സിഡ്‌നി: റെഡ് ബോള്‍ ക്രിക്കറ്റില്‍ ടീം ഇന്ത്യ ദീര്‍ഘകാലമായി കൈയടക്കി വച്ച ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഒടുവില്‍ വഴുതിപ്പോയിരിക്കുകയാണ്. 10 വര്‍ഷത്തോളായി ഓസ്‌ട്രേലിയക്കു വിട്ടുകൊടുക്കാതെ കാത്തുസൂക്ഷിച്ച ട്രോഫിയാണ് ടീം ഇന്ത്യക്കു ഇപ്പോള്‍ നഷ്ടമായത്. 2015നു ശേഷം ഈ കിരീടം ഇന്ത്യയുടെ പക്കലായിരുന്നു. രണ്ടു തവണ നാട്ടില്‍ ഓസീസിനെ മലര്‍ത്തിയടിച്ച ഇന്ത്യ രണ്ടു തവണ അവരുടെ തട്ടകത്തിലും വിജയക്കൊടി പാറിച്ചു.
ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയേക്കാള്‍ മികച്ച ടീം ഓസീസ് തന്നെയായിരുന്നു. അതുകൊണ്ടു തന്നെ ജയമര്‍ഹിച്ചതും അവരാണെന്നു നിസംശയം പറയാം. ഇന്ത്യയുടെ പരാജയത്തില്‍ പലരും പഴിക്കുന്നത് മുഖ്യ കോച്ച് ഗൗതം ഗംഭീറിനെയാണ്. എന്നാല്‍ ടീമിന്റെ നിരാശാജനകമായ പ്രകടനത്തിന് അദ്ദേഹത്തെ മാത്രം പഴിക്കുന്നത് ശരിയല്ല. ചില താരങ്ങളുടെ മോശം പ്രകടനമാണ് ഇന്ത്യയെ തോല്‍വിയിലേക്കു തള്ളിയിട്ടതെന്നു കാണാം. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

മാനംകാത്തത് രണ്ടു പേര്‍
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ദുരന്തത്തിനു പ്രധാന കാരണക്കാര്‍ ബാറ്റിങ് ലൈനപ്പാണ്. കന്നി ഓസ്‌ട്രേലിയന്‍ പര്യടനം കളിച്ച യുവതാരങ്ങളായ യശസ്വി ജയ്‌സ്വാള്‍, നിതീഷ് റെഡ്ഡി എന്നിവരൊഴികെ മറ്റാരും ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ ഉത്തരവാദിത്വം കാണിച്ചില്ലെന്നു കാണാം. സീനിയര്‍ താരങ്ങള്‍ കുറേക്കൂടി പക്വത കാണിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നെങ്കില്‍ ഇന്ത്യക്കു ഇത്ര വലിയൊരു തിരിച്ചടി ഒരിക്കലും നേരിടില്ലായിരുന്നു.
പരമ്പരയില്‍ ഇന്ത്യയുടെ പ്രധാന സ്‌കോറര്‍മാര്‍ ജയ്‌സ്വാളും നിതീഷുമാണ്. അഞ്ചു ടെസ്റ്റുകളില്‍ നിന്നും 43.44 ശരാശരിയില്‍ 391 റണ്‍സാണ് ജയസ്വാള്‍ അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റിയുമടക്കമാണിത്.
നിതീഷാവട്ടെ അഞ്ചു ടെസ്റ്റുകളിലെ ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും 37.25 ശരാശരിയില്‍ 298 റണ്‍സും നേടി. കന്നി സെഞ്ച്വറിയടക്കമാണിത്. അവസാനത്തെ ചില ഇന്നിങ്‌സുകളില്‍ ഫ്‌ളോപ്പായി മാറിയെങ്കിലും ആദ്യത്തെ നാലു ടെസ്റ്റുകളിലും ഓസീസ് ബൗളിങ് ആക്രമണത്തെ ഏറ്റവും ആത്മവിശ്വാസത്തോടെ നേരിട്ട ഇന്ത്യന്‍ താരങ്ങളിലൊരാള്‍ നിതീഷാണ്.
മറ്റുള്ളവരുടെ റോളെന്ത്?
ഓസ്‌ട്രേലിയയിലെ കടുപ്പമേറിയ സാഹസര്യങ്ങളില്‍ യുവതാരങ്ങളായ യശസ്വി ജയ്‌സ്വാളിനും നിതീഷ് റെഡ്ഡിക്കും നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നുങ്കില്‍ ബാറ്റിങ് ലൈനപ്പിലെ മറ്റുള്ളവര്‍ക്കു എന്തുകൊണ്ടു പറ്റില്ലെന്നതാണ് ചോദ്യം. നേരത്തേ ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ കളിച്ചിട്ടുള്ള അനുഭവ സമ്പത്തുണ്ടായിട്ടും അവര്‍ക്കു തിളങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ഇതു വിമര്‍ശിക്കപ്പെടേണ്ടതു തന്നെയാണ്.
ഇന്ത്യന്‍ ബാറ്റിങിന്റെ നട്ടെല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ആറു പ്രധാനപ്പെട്ട താരങ്ങള്‍ നിറം മങ്ങിയെന്നതാണ് പരമ്പര നഷ്ടപ്പെടാനുള്ള പ്രധാനപ്പെട്ട കാരണം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ശുഭ്മന്‍ ഗില്‍, രവീന്ദ്ര ജഡേജ എന്നിവരാണ് യഥാര്‍ഥത്തില്‍ ടീമിന്റെ പരാജയത്തിനു കാരണക്കാര്‍. പരമ്പരയില്‍ ഇവരില്‍ ആര്‍ക്കും തന്നെ 30ന് മുകളില്‍ പോലും ബാറ്റിങ് ശരാശരിയില്ല. എത്ര മാത്രം പരിതാപകരമാണ് ഇവരുടെ പ്രകടനമെന്നു ഇതു ശരി വയ്ക്കുകയും ചെയ്യുന്നു.

ഏറ്റവും വലിയ ദുരന്തം നായകന്‍ രോഹിത് തന്നെയാണ്. വെറും ആറ് മാത്രമാണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. അഞ്ചിന്നിങ്‌സിലെ സമ്പാദ്യം വെറും 31 റണ്‍സ്. തന്റെ ദയനീയ ഫോം അംഗീകരിച്ച് അവസാന ടെസ്റ്റില്‍ നിന്നും അദ്ദേഹം സ്വയം പിന്‍മാറുകയും ചെയ്തു. രോഹിത് കഴിഞ്ഞാല്‍ മോശം ശരാശരിയുള്ള അടുത്തയാല്‍ ഗില്ലാണ്. 17 മാത്രമാണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരിയെന്നു കാണാം. അഞ്ചിന്നിങ്‌സില്‍ 93 റണ്‍സ് മാത്രമേ ഗില്‍ നേടിയുള്ളൂ.
മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ കോലിയും പഴയ ഫോമിന്റെ ഏഴയലത്തു പോലുമെത്തിയില്ല. 23 ആണ് ഈ പരമ്പരയില്‍ അദ്ദേഹത്തിന്റെ ശരാശരി. ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും സ്‌കോര്‍ ചെയ്യാനായത് 190 റണ്‍സ് മാത്രം. ജഡേജ, റിഷഭ് എന്നിവരുടെ ശരാശരിയും 30ല്‍ താഴെയാണ്. ജഡ്ഡുവിന്റേത് 27 ആണെങ്കില്‍ റിഷഭിന്റെ ശരാശരി 28 ആണ്. ജഡേജ അഞ്ചിന്നിങ്‌സില്‍ 135ഉം റിഷഭ് ഒമ്പതിന്നിങ്‌സില്‍ 255ഉം റണ്‍സ് മാത്രമേ നേടിയുള്ളൂ,
രാഹുലിന്റെ ശരാശരിയാവട്ടെ 30 ആണ്. തുടക്കത്തിലെ ടെസ്റ്റുകളില്‍ അദ്ദേഹം വലിയ പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് ഇതു കാത്തുസൂക്ഷിക്കാനായില്ല. 10 ഇന്നിങ്‌സുകളില്‍ നിന്നും 276 റണ്‍സ് മാത്രമാണ് രാഹുല്‍ സ്‌കോര്‍ ചെയ്തത്.