മെല്‍ബണ്‍: ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റ് 26 മുതല്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ സര്‍പ്രൈസ് മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ആറാം നമ്പറില്‍ ഇറങ്ങി ഫ്‌ളോപ്പായി മാറിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു പുതിയ റോളാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. നാലാമങ്കത്തില്‍ ഇന്ത്യയുടെ ടീം കോമ്പിനേഷനെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തുകയായിരുന്നു ചോപ്ര.
അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ മൂന്നു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യയും ഓസ്‌ട്രേലിയയും 1-1നു ഒപ്പം നില്‍ക്കുകയാണ്. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന്റെ ആധികാരിക ജയം കൊയ്തപ്പോള്‍ രണ്ടാം ടെസ്റ്റില്‍ പത്തു വിക്കറ്റിനു ജയിച്ച് ഓസീസ് തിരിച്ചടിക്കുകയായിരുന്നു. എന്നാല്‍ ഗാബയിലെ മൂന്നാം ടെസ്റ്റില്‍ ഇരുവരും സമനില സമ്മതിച്ചാണ് പിരിഞ്ഞത്.

രോഹിത്തും ഗില്ലും
ഈ പരമ്പരയില്‍ മോശം ഫോമിലുള്ള നായകന്‍ രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ എന്നിവര്‍ക്കു പകരം ധ്രുവ് ജുറേല്‍, സര്‍ഫറാസ് ഖാന്‍ എന്നിവരെ ഇന്ത്യ കളിപ്പിക്കണമോയെന്ന ചോദ്യത്തിന് ഇതിന്റെ ആവശ്യമില്ലെന്നായിരുന്നു ആകാശ് ചോപ്രയുടെ മറുപടി. പകരം ബാറ്റിങ് ഓര്‍ഡറില്‍ അദ്ദേഹമൊരു മാറ്റം നിര്‍ദേശിക്കുകയും ചെയ്തു.
നാലാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ അസാധാരണമായി ഒന്നും തന്നെ സംഭവിക്കാന്‍ പോവുന്നില്ല, അങ്ങനെ സംഭവിക്കാനും പാടില്ല. ഏഷ്യക്കു പുറത്ത് കഴിഞ്ഞ 16 ടെസ്റ്റ് ഇന്നിങ്‌സുകളിലായി ശുഭ്മന്‍ ഗില്‍ ഒരു ഫിഫ്റ്റി പ്ലസ് പോലും നേടിയിട്ടില്ലെന്നതു എനിക്കു മനസ്സിലാവും. അവന്‍ ഒരുപാട് റണ്‍സ് നേടുമെന്നു നിങ്ങള്‍ക്കു വലിയ പ്രതീക്ഷകളുമുണ്ടായിരിക്കും. എന്നാല്‍ ഇപ്പോഴത്തെ കാര്യങ്ങളില്‍ മാറ്റം വരിക തന്നെ ചെയ്യുമെന്നും ചോപ്ര പറഞ്ഞു.
എന്നിരുന്നാലും ഗില്ലിന്റെ ടീമിലെ സ്ഥാനത്തില്‍ മാറ്റമുണ്ടാവുമോ? ഇല്ലെന്നായിരിക്കും ഉത്തരം. നിങ്ങള്‍ക്കു രോഹിത് ശര്‍മയെ ഒരിക്കലും പ്ലെയിങ് ഇലവനില്‍ നിന്നും പുറത്താക്കാന്‍ കഴിയില്ല. ക്യാപ്റ്റനെക്കുറിച്ച് ആരെങ്കിലും ആ തരത്തില്‍ സംസാരിക്കുമോ? എങ്കിലും രോഹിത്തിന് അടുത്ത ടെസ്റ്റില്‍ ഒരു കാര്യത്തെക്കുറിച്ച് ചിന്തിക്കാം. അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മുന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങണം. ശുഭ്മനെ ബാറ്റിങില്‍ താഴേക്കും ഇറക്കാമെന്നും ചോപ്ര വ്യക്തമാക്കി.
പെര്‍ത്തില്‍ ഇന്ത്യ ജയിച്ച ആദ്യ ടെസ്റ്റില്‍ നിന്നും വിട്ടുനിന്ന രോഹിത് രണ്ടാം ടെസ്റ്റിലാണ് ടീമിനൊപ്പം ചേര്‍ന്നത്. കെഎല്‍ രാഹുല്‍ - യശസ്വി ജയ്‌സ്വാള്‍ ജോടി ഓപ്പണിങില്‍ ക്ലിക്കായതിനാല്‍ അദ്ദേഹം ഓപ്പണിങില്‍ നിന്നും ആറാം നമ്പറിലേക്കു ഇറങ്ങുകയായിരുന്നു. പക്ഷെ തന്റെ പഴയ ബാറ്റിങ് പൊസിഷനില്‍ രോഹിത് വന്‍ ഫ്‌ളോപ്പായി തീര്‍ന്നു. ഇതിനകം കളിച്ച മൂന്നിങ്‌സുകളില്‍ 6.33 എന്ന ദയനീയ ശരാശരിയില്‍ അദ്ദേഹം 60 റണ്‍സ് മാത്രമേ നേടിയിട്ടുള്ളൂ.

സര്‍ഫറാസിനോടു സഹതാപം
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യക്കായി കളിക്കാന്‍ ഇനിയും അവസരം ലഭിച്ചിട്ടില്ലാത്ത സര്‍ഫറാസ് ഖാന്റെ കാര്യത്തില്‍ തനിക്കു സഹതാപമുണ്ടെന്നു ആകാശ് പ്രോപ്ര പറഞ്ഞു. സര്‍ഫറാസിേേനാടു എനിക്കു ചെറിയ സഹതാപം തോന്നുകയാണ്.
പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ അവനെ ഇന്ത്യക്കു കളിപ്പിക്കാമായിരുന്നു. ഒരു ട്രയല്‍ പോലും നല്‍കാതെയാണ് സര്‍ഫറാസിനെ പുറത്തിരുത്തിയത്. ഇവിടെ അവന്‍ ക്ലിക്കാവുമോയെന്നതു അവസരം നല്‍കിയാല്‍ മാത്രമേ മനസ്സിലാവുകയുള്ളൂവെന്നും ചോപ്ര നിരീക്ഷിച്ചു.
ധ്രുവ് ജുറേലിനും സര്‍ഫറാസ് ഖാനും അവസരത്തിനായി കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു പേരുടെയും പ്രകടനത്തിന്റെ കാര്യത്തില്‍ ഞാനും വലിയ ആത്മവിശ്വാസത്തിലൊന്നുമല്ല. പക്ഷെ എന്റെ ആത്മവിശ്വാസം എന്തു വ്യത്യാസമാണ് ഉണ്ടാക്കാന്‍ പോവുന്നത്?
നിങ്ങള്‍ ഒരാള്‍ക്കു അവസരം നല്‍കിയ ശേഷം അയാള്‍ പെര്‍ഫോം ചെയ്തില്ലെങ്കില്‍ മറ്റൊരാളെ കളിപ്പിക്കുകയാണ് വേണ്ടത്. അവനു അവസരം ഇനിയും ലഭിച്ചിട്ടില്ല, ഇനിയതു കിട്ടുമെന്നു എനിക്കു തോന്നുകയും ചെയ്യുന്നില്ല. ധ്രുവ് ജുറേലിനും സര്‍ഫറാസ് ഖാനും തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കേണ്ടി വരുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.