IND vs AUS: കോലിയും റിഷഭുമല്ല, ഇന്ത്യയുടെ മാച്ച് വിന്നര്‍ അവന്‍! പ്രവചനവുമായി കുംബ്ലെ
മുംബൈ: ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ടെസ്റ്റ് പരമ്പരക്കായുള്ള മുന്നൊരുക്കത്തിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പതിയെ കടക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും പരമ്പര നേടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് പറയാം. എന്നാല്‍ ഇതൊട്ടും എളുപ്പമല്ല.
ഓസ്‌ട്രേലിയയെ അവരുടെ മടയില്‍ തോല്‍പ്പിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യം തന്നെയാണ്. ഇത്തവണയും ഇന്ത്യക്കൊപ്പം മികച്ച താരനിരയുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കുന്ന താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. യശ്വസി ജയ്‌സ്വാളില്‍ ഇന്ത്യ ഇത്തവണ വലിയ പ്രതീക്ഷവെക്കുന്നു.
ഓപ്പണര്‍ റോളില്‍ മിന്നല്‍ പ്രകടനം നടത്തുന്ന ജയ്‌സ്വാള്‍ ഓസ്‌ട്രേലിയയില്‍ ഈ മികവ് ആവര്‍ത്തിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ജയ്‌സ്വാള്‍ മിന്നിക്കുമോയെന്ന് വിലയിരുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും സൂപ്പര്‍ സ്പിന്നറുമായ അനില്‍ കുംബ്ലെ
ജയ്‌സ്വാള്‍ കടന്നാക്രമിച്ച് കളിക്കണം
യശ്വസി ജയ്‌സ്വാള്‍ തന്റെ ശൈലി മാറ്റി കളിക്കരുത്. അവന്‍ അതിന് തയ്യാറാവുമെന്ന് എനിക്ക് തോന്നുന്നില്ല. ഓസ്‌ട്രേലിയയില്‍ ആദ്യമായാണ് അവന്‍ ടെസ്റ്റ് പരമ്പര കളിക്കാന്‍ പോകുന്നത്. രണ്ട് തവണ ഇന്ത്യ ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയാണ് ഇത്തവണ ഇറങ്ങുന്നത്. ഈ ആത്മവിശ്വാസം ജയ്‌സ്വാളിന് വളരെയധികം ഗുണം ചെയ്യും. മുമ്പൊക്കെ ടീം ഓസ്‌ട്രേലിയയിലേക്കെത്തുമ്പോള്‍ നേരത്തെ ഏറ്റ തോല്‍വികളുടെ ഭാരം ഉണ്ടാവാറുണ്ട്. എന്നാല്‍ ഇത്തവണ അത്തരത്തിലൊരു പ്രശ്‌നം ഈ ടീമിനില്ല' കുംബ്ലെ പറഞ്ഞു.
യശ്വസി ജയ്‌സ്വാള്‍ വിക്കറ്റ് പോവുമോയെന്ന് ഭയന്ന് കളിക്കുന്ന താരമല്ല. ടീം ജയ്‌സ്വാളില്‍ നിന്ന് ആവശ്യപ്പെടുന്നതും ഇത് തന്നെയാവും. തുടക്കത്തിലേ ഓസീസ് ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിച്ചാല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കത് വളരെയധികം ഗുണം ചെയ്യും. ഇതിന് സാധിക്കുന്ന താരമാണ് ജയ്‌സ്വാള്‍. തുടക്കത്തിലേ ജയ്‌സ്വാള്‍ ആധിപത്യം നേടിയാല്‍ പിന്നാലെ എത്തുന്നവര്‍ക്ക് അത് വളരെയധികം ഗുണം ചെയ്യും. ഇന്ത്യയുടെ മാച്ച് വിന്നറായി മാറാന്‍ ശേഷിയുള്ളവനാണ് ജയ്‌സ്വാളെന്ന് പറയാം.

ഓസ്‌ട്രേലിയയില്‍ ജയ്‌സ്വാള്‍ മാച്ച് വിന്നറാവും
ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ മാച്ച് വിന്നറാവാന്‍ ജയ്‌സ്വാളിന് സാധിക്കും. അവന്റെ റണ്‍സിനായുള്ള ദാഹവും സാങ്കേതിക മികവും ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. അവന്‍ ഓസ്‌ട്രേലിയന്‍ പിച്ചില്‍ മികവ് കാട്ടാതിരിക്കാനുള്ള ഒരു കാരണവും ഞാന്‍ കാണുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ സ്ഥിരതയോടെ കളിക്കുന്നവനാണ് ജയ്‌സ്വാള്‍. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ശ്രദ്ധയോടെയാണ് അവന്‍ കളിച്ചത്. പിച്ച് പേസര്‍മാര്‍ക്ക് അനുകൂലമാണെങ്കില്‍ സ്വാഭാവികമായ ആക്രമണോത്സക ശൈലിയിലാവും അവന്‍ കളിക്കുക.
ഓസീസ് ബൗളര്‍മാരില്‍ നിന്ന് മത്സരം പിടിച്ചെടുക്കാന്‍ കഴിവുള്ളവനാണ് ജയ്‌സ്വാള്‍. ഓസീസില്‍ മറ്റ് സെന രാജ്യങ്ങളെക്കാള്‍ കൂടുതല്‍ ബൗണ്‍സ് പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ ഇതിനെ നേരിടാന്‍ തയ്യാറാവേണ്ടതായുണ്ട്' കുംബ്ലെ പറഞ്ഞു. ഓസീസ് നിരയില്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരെല്ലാം അതിവേഗ പേസര്‍മാരാണ്. ഇവരുടെ ബൗളിങ് മികവ് ഇന്ത്യക്ക് വലിയ തലവേദനയായിരിക്കുമെന്ന് നിസംശയം പറയാം.
ജയ്‌സ്വാളിന്റെ ഫോം ഗംഭീരം
യശ്വസി ജയ്‌സ്വാളിന്റെ സമീപകാല ഫോം പരിഗണിക്കുമ്പോള്‍ ഓസീസിലും കസറാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം ടെസ്റ്റിലേക്ക് വരവറിയിച്ച ജയ്‌സ്വാള്‍ 11 ടെസ്റ്റില്‍ നിന്ന് 1217 റണ്‍സാണ് നേടിയത്. മൂന്ന് സെഞ്ച്വറികളും ഏഴ് അര്‍ധ സെഞ്ച്വറികളും ജയ്‌സ്വാള്‍ നേടിയിട്ടുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയില്‍ ജയ്‌സ്വാള്‍ നിരാശപ്പെടുത്തിയിരുന്നു. ഓസീസ് പര്യടനം ജയ്‌സ്വാളിന്റെ കരിയറില്‍ വളരെ നിര്‍ണ്ണായകമാവുമെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications