മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാലത്തെ പ്രകടനങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ നിരാശപ്പെടുത്തുകയാണ്. ന്യൂസീലന്‍ഡിനെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. നാട്ടില്‍ വലിയ ഇടവേളക്ക് ശേഷം ടെസ്റ്റ് പരമ്പര തോറ്റ ഇന്ത്യ പരമ്പരയില്‍ വൈറ്റ് വാഷും നേരിട്ടുവെന്നതാണ് എടുത്തു പറയേണ്ടത്. ഇതോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ക്കും തിരിച്ചടി നേരിട്ടിരിക്കുകയാണ്.
രോഹിത് ശര്‍മയുടെ സമീപകാല ബാറ്റിങ് പ്രകടനങ്ങള്‍ പ്രതീക്ഷക്കൊത്തുള്ളതല്ല. നായകനെന്ന നിലയിലും അദ്ദേഹം പിന്നോട്ട് പോയിരിക്കുകയാണ്. അടുത്ത ഓസ്‌ട്രേലിയന്‍ പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. നാല് മത്സരങ്ങള്‍ ജയിച്ചാലെ ഇന്ത്യക്ക് ഫൈനല്‍ കളിക്കാനാവൂ. പരമ്പര നേടുകയെന്നതും ഇന്ത്യയെ സംബന്ധിച്ച് പ്രയാസമായിരിക്കുകയാണ്. ഓസീസ് പരമ്പരക്ക് ശേഷം ഇന്ത്യ രോഹിത്തിന് പകരക്കാരനെ നായകസ്ഥാനത്തേക്ക് പരിഗണിച്ചേക്കും.
ഇന്ത്യ നിലവില്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റനാക്കിയിരിക്കുന്നത് ജസ്പ്രീത് ബുംറയെയാണ്. എന്നാല്‍ വലിയ നായക മികവ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ക്കുണ്ടെന്ന് പറയാനാവില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് പരിഗണിക്കാവുന്ന ബെസ്റ്റ് നായകന്‍ ആരാണെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.
റിഷഭ് പന്തിനെ ഇന്ത്യ നായകനാക്കണം
നിലവിലെ ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ ഏറ്റവും വിശ്വസ്തനായ താരം റിഷഭ് പന്താണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും ആത്മവിശ്വാസത്തോടെ കളിക്കാന്‍ കഴിവുള്ള താരമാണ് റിഷഭ്. അവസാന രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ റിഷഭിന്റെ പ്രകടനമായിരുന്നു നിര്‍ണ്ണായകമായിരുന്നത്. ഭയമില്ലാതെ ഏത് പിച്ചിലും മുന്നില്‍ നിന്ന് കളിച്ച് നയിക്കാന്‍ റിഷഭിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ റിഷഭിനെ ഇന്ത്യ നായകനാക്കുന്നത് ഗുണം ചെയ്യുമെന്ന് തന്നെ പറയാം.
'നിലവിലെ ഇന്ത്യന്‍ ടീമില്‍ ടെസ്റ്റ് നായകനാവാന്‍ ഏറ്റവും യോഗ്യനായുള്ളത് റിഷഭ് പന്താണ്. എപ്പോഴെല്ലാം ടീം പ്രതിസന്ധിയിലായോ അപ്പോഴക്കെ അവസരത്തിനൊത്തുയര്‍ന്ന് മുന്നില്‍ നില്‍ക്കാന്‍ റിഷഭിന് സാധിച്ചിട്ടുണ്ട്. ഏത് നമ്പറില്‍ ബാറ്റ് ചെയ്താലും മാച്ച് വിന്നിങ് പ്രകടനം നടത്താന്‍ റിഷഭിന് കഴിവുണ്ട്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങി ഏത് പിച്ചിലും തിളങ്ങാന്‍ അവന് കഴിവുണ്ട്. അത് പേസ് പിച്ചായാലും സ്പിന്‍ പിച്ചായാലും' കൈഫ് പറഞ്ഞു.

വിരമിക്കുമ്പോള്‍ റിഷഭ് ഇതിഹാസമാവും
ഇന്ത്യന്‍ ടീം തലമുറ മാറ്റത്തിലേക്ക് കടക്കാന്‍ പോവുകയാണെന്ന് പറയാം. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ കരിയര്‍ അവസാന സമയത്തിലേക്ക് കടന്നിരിക്കുകയാണ്. രണ്ട് പേരും സമീപകാലത്ത് മികച്ച ഫോമിലല്ല. ഓസ്‌ട്രേലിയന്‍ പരമ്പരക്ക് ശേഷം ഇവരുടെ ഭാവിയെക്കുറിച്ച് അന്തിമ തീരുമാനത്തിലേക്കെത്തിയേക്കും. എന്തായാലും രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഇവര്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് തന്നെയാണ് നിലവിലെ പ്രകടനം വ്യക്തമാക്കുന്നത്.
ഇവര്‍ക്ക് ശേഷം ഇന്ത്യയുടെ മുഖമായി മാറുക റിഷഭ് പന്താവും. അടുത്ത ഇതിഹാസമായി റിഷഭ് മാറുമെന്നാണ് കൈഫ് പറയുന്നത്. 'റിഷഭ് പന്ത് തന്റെ അവസാന ടെസ്റ്റ് മത്സരം കളിക്കുമ്പോഴേക്കും അവന്‍ ഇതിഹാസമായി മാറിയിട്ടുണ്ടാവും. അവന്‍ തന്റെ കഴിവ് എത്രത്തോളമാണെന്ന് ഇതിനോടകം തെളിയിച്ചവനാണ്. അവന്‍ ക്രീസിലുണ്ടായിരുന്ന സമയം മുഴുവന്‍ കിവീസ് ഭയപ്പെട്ടിരുന്നു. അവനില്‍ ഞാന്‍ വിശ്വസിക്കുന്നു. രോഹിത് ശര്‍മയുടെ പിന്തുടര്‍ച്ചക്കാരനാവാന്‍ റിഷഭ് പന്തിനാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു' കൈഫ് പറഞ്ഞു.
റിഷഭ് മൂന്ന് ഫോര്‍മാറ്റിലും തിളങ്ങും
റിഷഭ് പന്ത് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി തിളങ്ങാന്‍ കഴിവുള്ള താരമാണ്. കാര്‍ അപകടത്തിന് ശേഷവും ശക്തമായ തിരിച്ചുവരവ് നടത്താന്‍ റിഷഭിനായി. തോറ്റുകൊടുക്കാന്‍ മടിയില്ലാത്ത റിഷഭിന് ഇത്തവണയും ഓസ്‌ട്രേലിയയില്‍ തിളങ്ങാനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. റിഷഭ് ഇത്തവണയും ഓസ്‌ട്രേലിയയില്‍ തിളങ്ങിയാല്‍ അദ്ദേഹത്തിന് നായകസ്ഥാനത്തിലേക്ക് വേഗത്തിലെത്താനായേക്കും. എന്തായാലും വലിയൊരു അഴിച്ചുപണി ഓസീസ് പര്യടനത്തിന് ശേഷം പ്രതീക്ഷിക്കാം.