സിഡ്‌നി: ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്കായുള്ള മുന്നൊരുക്കത്തിലേക്ക് ഇന്ത്യന്‍ ടീം കടന്നിരിക്കുകയാണ്. അവസാന രണ്ട് തവണയും ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാനായിരുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്. സ്വന്തം തട്ടകത്തില്‍ ന്യൂസീലന്‍ഡിനോട് രണ്ട് മത്സരങ്ങള്‍ തോറ്റ ഇന്ത്യ 12 വര്‍ഷത്തിന് ശേഷം നാട്ടില്‍ പരമ്പര കൈവിടുകയും ചെയ്തു. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയയില്‍ ഇത്തവണ പരമ്പര നേട്ടം ഇന്ത്യക്ക് കടുപ്പമായിരിക്കും.
ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളും മോശം ഫോമിലാണുള്ളത്. വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ തുടങ്ങിയ സീനിയര്‍ താരങ്ങളെല്ലാം മോശം ഫോമിലൂടെയാണ് കടന്ന് പോകുന്നത്. ഇത്തവണ എന്ത് വിലകൊടുത്തും ഇന്ത്യയെ തോല്‍പ്പിക്കുമെന്ന കടുത്ത നിലപാടിലാണ് ഓസ്‌ട്രേലിയയുള്ളത്. നായകന്‍ പാറ്റ് കമ്മിന്‍സ് ഇത് തുറന്ന് പറയുകയും ചെയ്തു. ഇന്ത്യ അവസാനമായി രണ്ട് തവണ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോഴും റിഷഭ് പന്തിന്റെ പ്രകടനമാണ് നിര്‍ണ്ണായകമായത്.
പേസര്‍മാരോടൊപ്പം റിഷഭ് പന്ത് അത്ഭുതകരമായ ഇന്നിങ്‌സ് കാഴ്ചവെച്ചതോടെ ഗാബയിലെ ഓസീസിന്റെ കുത്തകയടക്കം തകര്‍ക്കാന്‍ ഇന്ത്യക്കായി. എന്നാല്‍ 2020-21 ലെ ടെസ്റ്റ് പരമ്പര ഇന്ത്യ നേടാന്‍ കാരണം റിഷഭ് പന്തോ മുഹമ്മദ് സിറാജോ അല്ലെന്നും അത് മറ്റൊരു ഇന്ത്യന്‍ താരമാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ നായകനായ ടിം പെയ്ന്‍.
പുജാരയാണ് ഞങ്ങളെ പ്രയാസപ്പെടുത്തിയത്
ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയതിന് പ്രധാന കാരണം ചേതേശ്വര്‍ പുജാരയുടെ ബാറ്റിങ്ങാണെന്നാണ് ടിം പെയ്ന്‍ പറയുന്നത്. 'എന്താണ് ഞാന്‍ ഓര്‍ക്കേണ്ടത്. നിരവധി ആളുകള്‍ റിഷഭ് പന്താണ് ഇന്ത്യയെ ഓസ്‌ട്രേലിയയില്‍ ജയിപ്പിച്ചതെന്ന് പറയുന്ന കേള്‍ക്കാം. എന്നാല്‍ അത് ചേതേശ്വര്‍ പുജാരയാണ്. പേസര്‍മാരെ അവന്‍ കുഴപ്പിച്ചു. അവന്റെ ശരീരത്തിലെറിഞ്ഞിട്ടും തലയുയര്‍ത്തി നിന്നു. ഇപ്പോഴും അവന് ടെസ്റ്റ് ടീമിലൊരു സ്ഥാനം നല്‍കാവുന്നതാണ്' ടിം പെയ്ന്‍ പറഞ്ഞു.
ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ പരമ്പര വിജയത്തിന്റെ വലിയൊരു വിഭാഗം കൈയടിയും റിഷഭ് പന്താണ് നേടിയത്. എന്നാല്‍ പുജാരയും വലിയ കൈയടി അര്‍ഹിക്കുന്നുണ്ടായിരുന്നു. ഓസ്‌ട്രേലിയയുടെ കരുത്തുറ്റ് ബൗളിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കിയത് പുജാരയുടെ ബാറ്റിങ്ങാണ്. ക്ഷമയോടെ ബാറ്റ് ചെയ്യാന്‍ പുജാരക്ക് സാധിക്കുമായിരുന്നു. പതിയെ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ ശേഷിയുള്ള പുജാരയെപ്പോലൊരു താരത്തിന്റെ അഭാവം ഇന്ത്യയുടെ നിലവിലെ ടെസ്റ്റ് ടീമിലുണ്ടെന്ന് തന്നെ പറയാം.

പുജാര ഇന്ത്യയുടെ നട്ടെല്ലായി
ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ പുജാര നട്ടെല്ലായെന്ന് തന്നെ പറയാം. 2020-21ലെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ മൂന്നാം നമ്പറില്‍ ഇന്ത്യക്കായി കസറിയത് പുജാരയാണ്. എന്നാല്‍ മാച്ച്് വിന്നര്‍ പ്രകടനത്തോടെ റിഷഭ് ഹീറോയായി. 68.50 ശരാശരിയില്‍ 274 റണ്‍സാണ് റിഷഭ് നേടിയത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടും. 97, 89* പ്രകടനങ്ങള്‍ അവസാന രണ്ട് ടെസ്റ്റിലാണ് പുജാര കാഴ്ചവെച്ചത്. സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തിലും ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ റിഷഭിന് സാധിച്ചിരുന്നു.
ഇതാണ് 2-1ന് പരമ്പര നേടാന്‍ ഇന്ത്യയെ സഹായിച്ചതെന്ന് പറയാം. പുജാര 33.87 ശരാശരിയില്‍ 271 റണ്‍സാണ് നേടിയത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടും. നേടിയ റണ്‍സിനെക്കാളും എടുത്തു പറയേണ്ടത് പുജാര നേരിട്ട പന്തുകളുടെ എണ്ണമാണ്. 928 പന്തുകളാണ് ക്ഷമയോടെ പുജാര പരമ്പരയില്‍ നേരിട്ടത്. ഇന്ത്യയുടെ മറ്റ് താരങ്ങള്‍ക്ക് റണ്‍സുയര്‍ത്താന്‍ പുജാരയുടെ പ്രകടനം ടീമിനെ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം.
ഷമിയുടെ അഭാവം ഇന്ത്യക്ക് തിരിച്ചടി
ഇത്തവണ ഇന്ത്യക്ക് തിരിച്ചടിയാവുന്ന കാര്യം മുഹമ്മദ് ഷമിയുടെ അഭാവമായിരിക്കുമെന്നാണ് ടിം പെയ്ന്‍ പറയുന്നത്. ' ഇത്തവണത്തെ ഇന്ത്യന്‍ ടീമിലെ വലിയ വ്യത്യാസം മുഹമ്മദ് ഷമിയുടെ അഭാവമാണ്. ഷമിയുടെ അഭാവത്തില്‍ വലിയ ഭാരം ജസ്പ്രീത് ബുംറയിലേക്ക് എത്തിപ്പെടും' ടിം പെയ്ന്‍ പറഞ്ഞു. പരിക്കേറ്റ് വിശ്രമത്തിലുള്ള ഷമി ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഠിന ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചില്ല. ഇത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണെന്ന് നിസംശയം പറയാം.