മെല്‍ബണ്‍: ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ നാലാം മത്സരം മെല്‍ബണില്‍ പുരോഗമിക്കുകയാണ്. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യക്കെതിരേ ആദ്യം ബാറ്റ് ചെയ്യുകയാണ്. ഓസ്‌ട്രേലിയക്കായി ഓപ്പണര്‍ സാം കോന്‍സ്റ്റാസ് ഗംഭീര തുടക്കമാണ് നല്‍കിയത്. 52 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ താരം 65 പന്തില്‍ 60 റണ്‍സോടെയാണ് പുറത്തായത്. ആറ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ ഇന്ത്യന്‍ ബൗളര്‍മാരെ വിറപ്പിച്ചാണ് കോന്‍സ്റ്റാസ് മടങ്ങിയത്.
ജസ്പ്രീത് ബുംറയെ രണ്ട് സിക്‌സുകളടക്കം പറത്തി ഞെട്ടിക്കാനും കോന്‍സ്റ്റാസിനായി. ഇതിനിടെ ഇന്ത്യന്‍ താരങ്ങള്‍ 19കാരനായ അരങ്ങേറ്റത്താരത്തെ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ചതും വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്. വിരാട് കോലി തോളുകൊണ്ട് കോന്‍സ്റ്റാസിനെ ഇടിച്ചപ്പോള്‍ മുഹമ്മദ് സിറാജ് വാക്കുകള്‍ക്കൊണ്ട് യുവതാരത്തെ സ്ലെഡ്ജ് ചെയ്തു. ഇതെല്ലാം മാച്ച് റഫറിക്ക് പരാതിയായി ക്രിക്കറ്റ് ഓസ്‌ട്രേലിയ നല്‍കിയിട്ടുമുണ്ടെന്നാണ് വിവരം.
ഇപ്പോഴിതാ ഇന്ത്യന്‍ താരങ്ങളുമായുള്ള കോന്‍സ്റ്റാസിന്റെ വേക്കേറ്റം വലിയ ചര്‍ച്ചയാകവെ യുവതാരം ഇഷ്ട ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ വെളിപ്പെടുത്തിയ പഴയ വീഡിയോ വൈറലാവുകയാണ്. അത് സച്ചിന്‍ ടെണ്ടുല്‍ക്കറോ വീരേന്ദര്‍ സെവാഗോ രോഹിത് ശര്‍മയോ എംഎസ് ധോണിയോ അല്ല. അത് വിരാട് കോലിയാണെന്നതാണ് കൗതുകകരമായ കാര്യം.
ഇഷ്ട ഇന്ത്യന്‍ താരം വിരാട് കോലി
കോന്‍സ്റ്റാസിന്റെ ഇഷ്ട ക്രിക്കറ്റ് താരം മുന്‍ നായകന്‍ കൂടിയായ വിരാട് കോലിയാണെന്നതാണ് രസകരമായ കാര്യം. കോലിയും കോന്‍സ്റ്റാസും തമ്മിലുള്ള ഉടക്ക് ആദ്യ ദിനം തന്നെ വലിയ ചര്‍ച്ചയാകവെയാണ് പഴയ വീഡിയോ വൈറലാവുന്നത്. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും മികച്ച താരമായി കരുതുന്നത് വിരാട് കോലിയെയാണെന്നും അസാധ്യ പ്രതിഭയാണെന്നുമാണ് കോന്‍സ്റ്റാസ് പറയുന്നത്. ഈ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
തന്റെ ഇഷ്ട ഇന്ത്യന്‍ താരമായ വിരാട് കോലിയുമായിത്തന്നെ കോന്‍സ്റ്റാസിന് അരങ്ങേറ്റ മത്സരത്തില്‍ ഉടക്കേണ്ടി വന്നുവെന്നതാണ് രസകരമായ കാര്യം. കോന്‍സ്റ്റാസിനെ പ്രകോപിപ്പിക്കാനായി മനപ്പൂര്‍വ്വം കോലി തോളില്‍ ഇടിക്കുകയായിരുന്നുവെന്ന് വീഡിയോയില്‍ നിന്ന് വ്യക്തം. അതുകൊണ്ടുതന്നെ കോന്‍സ്റ്റാസിന്റെ ഭാഗത്ത് തെറ്റ് പറയാനാവില്ല. പൊതുവേ കോലി സ്ലെഡ്ജ് ചെയ്യുമ്പോള്‍ മറ്റ് താരങ്ങള്‍ ഒഴിഞ്ഞുമാറാനാണ് ശ്രമിക്കാറ്. എന്നാല്‍ കോന്‍സ്റ്റാസ് അതേ ഭാഷയില്‍ ശക്തമായി തിരിച്ചടിക്കുകയാണ് ചെയ്തത്.

വലിയ ഭാവിയുള്ള താരം
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് ട്രാവിസ് ഹെഡിനെപ്പോലെ മറ്റൊരു താരത്തെക്കൂടി ലഭിച്ചിരിക്കുകയാണെന്ന് പറയാം. ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന താരമാണ് കോന്‍സ്റ്റാസ്. ജസ്പ്രീത് ബുംറക്കെതിരേ റിവേഴ്‌സ് സ്‌കൂപ്പ് കളിക്കുകയെന്നത് വലിയ താരങ്ങള്‍ പോലും ചെയ്യാന്‍ മടിക്കുന്നതാണ്. എന്നാല്‍ ജസ്പ്രീത് ബുംറയെ ഒന്നുമല്ലാതെയാക്കി റിവേഴ്‌സ് സ്‌കൂപ്പിലൂടെ റണ്‍സുയര്‍ത്താന്‍ കോന്‍സ്റ്റാസിന് സാധിച്ചു. ഇതില്‍ നിന്ന് തന്നെ താരത്തിന്റെ പ്രതിഭ വ്യക്തം.
സാഹസിക ഷോട്ട് കളിക്കാനും മടിയില്ലാത്ത കോന്‍സ്റ്റാസ് ഭാവിയില്‍ മൂന്ന് ഫോര്‍മാറ്റിലും ഓസീസിന് കരുത്ത് പകരുമെന്നുറപ്പ്. എന്നാല്‍ ഇപ്പോഴെ യുവതാരത്തെ വിലയിരുത്തുകയെന്നതും ഏറെക്കുറെ അസാധ്യമാണ്. കാരണം അരങ്ങേറ്റ മത്സരത്തിലെ മിന്നിക്കലിന് ശേഷം പല താരങ്ങളും കരിയറില്‍ പിന്നോട്ട് പോയതായി കാണാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ഇപ്പോഴെ വിലയിരുത്തുക പ്രയാസം. എന്തായാലും വലിയ കരിയര്‍ പ്രതീക്ഷ നല്‍കാന്‍ യുവതാരത്തിനായിട്ടുണ്ട്.
ഓസീസ് ഡ്രൈവിങ് സീറ്റില്‍
ആദ്യ ദിനം ഓസ്‌ട്രേലിയയുടെ ആധിപത്യമാണ് മെല്‍ബണില്‍ കാണാനാവുന്നത്. ഒന്നാം ദിനം കളികഴിയുമ്പോള്‍ ആറ് വിക്കറ്റിന് 311 എന്ന ശക്തമായ നിലയിലാണ് ആതിഥേയരായ ഓസ്‌ട്രേലിയ. സ്റ്റീവ് സ്മിത്തും (68*) പാറ്റ് കമ്മിന്‍സുമാണ് (8*) ക്രീസില്‍. മാര്‍നസ് ലബ്യുഷെയ്ന്‍ (72), ഉസ്മാന്‍ ഖ്വാജ (57), സാം കോന്‍സ്റ്റാസ് (60) എന്നിവര്‍ അര്‍ധ സെഞ്ച്വറിയോടെ മിന്നിച്ചു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും ആകാശ് ദീപും ഓരോ വിക്കറ്റുകളും പങ്കിട്ടു.