മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വലിയ പ്രതീക്ഷയോടെ കാണുന്ന ഫിനിഷറാണ് റിങ്കു സിങ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെ വളര്‍ന്നുവന്ന റിങ്കു ഇന്ത്യന്‍ ടീമിലേക്കും വരവറിയിച്ച് കഴിഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യില്‍ അവസാന പന്തില്‍ സിക്‌സര്‍ പറത്തി ഇന്ത്യക്ക് ത്രില്ലിങ് ജയം നേടിക്കൊടുക്കാന്‍ റിങ്കുവിനായി. കെകെആറിനായി ഒരോവറില്‍ അഞ്ച് സിക്‌സര്‍ പറത്തി വിജയം നേടിക്കൊടുത്തിട്ടുള്ള താരമാണ് റിങ്കു.
എംഎസ് ധോണിയുടെ ഫിനിഷിങ് മികവുമായാണ് പലരും റിങ്കുവിനെ താരതമ്യം ചെയ്യുന്നത്. എന്നാല്‍ തന്റെ റോള്‍ മോഡല്‍ ധോണിയല്ലെന്നും അത് സുരേഷ് റെയ്‌നയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് റിങ്കു സിങ്. 'സുരേഷ് റെയ്‌ന ഭയ്യയുടെ വലിയ ആരാധകനാണ് ഞാന്‍. അദ്ദേഹത്തെ പിന്തുടരാനും അനുകരിക്കാനുമാണ് ശ്രമിക്കുന്നത്. എന്റെ ജീവിതത്തിലും കരിയറിലും വലിയ സ്വാധീനം സൃഷ്ടിച്ചിട്ടുള്ള താരമാണ് അദ്ദേഹം.
ക്രിക്കറ്റ് കളിക്കാന്‍ ബാറ്റും പാഡും ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ തന്നെ അദ്ദേഹം എന്നെ സഹായിച്ചിട്ടുണ്ട്. ഒന്നും ചോദിക്കാതെ തന്നെ എനിക്കുവേണ്ടതെല്ലാം റെയ്‌ന ഭയ്യ തന്നിട്ടുണ്ട്. എന്റെ ജീവിതത്തില്‍ ഏറ്റവും കടപ്പാട് അദ്ദേഹത്തോടാണ്. എങ്ങനെയാണ് സമ്മര്‍ദ്ദത്തെ മറികടക്കുകയെന്ന് റെയ്‌ന ഭയ്യയാണ് എനിക്ക് പറഞ്ഞുതന്നത്. 4,5 പന്ത് നേരിട്ട് നിലയുറപ്പിക്കുക. പിന്നെ ഗിയര്‍ ടോപ്പിലേക്കാക്കുക. ആ ഉപദേശം ഐപിഎല്ലിലും ഇപ്പോള്‍ ഇന്ത്യന്‍ ടീമിലും എന്നെ സഹായിക്കുന്നു'- റിങ്കു പറഞ്ഞു.
സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തില്‍ അനായാസം വലിയ ഷോട്ട് കളിക്കാനും ടീമിനെ ജയിപ്പിക്കാനും റിങ്കുവിന് മികവുണ്ട്. സാഹസിക ഷോട്ടുകള്‍ക്ക് ശ്രമിക്കാതെ സാധാരണ ഷോട്ടുകളിലൂടെത്തന്നെ റണ്‍സുയര്‍ത്താന്‍ റിങ്കുവിന് സാധിക്കുന്നു. ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഭാവി റിങ്കുവിന് പ്രതീക്ഷിക്കുന്നു. അനായാസം സിക്‌സര്‍ പറത്തുന്ന റിങ്കുവിന് വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

ടി20 ലോകകപ്പിലെ പ്രതീക്ഷകളെക്കുറിച്ചും റിങ്കു പറഞ്ഞു. 'ഐപിഎല്ലില്‍ അഞ്ച് സിക്‌സുകള്‍ പറത്തി കെകെആറിനെ ജയിപ്പിച്ചതാണ് എന്റെ ജീവിതം മാറ്റിയത്. ഒരോവറില്‍ അഞ്ച് സിക്‌സര്‍ നേടുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ആ പ്രകടനം എന്നെ സംബന്ധിച്ച് വളരെ സവിശേഷമായതാണ്. ടീം റണ്‍സ് പിന്തുടരുകയായിരുന്നു. വിജയത്തിലേക്കെത്തിക്കാനുള്ള അവസാന പ്രതീക്ഷ ഞാനായിരുന്നു. എനിക്ക് ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ സാധിച്ചു.
ടി20 ലോകകപ്പ് കളിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ ഭാവിയെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല. അവസരം ലഭിച്ചാല്‍ പരമാവധി പ്രയോജനപ്പെടുത്താനാവുമെന്ന പ്രതീക്ഷയുണ്ട്. ഏത് ഫോര്‍മാറ്റായാലും ഏത് ടീമായാലും 100 ശതമാനം നല്‍കാനാണ് ആഗ്രഹിക്കുന്നത്. ഇന്ത്യക്കായി കളിക്കുകയെന്നത് ഏതൊരു താരത്തിന്റേയും ആഗ്രഹമാണ്. ഞാനും ആ നിമിഷം വളരെയധികം ആഗ്രഹിച്ചതാണ്. ലോകകപ്പിനുള്ള ടീമില്‍ എന്റെ പേരും ഉള്‍പ്പെടുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്. ആ ലക്ഷ്യത്തിലേക്കെത്താന്‍ കഠിനമായി പരിശ്രമിക്കുന്നു'- റിങ്കു പറഞ്ഞു.
ടി20യില്‍ മാത്രമല്ല ഏകദിനത്തിലും വലിയ കരിയര്‍ അര്‍ഹിക്കുന്ന താരമാണ് റിങ്കു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും റിങ്കുവിന് കഴിവുണ്ട്. പെട്ടെന്ന് ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റാന്‍ സാധിക്കുന്ന അപൂര്‍വ്വം താരങ്ങളിലൊരാളാണ് റിങ്കു. സ്പിന്നര്‍മാരെയും റിങ്കു നന്നായി നേരിടുമെന്നതാണ് എടുത്തു പറയേണ്ടത്. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തനിക്ക് ഇഷ്ടമാണെന്നാണ് റിങ്കു പറയുന്നത്.
'ഞാന്‍ മധ്യനിരയിലാണ് കൂടുതലും ബാറ്റ് ചെയ്യാറുള്ളത്. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങളെ സ്വാഭാവികമായും നേരിടേണ്ടി വരും. ഇത്തരം പ്രയാസമുള്ള സന്ദര്‍ഭങ്ങള്‍ ശീലമാണ്. കെകെആറില്‍ അഭിഷേക് നായര്‍ സാറിന് കീഴില്‍ കഠിനമായി പരിശീലിച്ചിരുന്നു. ഇത് എന്റെ കരിയറില്‍ വളരെയധികം സഹായിച്ചു. നിരവധി കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കാനായി. വ്യത്യസ്ത സാഹചര്യങ്ങള്‍ക്കനുസരിച്ച് ഷോട്ട് കളിച്ച് പഠിച്ചിരുന്നു'- റിങ്കു കൂട്ടിച്ചേര്‍ത്തു.