സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ടെസ്റ്റ് പരമ്പര ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 2-1ന് ഓസ്‌ട്രേലിയയാണ് മുന്നില്‍. ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ജയം ഓസ്‌ട്രേലിയക്കായിരുന്നു. മൂന്നാം മത്സരം മഴക്കളിയെത്തുടര്‍ന്ന് സമനിലയില്‍ കലാശിച്ചപ്പോള്‍ നാലാം മത്സരത്തില്‍ ഓസ്‌ട്രേലിയ വമ്പന്‍ ജയമാണ് നേടിയെടുത്തത്. ഇതോടെ അഞ്ചാം മത്സരം നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്.
അഞ്ചാം മത്സരത്തില്‍ സമനില പിടിക്കാന്‍ ആതിഥേയരായ ഓസീസിനായാല്‍ പരമ്പര തിരിച്ചുപിടിക്കാന്‍ അവര്‍ക്കാവും. എന്നാല്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് സിഡ്‌നി ടെസ്റ്റ് ജയിച്ചാല്‍ മാത്രമെ പരമ്പര നിലനിര്‍ത്താന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ അഞ്ചാം ടെസ്റ്റ് ഇരു കൂട്ടര്‍ക്കും വളരെ പ്രധാനപ്പെട്ടതാണെന്ന് പറയാം. ഇന്ത്യയുടെ നിലവിലെ പ്ലേയിങ് 11നുമായി അഞ്ചാം ടെസ്റ്റിനിറങ്ങിയാല്‍ വലിയ തകര്‍ച്ച നേരിടാന്‍ സാധ്യതയുണ്ട്.
സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യ ചില നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തേണ്ടതായുണ്ട്. ഇപ്പോഴിതാ ഇന്ത്യ പ്ലേയിങ് 11 വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര.
രോഹിത് ശര്‍മ സ്വയം വിശ്രമിക്കണം
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ മോശം ഫോമിലാണുള്ളത്. 10ന് താഴെ ശരാശരിയിലാണ് ഹിറ്റ്മാന്‍ കളിക്കുന്നത്. നിലവിലെ രോഹിത്തിന്റെ പ്രകടനം ടീമിന് ബാധ്യതയായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ നിര്‍ണ്ണായകമായ അഞ്ചാം ടെസ്റ്റില്‍ രോഹിത് ശര്‍മ സ്വയം വിശ്രമിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് ആകാശ് ചോപ്ര. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് ഉചിതമായ തീരുമാനമെടുക്കാന്‍ സാധിക്കണം. മത്സരത്തിന്റെ പ്രാധാന്യവും സ്വന്തം ഫോമും മനസിലാക്കി രോഹിത് വിശ്രമത്തില്‍ പോകുന്നതാണ് നല്ലതെന്നാണ് ആകാശ് പറയുന്നത്.
ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് കെ എല്‍ രാഹുല്‍, യശ്വസി ജയ്‌സ്വാള്‍ എന്നിങ്ങനെയായിരിക്കണമെന്നാണ് ആകാശ് നിര്‍ദേശിക്കുന്നത്. ജയ്‌സ്വാളിനെ തന്റെ സ്വാഭാവിക ശൈലിയില്‍ കസറാന്‍ അനുവിക്കുമ്പോള്‍ കെ എല്‍ രാഹുല്‍ പിടിച്ചുനിന്ന് റണ്‍സുയര്‍ത്തു. ഇവരുടെ ഓപ്പണിങ് കൂട്ടുകെട്ട് മികവ് കാട്ടിയിരുന്നു. എന്നാല്‍ പിന്നീട് രോഹിത്തിനായി നാലാം ടെസ്റ്റില്‍ ഈ ഓപ്പണിങ് കൂട്ടുകെട്ട് മാറ്റുകയായിരുന്നു. ഇതോടെ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്ന രാഹുലും മോശം ഫോമിലേക്ക് കൂപ്പുകുത്തി.

ശുബ്മാന്‍ ഗില്‍ മൂന്നാം നമ്പറിലെത്തണം
നാലാം ടെസ്റ്റില്‍ ഇന്ത്യ തികച്ചും അപ്രതീക്ഷിതമായാണ് ശുബ്മാന്‍ ഗില്ലിനെ ഒഴിവാക്കിയത്. മോശം ഫോമിലായിരുന്ന ഗില്ലിനെ മൂന്നാം നമ്പറില്‍ നിന്ന് മാറ്റിയപ്പോള്‍ കെ എല്‍ രാഹുല്‍ ഈ സ്ഥാനത്തേക്കെത്തി. എന്നാല്‍ ശുബ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്തേക്ക് വരണമെന്നാണ് ആകാശ് ചോപ്ര പറയുന്നത്. ഗില്ലില്‍ ഇനിയും പ്രതീക്ഷയുണ്ടെന്നും സിഡ്‌നിയില്‍ തിളങ്ങാന്‍ ഗില്ലിന് സാധിക്കുമെന്നുമുള്ള പ്രതീക്ഷയാണ് ആകാശ് പങ്കുവെക്കുന്നത്.
ഇന്ത്യ ഗില്ലിനെ തിരികെ വിളിക്കാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ വിദേശ മൈതാനത്ത് വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ഗില്ലിന് സാധിക്കുമെന്ന് കരുതാനാവില്ല. ഓസ്‌ട്രേലിയയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയുള്ള അനുഭവസമ്പത്ത് ശുബ്മാന്‍ ഗില്ലിനുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ സമീപകാല ഫോം വിലയിരുത്തുമ്പോള്‍ വലിയൊരു പ്രകടനം നടത്തുമെന്ന് കരുതാനാവില്ല.
നിതീഷ് കുമാര്‍ ആറാം നമ്പറിലെത്തണം
നിതീഷ് കുമാര്‍ റെഡ്ഡി നാലാം ടെസ്റ്റിലൂടെ ഇന്ത്യയുടെ ഹീറോയായിരുന്നു. എട്ടാമനായി ഇറങ്ങി സെഞ്ച്വറിയോടെ മിന്നിക്കാന്‍ നിതീഷ് കുമാറിന് സാധിച്ചു. നിതീഷിനെ ടോപ് ഓഡറിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്. ഇപ്പോഴിതാ നിതീഷിനെ ഇന്ത്യ ആറാം നമ്പറില്‍ കളിപ്പിക്കണമെന്നാണ് ആകാശ് ചോപ്ര ആവശ്യപ്പെടുന്നത്. നിതീഷിന് ശേഷം രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും കളിക്കുന്നതാണ് നല്ലതെന്നാണ് ആകാശിന്റെ വിലയിരുത്തല്‍.