങ്കിലും ഇന്ത്യയുടെ മാച്ച് വിന്നര്‍ ആരാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ സൗരവ് ഗാംഗുലി.
ഇന്ത്യയുടെ വജ്രായുധം റിഷഭ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും താരസമ്പന്നമാണ്. സൂപ്പര്‍ താരങ്ങളുടെ വലിയ നിര ഇന്ത്യക്കൊപ്പമുണ്ട്. ഇന്ത്യയുടെ ടെസ്റ്റ് ടീം എല്ലാ പിച്ചുകളിലും മികവ് കാട്ടാനുള്ള കാരണം ഈ താരസമ്പത്ത് തന്നെയാണെന്ന് പറയാം. ഇന്ത്യയുടെ സമീപകാലത്തെ സെന പിച്ചുകളിലെ പ്രകടനങ്ങള്‍ നോക്കുമ്പോള്‍ ഏറ്റവും നിര്‍ണ്ണായക താരം റിഷഭ് പന്താണെന്ന് പറയാം. അവസാന രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ നിര്‍ണ്ണായക പ്രകടനത്തോടെ കസറിയത് റിഷഭ് പന്താണ്.
ഇത്തവണയും റിഷഭ് പന്തിന്റെ പ്രകടനമാവും ഏറ്റവും നിര്‍ണ്ണായകമെന്നാണ് ഗാംഗുലി പറയുന്നത്. 'റിഷഭ് പന്താണ് ടെസ്റ്റിലെ ഏറ്റവും നിര്‍ണ്ണായക താരം. ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ട്രെംപ് കാര്‍ഡാണ് റിഷഭ്' ഗാംഗുലി പറഞ്ഞു. പരിക്കിനെത്തുടര്‍ന്ന് നീണ്ട ഇടവേളയെടുത്തിരുന്ന റിഷഭ് പന്ത് അവസാന ബംഗ്ലാദേശ് പരമ്പരയിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. സെഞ്ച്വറി പ്രകടനത്തോടെ മിന്നിക്കാന്‍ റിഷഭിന് സാധിച്ചു. അതുകൊണ്ടുതന്നെ ഇത്തവണയും താരത്തില്‍ വലിയ പ്രതീക്ഷയാണുള്ളത്.

റിഷഭ് പന്തിന്റെ പ്രകടനം നിര്‍ണ്ണായകമാവും
ഇന്ത്യ ഇത്തവണ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ റിഷഭ് പന്തിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമാവും. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ കരുത്തുറ്റ താരങ്ങളുണ്ടെങ്കിലും ഫോം പരിശോധിക്കുമ്പോള്‍ പലരും നിരാശപ്പെടുത്തുകയാണ്. രോഹിത് ശര്‍മ, വിരാട് കോലി എന്നീ സൂപ്പര്‍ താരങ്ങള്‍ക്ക് സ്ഥിരത കണ്ടെത്താനാകുന്നില്ല. ബംഗ്ലാദേശ് പരമ്പരയില്‍ ഇവരുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ യശ്വസി ജയ്‌സ്വാളിന്റെ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
ഇടം കൈയന്‍ യുവതാരം കടന്നാക്രമിക്കുന്ന ബാറ്റ്‌സ്മാനാണ്. സമീപകാലത്ത് കളിച്ച പരമ്പരകളിലെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് ജയ്‌സ്വാള്‍ നടത്തിയിട്ടുള്ളത്. ഇത്തവണ ഓസ്‌ട്രേലിയയിലേക്കെത്തുമ്പോഴും ജയ്‌സ്വാളില്‍ വലിയ പ്രതീക്ഷയുണ്ട്. ഓസ്‌ട്രേലിയയില്‍ കളിച്ച് അനുഭവസമ്പത്തുള്ള റിഷഭ് പന്ത് നേടുന്ന റണ്‍സ് മത്സര ഫലത്തെ മാറ്റിമറിക്കുന്നതാവും. റിഷഭിനെ ഓസീസ് ബൗളര്‍മാരും ഭയക്കുന്നുണ്ടെന്ന് നിസംശയം പറയാം.
ഇത്തവണ ഓസീസ് രണ്ടും കല്‍പ്പിച്ച്
അവസാന രണ്ട് തവണത്തേയും പിഴവ് ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാനാണ് ഓസ്‌ട്രേലിയ ശ്രമിക്കുന്നത്. അതിനായി സൂപ്പര്‍ താരങ്ങളുടെ ഫിറ്റ്‌നസിലടക്കം വലിയ ശ്രദ്ധ നല്‍കാന്‍ ഓസീസ് ഇപ്പോഴേ പദ്ധതികള്‍ മെനയുന്നു. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസീസ് ടീമില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, നതാന്‍ ലിയോണ്‍ എന്നിവര്‍ ബൗളിങ് കരുത്ത് പകരുന്നു.
ബാറ്റിങ് നിരയിലെ ട്രാവിസ് ഹെഡിന്റെ സാന്നിധ്യം ഓസീസിന് വലിയ കരുത്ത് പകരുമെന്നുറപ്പാണ്. ഇന്ത്യയുടെ ബൗളിങ് നിരയില്‍ മുഹമ്മദ് ഷമിയുടെ അസാന്നിധ്യമുണ്ടായാല്‍ അത് കടുത്ത തിരിച്ചടിയായേക്കും. എന്തായാലും ഇന്ത്യക്ക് ഇത്തവണ കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്ന് ഉറപ്പാണ്.