IND vs AUS: ജയ്‌സ്വാള്‍ വേണ്ട! രഹാനെക്കും പുജാരക്കും പകരക്കാര്‍ ഇവര്‍; തിരഞ്ഞെടുത്ത് കാര്‍ത്തിക്
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്ക് വേണ്ടിയുള്ള മുന്നൊരുക്കത്തിലേക്ക് ഇന്ത്യന്‍ ടീം കടന്ന് കഴിഞ്ഞു. സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയും ഫിറ്റ്‌നസ് നിലനിര്‍ത്തിയുമെല്ലാം താരങ്ങളെ മാനസികമായി പരമ്പരക്ക് സജ്ജമാക്കുകയാണ് ഇന്ത്യ ചെയ്യുന്നത്. ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അവസാന രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു.
അതുകൊണ്ടുതന്നെ പകരം വീട്ടാന്‍ കാത്തിരിക്കുകയാണ് ഓസ്‌ട്രേലിയ. ഇത് മുന്നില്‍ക്കണ്ട് ശക്തമായ മുന്നൊരുക്കത്തോടെയും ഏറ്റവും മികച്ച ടീമോടെയും ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പോവുക. പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റേയും കരുത്ത് പരീക്ഷിക്കപ്പെടുന്ന പരമ്പരയായിരിക്കുമിത്. എന്നാല്‍ അവസാന രണ്ട് തവണയും ഇന്ത്യ ഓസീസ് പരമ്പര നേടിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന ചിലരുടെ അഭാവം ഇത്തവണ ടീമിനെ പ്രതിസന്ധിയിലാക്കുന്നു.
അത് ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയുമാണ്. സീനിയര്‍ താരങ്ങളായ രണ്ട് പേരുടേയും അഭാവം ഇന്ത്യയെ പിന്നോട്ടടിക്കുന്ന കാര്യങ്ങളിലൊന്നാണ്. ഇവര്‍ മോശം ഫോമിനെത്തുടര്‍ന്ന് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ്. ഇനിയൊരു തിരിച്ചുവരവും പ്രയാസമാണ്. ഇവര്‍ക്ക് പകരക്കാരായി ഇന്ത്യ ആരെ പരിഗണിക്കുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. യശ്വസി ജയ്‌സ്വാളിനെ ടീമിലേക്ക് കൊണ്ടുവരണമെന്നതാണ് കൂടുതല്‍ പ്രമുഖരും അഭിപ്രായപ്പെടുന്നത്.
കടന്നാക്രമിക്കാന്‍ ശേഷിയുള്ള ജയ്‌സ്വാള്‍ ഓപ്പണിങ്ങില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ്. അവസാന ഇംഗ്ലണ്ട് പരമ്പരയിലടക്കം മികവ് കാട്ടാന്‍ ജയ്‌സ്വാളിനായിരുന്നു. എന്നാല്‍ ജയ്‌സ്വാള്‍ ഓസ്‌ട്രേലിയയില്‍ പരമ്പരയില്‍ വേണ്ടെന്നും പുജാരക്കും രഹാനെക്കും പകരക്കാരായി ആരൊക്കെ വേണമെന്നും നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ ദിനേഷ് കാര്‍ത്തിക്. ശുബ്മാന്‍ ഗില്ലും സര്‍ഫറാസ് ഖാനും വരണമെന്നാണ് കാര്‍ത്തിക് നിര്‍ദേശിക്കുന്നത്.

'ശുബ്മാന്‍ ഗില്‍, സര്‍ഫറാസ് ഖാന്‍ എന്നിവരാണ് രഹാനെക്കും പുജാരക്കും പകരക്കാരനാവേണ്ടത്. അവസാന ഇംഗ്ലണ്ട് പരമ്പരയില്‍ ഇവര്‍ മികച്ച പ്രകടനം നടത്തിയവരാണ്. ഇരുവരും ഓസ്‌ട്രേലിയക്കുള്ള വിമാനത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം വേണം. ഏറ്റവും മികച്ച പ്രകടനം നടത്താന്‍ ഇവര്‍ ശ്രമിക്കണം. ഇവര്‍ക്ക് രഹാനെയുടേയും പുജാരയുടേയും പകരക്കാരാവാന്‍ സാധിക്കുമെന്ന് നമുക്കറിയാം. വലിയ വിടവാണ് നികത്തേണ്ടത്. എന്നാല്‍ ഇവര്‍ക്ക് അതിനുള്ള യോഗ്യതയും ശേഷിയുമുണ്ട്' ദിനേഷ് കാര്‍ത്തിക് പറഞ്ഞു.
ഗില്ലിനെ ഇതിനോടകം മൂന്നാം നമ്പറിലേക്ക് ഇന്ത്യ വളര്‍ത്തിയിട്ടുണ്ട്. ഓപ്പണിങ്ങിലേക്ക് ജയ്‌സ്വാള്‍ എത്തിയപ്പോള്‍ ഗില്‍ മൂന്നാം നമ്പറിലേക്കെത്തിയിരുന്നു. നേരത്തെ മൂന്നാം നമ്പറില്‍ കളിച്ച് കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് ഗില്‍. എന്നാല്‍ പുജാരയെപ്പോലെ ഏറെ നേരം ക്ഷമയോടെ പിടിച്ചുനിന്ന് കളിക്കാന്‍ ഗില്ലിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഓസ്‌ട്രേലിയയില്‍ നേരത്തെ കളിച്ച് അനുഭവസമ്പത്തും അവകാശപ്പെടാന്‍ ഗില്ലിന് സാധിക്കും.
പുജാരക്ക് പകരം ഗില്ലിനെത്തന്നെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. അതേ സമയം അജിന്‍ക്യ രഹാനെക്ക് പകരം ആരെന്നതാണ് കണ്ടറിയേണ്ടത്. ഗൗതം ഗംഭീര്‍ മധ്യനിരയിലേക്ക് സൂര്യകുമാര്‍ യാദവിനെ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ടി20 നായകനായ സൂര്യകുമാര്‍ യാദവിനെ ടെസ്റ്റിലേക്ക് കൊണ്ടുവരാനായാണ് അദ്ദേഹത്തെ ആഭ്യന്തര ക്രിക്കറ്റിലടക്കം കളിപ്പിക്കുന്നത്. എന്നാല്‍ സര്‍ഫറാസ് ഖാന്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമാണ്.
അതുകൊണ്ടുതന്നെ സര്‍ഫറാസിനേയും പരിഗണിക്കുന്നുണ്ട്. ഇവരോടൊപ്പം ദ്രുവ് ജുറേലും പരിഗണിക്കപ്പെടുന്നു. ജുറേല്‍ ഇംഗ്ലണ്ട് പരമ്പരയില്‍ തിളങ്ങിയിരുന്നു. ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. മികച്ച പേസ് കരുത്തോടെ ഇറങ്ങുന്ന ഓസ്‌ട്രേലിയയെ വീഴ്ത്താന്‍ ബാറ്റിങ് നിര ഉണരേണ്ടതായുണ്ട്. റിഷഭ് പന്തിന് പഴയ മികവ് അവകാശപ്പെടാനാവാത്തതും പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ഇത്തവണ പരമ്പര നേട്ടം ഇന്ത്യക്ക് കടുപ്പമാവുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications